സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; ജയസൂര്യ മികച്ച നടൻ, അന്ന ബെൻ നടി
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനാണ് മികച്ച ചിത്രം
തിരുവനന്തപുരം: 2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജയസൂര്യയാണ് മികച്ച നടൻ. അന്ന ബെൻ നടി. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനാണ് മികച്ച ചിത്രം. അയ്യപ്പനും കോശിയുമാണ് കലാമൂല്യമുള്ള ചിത്രം. മൂന്നു മണിക്ക് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
വെള്ളത്തിലെ അഭിനയത്തിനാണ് ജയസൂര്യയ്ക്ക് പുരസ്‌കാരം. കപ്പേളയിലെ പ്രകടനം അന്നയെ പുരസ്‌കാരത്തിന് അർഹയാക്കി. സിദ്ധാർത്ഥ് ശിവയാണ് മികച്ച സംവിധായകൻ. ജിയോ ബേബിയാണ് മികച്ച കഥാകൃത്ത്, ശ്രീരേഖ സ്വഭാവ നടി. സുധീഷ് സ്വഭാവനടൻ. മുഹമ്മദ് മുസ്തഫയാണ് മികച്ച നവാഗത സംവിധായകൻ.
സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയമാണ് മികച്ച രണ്ടാമത്തെ സിനിമ. എന്നിവർ, ഭൂമിയിലെ മനോഹര സ്വകാര്യം എന്നീ ചിത്രങ്ങളിലെ അഭിനയമാണ് സുധീഷിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. വെയിലിലെ അഭിനയത്തിനാണ് ശ്രീരേഖയ്ക്ക് പുരസ്‌കാരം. നിരഞ്ജൻ എസ് ആണ് മികച്ച ആൺ ബാല താരം. പെൺ ബാലതാരം അരവ്യ ശർമ്മ. ചിത്രം ബാർബി. സെന്ന ഹെഗ്‌ഡെ മികച്ച തിരക്കഥാകൃത്ത്.
ചന്ദ്രു സെൽവരാജ് (കയറ്റം) ആണ് മികച്ച ഛായാഗ്രാഹകൻ. മികച്ച ഗാനരചയിതാവ് അൻവർ അലി. ഭൂമിയിലെ മനോഹര സ്വാകാര്യത്തിലെ സ്മരണകൾ കാടായ്..., മാലികിനെ തീരമേ... തീരമേ... എന്നീ ഗാനങ്ങൾക്കാണ് പുരസ്‌കാരം. സൂഫിയും സുജാതയും ചിത്രത്തിലെ വാതുക്കല് വെള്ളരിപ്രാവ് ഗാനം ചിട്ടപ്പെടുത്തിയ എം ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകൻ.
ഹലാൽ ലവ് സ്റ്റോറിയിലെ സുന്ദരനായവനേ, വെള്ളത്തിലെ ആകാശമായവളേ എന്നീ ഗാനം പാടിയ ഷഹബാസ് അമനാണ് മികച്ച പിന്നണിഗായകൻ. സൂഫിയും സുജാതയും ചിത്രത്തിലെ വാതുക്കല് വെള്ളരിപ്രാവ് എന്ന ഗാനം പാടിയ നിത്യ മാമ്മൻ മികച്ച പിന്നണി ഗായിക. മികച്ച ചിത്രസംയോജകൻ മഹേഷ് നാരായണനാണ്. ചിത്രം സീ യു സൂൺ. സന്തോഷ് രാമൻ മികച്ച കലാ സംവിധായകൻ. ചിത്രങ്ങൾ- പ്യാലി, മാലിക്.
മറ്റു പുരസ്‌കാരങ്ങൾ
മികച്ച സിങ്ക് സൗണ്ട്: ആദർശ് ജോസഫ് ചെറിയാൻ, ചിത്രം- സന്തോഷത്തിന്റെ ഒന്നാം രഹസ്യം.
മികച്ച ശബ്ദമിശ്രണം: അജിത് എബ്രഹാം ജോർജ്. ചിത്രം- സൂഫിയും സുജാതയും.
മികച്ച ശബ്ദ രൂപകൽപ്പന: ടോണി ബാബു. ചിത്രം- ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ.
മികച്ച പ്രോസസിങ് ലാബ്/കളറിസ്റ്റ്: ലിജു പ്രഭാകർ. ചിത്രം കയറ്റം.
മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്: റഷീദ് അഹമ്മദ്. ചിത്രം- ആർട്ടിക്കിൾ 21
മികച്ച വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ. ചിത്രം- മാലിക്
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ): ഷോബി തിലകൻ, ചിത്രം- ഭൂമിയിലെ മനോഹര സ്വകാര്യം
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ): റിയ സൈറ, ചിത്രം- എ.കെ. അയ്യപ്പനും കോശിയും
മികച്ച നൃത്തസംവിധാനം: ലളിത സോബി, ബാബു സേവ്യർ. ചിത്രം- സൂഫിയും സുജാതയും
ജനപ്രീതിയും കലാമേൻമയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാർഡ്: എ.കെ. അയ്യപ്പനും കോശിയും
മികച്ച നവാഗത സംവിധായകൻ: മുഹമ്മദ് മുസ്തഫ ടി.ടി, ചിത്രം-കപ്പേള
മികച്ച കുട്ടികളുടെ ചിത്രം: ബൊണാമി
മികച്ച വിഷ്വൽ എഫക്ട്‌സ്: സര്യാസ് മുഹമ്മദ്
സ്ത്രീ/ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ്: നാഞ്ചിയമ്മ
പ്രത്യേക ജൂറി അവാർഡ് (അഭിനയം): സിജി പ്രദീപ്
പ്രത്യേക ജൂറി പരാമർശം: നളിനി ജമീല (വസ്ത്രാലങ്കാരം)
അന്തിമ പട്ടികയിൽ 30 സിനിമകൾ
30 സിനിമകളാണ് പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയിലുണ്ടായിരുന്നത്. നടിയും സംവിധായികയുമായ സുഹാസിനി മണിരത്‌നമാണ് ഏഴംഗ അന്തിമ ജൂറിയുടെ അധ്യക്ഷ. ആദ്യമായാണ് ദേശീയ മാതൃകയിൽ രണ്ടുതരം ജൂറികൾ സംസ്ഥാന അവാർഡിൽ സിനിമകൾ വിലയിരുത്തുന്നത്. സംവിധായകൻ ഭദ്രനും കന്നഡ സംവിധായകൻ പി.ശേഷാദ്രിയും അധ്യക്ഷൻമാരായ പ്രാഥമിക ജൂറികൾ തെരഞ്ഞെടുത്ത 30 സിനിമകളുടെ പട്ടിക സുഹാസിനി മണിരത്‌നം അധ്യക്ഷയായ അന്തിമ ജൂറിക്ക് കൈമാറിയിരുന്നു.
ബിജു മേനോൻ, ഫഹദ് ഫാസിൽ, ജയസൂര്യ, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, ടൊവിനോ തോമസ് എന്നിവർ മികച്ച നടനാകാൻ മത്സരിച്ചപ്പോൾ ശോഭന, പാർവതി തിരുവോത്ത്, നിമിഷ സജയൻ, അന്ന ബെൻ, സംയുക്ത മേനോൻ എന്നിവരാണ് മികച്ച നടിക്കുള്ള അവാർഡിനായി രംഗത്തുണ്ടായിരുന്നത്. അന്തരിച്ച നെടുമുടി വേണു, അനിൽ നെടുമങ്ങാട്, സംവിധായകൻ സച്ചി എന്നിവരുടെ പേരുകളും വിവിധ വിഭാഗങ്ങളിൽ പരിഗണിച്ചിരുന്നു.
വെള്ളം, ഒരിലത്തണലിൽ, സൂഫിയും സുജാതയും, ആണും പെണ്ണും, കയറ്റം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നിവയാണ് മികച്ച സിനിമകളുടെ അന്തിമ പട്ടികയിലുള്ളത്. നാല് കുട്ടികളുടെ ചിത്രങ്ങൾ ഉൾപ്പെടെ 80 ചിത്രങ്ങൾ ഇക്കുറി മത്സരരംഗത്തുണ്ടായിരുന്നു.