ഒരിക്കലും മറക്കാനാവാത്ത നിമിഷം, ഒരുപാട് പേരോട് നന്ദിയുണ്ട്; ദേശീയ പുരസ്കാരം സ്വീകരിച്ച ശേഷം സൂര്യ
നന്ദി പറയാന്‍ ഒരുപാട് പേരുണ്ട്. ആദ്യം തന്നെ സുധയോടാണ് നന്ദി പറയേണ്ടത്
ഡല്‍ഹി: 2020ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ കഴിഞ്ഞ ദിവസമാണ് വിതരണം ചെയ്തത്. സൂരരൈ പോട്ര് എന്ന ചിത്രത്തിലൂടെ തമിഴ് നടന്‍ സൂര്യയാണ് മികച്ച നടനുള്ള അവാര്‍ഡ് ഏറ്റുവാങ്ങിയത്. തന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമെന്നാണ് ഈ മുഹൂര്‍ത്തത്തെ സൂര്യ വിശേഷിപ്പിച്ചത്. പുരസ്കാരം സ്വീകരിച്ച ശേഷം എ.എന്‍.ഐയോട് പ്രതികരിക്കുകയായിരുന്നു താരം.
''ഏറ്റവും വലിയ ബഹുമതി...ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയോടും കേന്ദ്ര സര്‍ക്കാരിനോടും നന്ദിയുണ്ട്. ഒരുപാട് കാര്യങ്ങളാണ് മനസിലൂടെ ഇങ്ങനെ പൊയ്ക്കൊണ്ടിരിക്കുന്നത്. നന്ദി പറയാന്‍ ഒരുപാട് പേരുണ്ട്. ആദ്യം തന്നെ സുധയോടാണ് നന്ദി പറയേണ്ടത്. ഈ ചിത്രം അവളുടെ പത്തു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞാണ്. കോവിഡ് കാലത്ത് ഈ സിനിമ ആളുകള്‍ക്ക് ഒരുപാട് പ്രതീക്ഷകള്‍ നല്‍കി. എന്‍റെ ഭാര്യ ജ്യോതികയോടും നന്ദിയുണ്ട്. ശരിക്കും ഒരിക്കലും മറക്കാനാവാത്ത നിമിഷമാണിത്'' സൂര്യ പറഞ്ഞു.
സുധ കൊങ്കരയാണ് സൂരരൈ പോട്ര് സംവിധാനം ചെയ്തത്. മികച്ച നടനെ കൂടാതെ അപര്‍ണ ബാലമുരളിയിലൂടെ മികച്ച നടിക്കുള്ള പുരസ്കാരവും സൂരരൈ പോട്രിന് ലഭിച്ചിരുന്നു. ആഭ്യന്തര വിമാന സർവീസ് ആയ എയർ ഡെക്കാണിന്‍റെ സ്ഥാപകൻ ജി.ആർ ഗോപിനാഥിന്‍റെ ജീവിതമായിരുന്നു ചിത്രത്തിന്‍റെ പ്രമേയം. ചിത്രത്തില്‍ സൂര്യയുടെ അമ്മയായി അഭിനയിച്ച ഉര്‍വശിയുടെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു.
#WATCH | Actor Suriya, who won National Award for Best Actor for 'Soorarai Pottru' says, "Huge honour. Truly grateful to National Film Award jury & GoI. Lot of emotions running in my mind. I've a lot of people to thank...Getting goosebumps. Truly a moment which I'll never forget" pic.twitter.com/vOTEN4sqws
— ANI (@ANI) September 30, 2022