ഫിയോക് പിളര്‍പ്പിലേക്ക്, ദുൽഖറുമായും നിര്‍മാണ കമ്പനിയുമായും സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍

"ഫിയോക്കിൽ ഇപ്പോൾ സംഭവിക്കുന്നത് കാലത്തിന്‍റെ കാവ്യനീതി"

Update: 2022-03-23 14:06 GMT
Editor : ijas
Advertising

തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് പിളര്‍പ്പിലേക്കെന്ന് സൂചന. ഫിയോക്കിനെതിരെ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ രംഗത്തെത്തി.സല്യൂട്ടിന്‍റെ ഒ.ടി.ടി റിലീസിന് പിന്നാലെ ദുല്‍ഖര്‍ സല്‍മാനും നിര്‍മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസിനും ഏര്‍പ്പെടുത്തിയ വിലക്കില്‍ ഭാഗമാകില്ലെന്ന് ഫിലിം എക്സിഫിറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ കമ്പനിയുമായി സഹകരിച്ച് പ്രവർത്തിക്കാന്‍ ഫിലിം എക്സിഫിറ്റേഴ്സ് ഫെഡറേഷൻ തീരുമാനിച്ചു.

ഫെഡറേഷനിൽ നിന്നും കൊഴിഞ്ഞ് പോയവർ തിരിച്ച് വരുമെന്നും ദിലീപും ആന്‍റണി പെരുമ്പാവൂരും സംഘടനയിലേക്ക് വന്നാൽ അര്‍ഹമായ സ്ഥാനം നൽകുമെന്നും ഫിലിം എക്സിഫിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്‍റ് ഡോ.രാംദാസ് ചേലൂര്‍ പറഞ്ഞു. 2017ല്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പിളര്‍ത്തി കൊണ്ടാണ് ദിലീപും ആന്‍റണി പെരുമ്പാവൂരും ഫിയോക്കിന് രൂപം കൊടുത്തത്. ഫിയോക്കിൽ ഇപ്പോൾ സംഭവിക്കുന്നത് കാലത്തിന്‍റെ കാവ്യനീതിയാണെന്നും തങ്ങളോട് ചെയ്ത അനിതീക്ക് ദൈവം നൽകിയ ശിക്ഷയാണ് ഫിയോക്കിൽ ഇപ്പോൾ സംഭവിക്കുന്നതെന്നും ഡോ.രാംദാസ് ചേലൂര്‍ പറഞ്ഞു. ഫിയോക്കിൽ നിന്നും കൂടുതൽ പേർ എക്സിബിറ്റേഴ്സ് ഫെഡറേഷനിലേക്ക് എത്തും. ഫിയോക്കിൽ മെമ്പർഷിപ്പ് ഉളളവരിൽ പലരും ഫെഡറേഷന്‍റെ ഇന്നത്തെ യോഗത്തിലെത്തിയതായും ഡോ.രാംദാസ് ചേലൂര്‍ പറഞ്ഞു. നിർമ്മാതാക്കളുടെയും, വിതരണക്കാരുടെയും സംയുക്ത ചർച്ച ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.

തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്ന് നടൻ ദിലീപിനെയും ആന്‍റണി പെരുമ്പാവൂരിനെയും പുറത്താക്കാൻ സംഘടനക്കകത്ത് നിന്ന് തന്നെ നീക്കമുണ്ട്. ഇരുവരെയും പുറത്താക്കാൻ ഭരണഘടന ഭേദഗതി ചെയ്യാനാണ് ഫിയോക്കിന്‍റെ നീക്കം. സംഘടനയുടെ ആജീവനാന്ത ഭാരവാഹികളാണ് ഇരുവരും. ദിലീപ് ആജീവനാന്ത ചെയര്‍മാനായും ആന്‍റണി പെരുമ്പാവൂരിനെ ആജീവനാന്ത വൈസ് ചെയര്‍മാനായുമാണ് തീരുമാനിച്ചിരുന്നത്. കോവിഡിന് ശേഷം സിനിമകള്‍ ഒ.ടി.ടി റിലീസിലേക്ക് കൂടുതലായി എത്തിയ പശ്ചാത്തലത്തില്‍ ഫിയോക് ഭാരവാഹികളായിട്ടു കൂടി ഇരുവരും ഒ.ടി.ടി റിലീസിനെ പിന്തുണക്കുന്ന നടപടിയില്‍ പ്രതിഷേധിച്ചാണ് ഇരുവരെയും പുറത്താക്കാന്‍ നീക്കം നടത്തുന്നത്. സംഘടനയുടെ ജനറൽ ബോഡി യോഗം ഈ മാസം 31 ന് ചേരും. ഈ യോഗത്തില്‍ തുടര്‍നടപടി സംബന്ധിച്ച് തീരുമാനമുണ്ടായേക്കും.

Film Distributors Federation says Dulquer Salman and his production company will not be part of the ban imposed by FEOUK

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News