'എത്ര നാള് കാത്തിരുന്നു ഒന്നുകാണുവാന്‍'; തിയറ്ററുകളില്‍ ആടി തകര്‍ത്ത സുലൈഖ മന്‍സിലിലെ ഗാനം പുറത്ത്
ഒരു കാലത്ത് മലബാറില്‍ തകര്‍ത്താടിയ 'എത്ര നാള് കാത്തിരുന്നു ഒന്നു കാണുവാന്‍' എന്ന മാപ്പിളപ്പാട്ടിന്‍റെ പുനരാവിഷ്കരിച്ച പതിപ്പാണ് സുലൈഖ മന്‍സിലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
വലിയ പ്രേക്ഷക പ്രശംസ നേടി തിയറ്ററുകളില്‍ വിജയകരമായി മുന്നേറുന്ന സുലൈഖ മന്‍സിലിലെ പുതിയ ഗാനം പുറത്തിറങ്ങി. ഒരു കാലത്ത് മലബാറില്‍ തകര്‍ത്താടിയ 'എത്ര നാള് കാത്തിരുന്നു ഒന്നു കാണുവാന്‍' എന്ന മാപ്പിളപ്പാട്ടിന്‍റെ പുനരാവിഷ്കരിച്ച പതിപ്പാണ് സുലൈഖ മന്‍സിലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിഷ്ണു വിജയ് ആണ് പുതിയ പതിപ്പിന്‍റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. സലീം കോടത്തൂര്‍ ആയിരുന്നു യഥാര്‍ത്ഥ പതിപ്പ് എഴുതി ആലപിച്ചിരുന്നത്. മുഹ്‍സിന്‍ പരാരിയുടേതാണ് അധിക വരികള്‍. വിഷ്ണു വിജയ് സുലൈഖ മന്‍സിലിന് വേണ്ടി ഗാനം ആലപിക്കുന്നു.
ചിത്രത്തിലെ ആരാരും മനസ്സിൽ നിന്നൊരിക്കലും മറക്കുവാൻ, ഹാലാകെ എന്ന് തുടങ്ങുന്ന ഗാനങ്ങള്‍ക്ക് വലിയ പ്രേക്ഷക പ്രീതി നേടിയിരുന്നു. ഗാനത്തിനൊപ്പം ഇളകി മറിഞ്ഞുള്ള പ്രേക്ഷകരുടെ ചുവടുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ചിത്രത്തിന്‍റെ പ്രമോ ഗാനമായി പുറത്തിറങ്ങിയ ഓളം അപ്പും തരംഗമാണ്.
'തമാശ', 'ഭീമന്‍റെ വഴി' എന്നീ ചിത്രങ്ങൾക്ക് ശേഷം അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ചിത്രമാണ് 'സുലൈഖ മൻസില്‍'. പ്രണയ ചിത്രമായി ഒരുക്കിയ ചിത്രം പഴയ ഹിറ്റ് മാപ്പിളപ്പാട്ടുകളെ തിരികെ കൊണ്ടുവരുന്നുണ്ട്. ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ് ജോസ്, സുബീഷ് കണ്ണഞ്ചേരി, സമീർ കാരാട്ട് എന്നിവർ ചേർന്നാണ് സുലൈഖ മൻസിൽ നിർമിക്കുന്നത്.
കണ്ണൻ പട്ടേരിയാണ് ഛായാഗ്രാഹകൻ. മുഹ്‌സിൻ പരാരിയുടെ വരികൾക്ക് വിഷ്ണു വിജയ് സംഗീതം നൽകുന്നു. അഡീഷണൽ സോങ്‌സ്-രാമമൂർത്തി-ടി.കെ കുറ്റിയാലി, സലിം കൊടത്തൂർ. എഡിറ്റിംഗ്-നൗഫൽ അബ്ദുള്ള. ആർ.ജി വയനാടൻ-മേക്കപ്പ്, കോസ്റ്റ്യൂംസ് - ഗഫൂർ മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടേസ്-ശബരീഷ് വർമ, ജിനു തോമ. തിങ്ക് മ്യൂസിക്കിനാണ് ഓഡിയോ റൈറ്റ്‌സ്. ഡിജിറ്റൽ പി.ആർ-പിക്സൽ ബേർഡ്.