'ഇംഗ്ലീഷ് വിംഗ്ലീഷി'ന്റെ പത്താം വാർഷികം: ശ്രീദേവിയുടെ സാരികൾ ലേലത്തിന്
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവർത്തിക്കുന്ന എൻജിഒയ്ക്കാണ് ലേലത്തുക നൽകുക
ഏറെ നാളത്തെ ഇടവേളക്ക് ശേഷം ശ്രീദേവി വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് ഇംഗ്ലീഷ് വിംഗ്ലീഷ്. 2012ലിറങ്ങിയ ചിത്രം വൻ വിജയം നേടുകയും ചെയ്തു.
ചിത്രത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ചിത്രത്തിൽ ശ്രീദേവി അണിഞ്ഞിരുന്ന സിഗ്നേച്ചർ സാരികൾ ലേലത്തിന് വയ്ക്കാനൊരുങ്ങുകയാണ് ചിത്രത്തിന്റെ സംവിധായകയായ ഗൗരി ഷിൻഡെ.
2012 ഒക്ടോബർ 5നാണ് ചിത്രം റിലീസ് ചെയ്തത്. ഒക്ടോബർ 10ന് പ്രത്യേക ചടങ്ങിലാണ് സാരികൾ ലേലത്തിന് വയ്ക്കുക. ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിങ്ങും അന്നുണ്ടാവും. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി, ഗൗരിയുടെ നേതൃത്വത്തിൽ തന്നെ പ്രവർത്തിക്കുന്ന എൻജിഒയ്ക്കാണ് ലേലത്തുക നൽകുന്നത്.
ലേലത്തിന് വേണ്ടി താനേറെ നാളുകളായി സാരികൾ സൂക്ഷിച്ച് വച്ചിരിക്കുകയായിരുന്നുവെന്നും ഇതാണ് പറ്റിയ സമയമെന്ന് മനസ്സിലാക്കിയാണ് ലേലം സംഘടിപ്പിക്കുന്നതെന്നും ഗൗരി ഷിൻഡെ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഏറെ ജനശ്രദ്ധ നേടിയ ചിത്രവും കഥാപാത്രവുമായിരുന്നു ഇംഗ്ലീഷ് വിംഗ്ലീഷും അതിൽ ശ്രീദേവി അവതരിപ്പിച്ച ശശി എന്ന കഥാപാത്രവും. സബ്യസാചി മുഖർജിയായിരുന്നു ചിത്രത്തിൽ ശ്രീദേവിയുടെ കോസ്റ്റിയൂം ഡിസൈനർ.