'പുഷ്പ സിനിമ കൊണ്ട് പ്രത്യേകിച്ച് ഒരു നേട്ടവും എനിക്കില്ല'; ഫഹദ് ഫാസിൽ അന്ന് പറഞ്ഞത്
സുകുമാർ സാറിനൊപ്പം ഒരു സിനിമ ചെയ്യാനുള്ള താൽപര്യം കൊണ്ടും അദ്ദേഹത്തോടുള്ള സ്നേഹം കൊണ്ടും മാത്രം ചെയ്ത പടമാണെന്ന് ഫഹദ് വ്യക്തമാക്കിയിരുന്നു
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അല്ലു അർജുൻ ചിത്രം പുഷ്പ 2 റിലീസായിരിക്കുകയാണ്. ചിത്രം വൻ കലക്ഷൻ നേടി മുന്നേറുമ്പോൾ താരങ്ങളുടെ പ്രകടനങ്ങളും സോഷ്യല്‍ മീഡിയയില്‍ വൻ തോതിൽ വിലയിരുത്തപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുഷ്പ സിനിമയെക്കുറിച്ച് ഫഹദ് ഫാസിൽ നേരത്തേ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്. മുമ്പൊരിക്കൽ അനുപമ ചോപ്രക്ക് നൽകിയ അഭിമുഖത്തിലാണ് ഫഹദിന്റെ പരാമർശം.
'പുഷ്പ എന്ന ചിത്രം കൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒരു നേട്ടമുണ്ടായെന്ന് കരുതുന്നില്ല. ഇത് ഞാന്‍ പുഷ്പ സംവിധായകന്‍ സുകുമാര്‍ സാറിനോട് തന്നെ പറഞ്ഞിട്ടുണ്ട്. ഞാനിത് തുറന്നു പറയേണ്ടതുണ്ട്. എനിക്കിത് മറച്ചു വക്കേണ്ട കാര്യമില്ല. ഞാൻ സത്യസന്ധമായി പറയുകയാണ്. ഇവിടെ ഞാൻ ആരോടും അനാദരവ് കാണിക്കുകയല്ല ചെയ്ത വർക്കിനെക്കുറിച്ച് സംസാരിക്കുകയാണ്'- ഫഹദ് പറയുന്നു.
'ഞാൻ എനിക്ക് ചെയ്യാനുള്ളതൊക്കെ ഇവിടെ ചെയ്യുന്നുണ്ട്. ആളുകൾ ‘പുഷ്പ’യിൽ എന്നിൽ നിന്ന് ഒരു മാജിക്ക് പ്രതീക്ഷിക്കുന്നുണ്ടെന്നു എനിക്ക് തോന്നുന്നില്ല. സുകു സാറിനൊപ്പം ഒരു സിനിമ ചെയ്യാനുള്ള താൽപര്യം കൊണ്ടും അദ്ദേഹത്തോടുള്ള സ്നേഹം കൊണ്ടും മാത്രം ചെയ്ത പടമാണ്, അത് അത്രയേ ഉള്ളൂ'- എന്നാണ് ഫഹദ് കൂട്ടിച്ചേർക്കുന്നത്.
ചിത്രത്തില്‍ ഭന്‍വർ സിങ് ഷെഖാവത്ത് എന്ന വില്ലന്‍ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. ഫഹദ് ഫാസിലിന്റെ കഥാപാത്രം പുഷ്പയിൽ അതി ഗംഭീരമായിട്ടുണ്ട് എന്നാണ് റിലീസിന് മുമ്പ് തന്നെ അല്ലു അർജുൻ പറഞ്ഞത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ ഫഹദിന്റെ പ്രകടനം ഏറെ പ്രശംസനീയമായിരുന്നു.
ഡിസംബർ അഞ്ചിനാണ് പുഷ്പയുടെ രണ്ടാം ഭാഗം തിയേറ്ററുകളിലെത്തിയത്. ആദ്യദിനം ഇന്ത്യയിൽ നിന്ന് 175.1 കോടി രൂപയാണ് ചിത്രത്തിന്റെ കലക്ഷൻ. സുകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അല്ലു അർജുന്‍, ഫഹദ് എന്നിവര്‍ക്ക് പുറമെ രശ്മിക മന്ദാന, സുനിൽ, അനസൂയ, ജഗപതി ബാബു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീതമൊരുക്കിയിരിക്കുന്നത്.