മികച്ച സിനിമ: ഓസ്കര്‍ വാരിക്കൂട്ടി എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്
മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ഉള്‍പ്പെടെ 7 പുരസ്കാരങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്.
ലോസ് ആഞ്ചല്‍സ്: അമേരിക്കയിലെ ലോസ് ആഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ ലോക സിനിമയുടെ പുത്തൻ കിരീടാവകാശികളെ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയത് എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സാണ്. മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ഉള്‍പ്പെടെ 7 പുരസ്കാരങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്.
മികച്ച ചിത്രത്തിനു പുറമെ മികച്ച സംവിധായകൻ, തിരക്കഥ, മികച്ച നടി, സഹനടി, സഹനടൻ, എഡിറ്റിങ് എന്നീ ഏഴു പുരസ്കാരങ്ങളാണ് എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ് സ്വന്തമാക്കിയത്.
10 വിഭാഗങ്ങളിലായി 11 നോമിനേഷനാണ് എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സിനുണ്ടായിരുന്നത്. ഡാനിയേല്‍ ക്വാന്‍, ഡാനിയേല്‍ ഷൈനര്‍ട്ട് എന്നിവരാണ് സിനിമയുടെ സംവിധായകര്‍. ഇതേ സിനിമയിലെ അഭിനയത്തിന് മിഷെല്‍ യോയ്ക്ക് മികച്ച നടിക്കുള്ള ഓസ്കര്‍ ലഭിച്ചു. കി ഹൂയ് ക്വിവാന്‍ മികച്ച സഹനടനായതും ജെയ്മി ലീ കേര്‍ടിസ് മികച്ച സഹനടിയായതും ഇതേ സിനിമയിലെ അഭിനയത്തിലൂടെയാണ്.
ഇതിനു മുന്‍പ് അടുത്ത കാലത്ത് 2009ല്‍ സ്ലം ഡോഗ് ബില്യണറാണ് ഇത്രയധികം ഓസ്കര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയത്. എട്ട് വിഭാഗങ്ങളിലാണ് അന്ന് സ്ലം ഡോഗ് ബില്യണര്‍ പുരസ്കാരം നേടിയത്.