ഈ ചിത്രത്തിനൊക്കെ എങ്ങനെ സെൻസറിങ് ലഭിച്ചു, സിനിമ മൊത്തം നെഗറ്റീവ്; മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിനെതിരെ ഇടവേള ബാബു

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിലായിരുന്നു ഇടവേള ബാബുവിന്‍റെ വിമർശനം

Update: 2023-01-30 06:14 GMT
Editor : Jaisy Thomas | By : Web Desk

ഇടവേള ബാബു

Advertising

വിനീത് ശ്രീനിവാസൻ നായകനായ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിനെതിരെ വിമർശനവുമായി നടനും അമ്മ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു. സിനിമ മുഴുവനും നെഗറ്റീവാണെന്നും ഇതിന് എങ്ങനെ സെൻസർഷിപ്പ് സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അറിയില്ലെന്നും ഇടവേള ബാബു പറഞ്ഞു. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിലായിരുന്നു ഇടവേള ബാബുവിന്‍റെ വിമർശനം. സിനിമ ഓടുമെന്ന് സംവിധായകന് വിശ്വാസമുണ്ടായിരുന്നുവെന്നും പ്രേക്ഷകരുടെ പോക്ക് എങ്ങോട്ടാണെന്ന് അത്ഭുതം തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''മുകുന്ദൻ ഉണ്ണി എന്നൊരു സിനിമ ഇവിടെ ഇറങ്ങി, അതിന് എങ്ങനെ സെൻസറിങ് ലഭിച്ചെന്ന് എനിക്കറിയില്ല. കാരണം ഫുൾ നെഗറ്റീവാണ്. തുടങ്ങുന്നത് തന്നെ ഞങ്ങൾക്കാർക്കും നന്ദി പറയാനില്ല എന്ന വാചകത്തോടെയാണ്. ക്ലൈമാക്സിലെ ഡയലോഗ് ഞാൻ ആവർത്തിക്കുന്നില്ല. അതിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാൻ പറ്റില്ല. ഈ സിനിമ ഫുൾ നെഗറ്റീവാണ്. അങ്ങനെ ഒരു സിനിമ ഇവിടെ ഓടി. ആർക്കാണ് മൂല്യച്യുതി സംഭവിച്ചത്, പ്രേക്ഷകൾക്കാണോ സിനിമാക്കാർക്കാണോ? പ്രൊഡ്യൂസർക്ക് ലാഭം കിട്ടിയ സിനിമയാണ് അത്. അങ്ങനെ ഒരു സിനിമയെ പറ്റി എനിക്കെന്നും പിന്തിക്കാൻ പറ്റില്ല. ഞാൻ ഇതിനെ പറ്റി വിനീത് ശ്രീനിവാസനോട് വിളിച്ച് ചോദിച്ചു. ഏഴോളം നായകന്മാരോട് ഈ കഥ പറഞ്ഞു. ആരും തയ്യാറായില്ല. പക്ഷേ വിനീതിന് ഒഴിഞ്ഞുമാറാൻ പറ്റില്ല. കാരണം വിനീതിന്‍റെ അസിസ്റ്റന്റാണ് ആ പടം സംവിധാനം ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു. ആ സംവിധായകന് വിശ്വാസമുണ്ടായിരുന്നു ഈ സിനിമ ഓടുമെന്ന്. സിനിമയുടെ പോക്ക് എവിടേക്കാണെന്ന് കുറ്റം പറയുന്നതിനെക്കാൾ എനിക്ക് അത്ഭുതം തോന്നിയത് പ്രേക്ഷകൻ എങ്ങോട്ടേക്കാണ് പോകുന്നതെന്നാണ് ...ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത മുകുന്ദനുണ്ണി അസോസിയേറ്റ്സ് തിയറ്റര്‍ റിലീസിനു ശേഷം ഒടിടിയിലെത്തിയത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. നവംബര്‍ 11നായിരുന്നു ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തത്.ബ്ലാക്ക് കോമഡി ജേണറില്‍ ഉള്‍പ്പെടുന്ന ചിത്രത്തില്‍ രസകരമായ വക്കീല്‍ കഥാപാത്രത്തെയാണ് വിനീത് ശ്രീനിവാസന്‍ അവതരിപ്പിച്ചത്.

ജോയി മൂവിസിന്‍റെ ബാനറില്‍ ഡോക്ടര്‍ അജിത്ത് ജോയിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകന്‍ അഭിനവ് സുന്ദറും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ , തന്‍വിറാം, ജഗദീഷ് , മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ്ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു , നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയാ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്. നേരത്തെ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. 2024 ല്‍ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകാമെന്നാണ് വിനീത് ശ്രീനിവാസന്‍ പറഞ്ഞത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News