'ആ വേദിയിൽ ഉണ്ടായിരുന്നെങ്കിൽ അലൻസിയറിന്‍റെ കരണത്തടിച്ചേനെ'; വിവാദ പരാമർശത്തിൽ സിനിമാ ലോകം
സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കണമെന്നാണ് ഹരീഷ് പേരടി ആവശ്യപ്പെട്ടത്
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങില്‍ നടന്‍ അലന്‍സിയര്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിനിമാ മേഖലയിലെ പ്രമുഖർ രംഗത്തു വന്നിരിക്കുകയാണ്. സന്തോഷ് കീഴാറ്റൂർ, മനോജ് റാംസിങ് , ഹരീഷ് പേരടി,ശ്രുതി ശരണ്യം, ഭാഗ്യലക്ഷ്മി എന്നിങ്ങനെ നിരവധി താരങ്ങളാണ് അലന്‍സിയറിന്‍റെ അഭിപ്രായത്തോട് പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയത്.
അലൻസിയർ എന്ന നടൻ തന്റെ സംസ്കാരമില്ലായ്മ പ്രകടിപ്പിച്ച് അവാർഡ് സമർപ്പണ ചടങ്ങിന് മങ്ങലേൽപ്പിക്കുകയാണെന്നാണ് സന്തോഷ് കീഴാറ്റൂർ പ്രതികരിച്ചത്. അലൻസിയറുള്ള വേദിയിൽ താൻ ഉണ്ടായില്ലെന്നതിൽ ഖേദിക്കുന്നെന്നും ഉണ്ടായിരുന്നെങ്കിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിലെ വേദിയിൽ കേറി വന്ന് ഒരു അവാർഡ് ജേതാവിന്റെ കരണത്തടിച്ച വ്യക്തിയെന്ന കുറ്റത്തിന് സ്വന്തം ജാമ്യത്തിൽ ഞാനിപ്പോൾ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നിന്നിറങ്ങുന്നേ ഉണ്ടാവുകയുള്ളു എന്നുമാണ് തിരക്കഥാകൃത്ത് മനോജ് റാംസിങ് പ്രതികരിച്ചത്. സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കണമെന്നാണ് ഹരീഷ് പേരടി ആവശ്യപ്പെട്ടത്.
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങില്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് അലൻസിയർ പറഞ്ഞിരുന്നു. തെറ്റ് ചെയ്യാത്തിടത്തോളം മാപ്പ് പറയുന്ന കാര്യം നടക്കില്ല . ആണായ എനിക്ക് ആൺപ്രതിമ വേണം എന്നാണ് ആവശ്യം. സമത്വം ഉദ്ദേശിച്ചാണ് ഞാൻ സംസാരിച്ചത്. സ്ത്രീ വിരുദ്ധത പറഞ്ഞിട്ടില്ല. രണ്ട് വിഭാഗത്തിനും വേണ്ടിയാണ് സംസാരിച്ചത്. അവാർഡ് നൽകിയ ശിൽപത്തിന് ഒരു വിലയുമില്ല. ഒരുവർഷം മാത്രം കാലാവധി ഉള്ള ശിൽപമാണത്.
ആറുപേർ തീരുമാനിക്കുന്നത് മാത്രമാണ് പുരസ്കാരം.ആണുങ്ങൾ അപമാനിക്കപ്പെടുന്നതിൽ സങ്കോചമുണ്ട്. എന്തുകൊണ്ടാണ് പെണ്ണുങ്ങളെ ശരീരം കാണിച്ചു വിൽക്കുന്നത്. 53 വർഷമായി സ്ത്രീ ശരീരത്തെ വിൽക്കുന്നു എന്ന് തോന്നാത്തത് എന്താണ്? ഇനിയും സ്ത്രീ ശിൽപം ലഭിച്ചാൽ ഉമ്മ നൽകി സ്വീകരിക്കും. വിഷയം സംബന്ധിച്ച് ഔദ്യോഗിക തലത്തിൽ ആരും ബന്ധപ്പെട്ടില്ല. അങ്ങനെ വിലക്കാൻ കഴിയുന്ന ആളല്ല താൻ. മാധ്യമങ്ങൾ തന്നെ ലക്ഷ്യം വയ്ക്കുകയാണെന്നും അലന്‍സിയര്‍ ആരോപിച്ചു.
ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് പെണ്‍രൂപത്തിലുള്ള പ്രതിമ നല്‍കി അപമാനിക്കരുതെന്നായിരുന്നു അലന്‍സിയര്‍ പറഞ്ഞത്. അപ്പന്‍ എന്ന സിനിമയിലെ അഭിനയത്തിന് സ്പെഷ്യല്‍ ജൂറി പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അലന്‍സിയര്‍. അവാര്‍ഡ് വാങ്ങി വീട്ടില്‍ പോകാനിരുന്നയാളാണ് ഞാന്‍, നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്, മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കില്‍ പറയാമായിരുന്നു.സാംസ്‌കാരിക മന്ത്രി ഉള്ളതുകൊണ്ട് പറയാം. സ്പെഷ്യല്‍ ജൂറി അവാര്‍ഡാണ് ഞങ്ങള്‍ക്ക് തന്നത്. നല്ല നടന്‍ എല്ലാവര്‍ക്കും കിട്ടും. സ്പെഷ്യല്‍ കിട്ടുന്നവര്‍ക്ക് സ്വര്‍ണത്തിലെങ്കിലും ഇത് പൊതിഞ്ഞ് തരണം. എനിക്കും കുഞ്ചാക്കോ ബോബനും 25000 രൂപ തന്ന് അപമാനിക്കരുത്.
ഞങ്ങള്‍ക്ക് പൈസ കൂട്ടണം. ഗൗതം ഘോഷിനോട് അഭ്യര്‍ത്ഥിക്കുന്നു, ഞങ്ങളെ സ്പെഷ്യല്‍ ജൂറി തന്ന് അപമാനിക്കരുത്. നല്ല അവാര്‍ഡോക്കെ എല്ലാവര്‍ക്കും കൊടുത്തോളു, സ്പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ അവാര്‍ഡ് തരണം.ഈ പെണ്‍പ്രതിമ തന്ന് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ഇനിയെങ്കിലും ആണ്‍കരുത്തുള്ള ഒരു മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് പെണ്‍പ്രതിമ തന്ന് അപമാനിക്കരുത്. ആണ്‍കരുത്തുള്ള പ്രതിമ എന്ന് വാങ്ങുന്നോ അന്ന് ഞാന്‍ അഭിനയം നിര്‍ത്തും' അലന്‍സിയര്‍ പറഞ്ഞു.
സന്തോഷ് കീഴാറ്റൂർ
വളരെ മഹനീയമായ ചടങ്ങാണ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണം. രണ്ട് തവണയും അലൻസിയർ എന്ന നടൻ തന്റെ സംസ്കാരമില്ലായ്മ പ്രകടിപ്പിച്ച് അവാർഡ് സമർപ്പണ ചടങ്ങിന് മങ്ങലേൽപ്പിക്കുകയാണ്. ചലച്ചിത്ര പുരസ്കാര വേദിയിൽ അലൻസിയർ എന്ന നടൻ നടത്തിയ പരാമർശത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു
ശ്രുതി ശരണ്യം
ദ ലേഡി ഇൻ മൈ ഹാൻഡ് ഈസ് ഇൻക്രെഡിബിള്‍...ഇന്ന് സംസ്ഥാന ചലച്ചിത്ര പുരസ്കാരവേദിയിൽ അലൻസിയർ ലോപസ് നടത്തിയ മറുപടി പ്രസംഗത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു. അടുത്ത വർഷത്തെ അവാർഡിനെങ്കിലും പെണ്ണിന്റെ പ്രതിമയ്ക്ക് പകരം "പൗരുഷ"മുള്ള ആണിന്റെ പ്രതിമ വേണംപോലും ... അതിന് തൊട്ടുമുൻപുള്ള ഉദ്ഘാടനപ്രസംഗത്തിൽ മുഖ്യമന്ത്രി ഊന്നി പറഞ്ഞിരുന്നു, സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളെ തകർക്കുന്ന, പരുഷാധിപത്യത്തെ ആഘോഷിക്കുന്ന ഫിലിം കണ്ടന്റിനെ പ്രോത്സാഹിപ്പിക്കരുതെന്ന്. സ്ത്രീകൾക്ക് സിനിമ ചെയ്യാനുള്ള ഫണ്ടൊരുക്കിയ, സ്ത്രീകളുടെ സിനിമാ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാറാണ് ഇവിടെയുള്ളത്. എന്നിട്ടും ഇത്ര നിരുത്തരവാദപരവും നികൃഷ്ടവുമായി ഇങ്ങിനെയൊരു വേദിയിൽ നിന്നുകൊണ്ട് അലൻസിയറിന് എങ്ങിനെ ഇപ്രകാരം സംസാരിക്കാനാകുന്നു.ഇറ്റ് ഈസ് എ ഷെയിം. സ്ത്രീ/ട്രാൻസ്ജെന്റർ വിഭാഗത്തിനുള്ള അവാർഡ് വാങ്ങിയ എന്റെ ഉത്തരവാദിത്വമാണ് അലൻസിയറിന്റെ പ്രസ്തുത പ്രസ്താവനയോട് പ്രതികരിക്കേണ്ടത് എന്ന് ഞാൻ കരുതുന്നു
മനോജ് റാംസിങ്
മിസ്റ്റർ അലൻസിയർ, ഞാനാ സദസ്സിലോ വേദിയിലോ ആ സമയം ഉണ്ടായില്ലന്നതിൽ ഖേദിക്കുന്നു... ഉണ്ടായിരുന്നുവെങ്കിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിലെ വേദിയിൽ കേറി വന്ന് ഒരു അവാർഡ് ജേതാവിന്റെ കരണത്തടിച്ച വ്യക്തിയെന്ന കുറ്റത്തിന് സ്വന്തം ജാമ്യത്തിൽ ഞാനിപ്പോൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ നിന്നിറങ്ങുന്നേ ഉണ്ടാവുള്ളൂ... ഷെയിം ഓൺ യു അലൻസിയർ... ആ ചാക്കോച്ചനെയൊക്കെ കണ്ടു പഠിക്കെടോ, പറ്റില്ലേൽ പോയി വല്ല മനശാത്ര കൗൺസിലിംഗിന് ചേരൂ.. ഇല്ലെങ്കിൽ ഡി.വൈ.എഫ്.ഐ ലും കെ.എസ്.യുവിലും എസ്.എഫ്.ഐ ലും ഒക്കെയുള്ള തന്റെടമുള്ള പെൺ പിള്ളേർ കേറി മേയും നിന്നെ... നീയെന്താ കരുതിയത്, ആരോഗ്യവും ശക്തിയും ധൈര്യവും നിന്നെപ്പോലുള്ള ഊള ആണുങ്ങളുടെ കുത്തകയാണെന്നോ..
ഹരീഷ് പേരടി
ഈ ഡയലോഗ് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നെങ്കിൽ ഇന്ന് പുരോഗമന തള്ള് തള്ളാമായിരുന്നു...പക്ഷെ പറഞ്ഞത് കമ്മ്യൂണിസ്റ്റ് പാവാട അലൻസിയറായി പോയി...എന്തായാലും പറഞ്ഞ സ്ഥിതിക്ക് അലൻസിയറിനോട് രണ്ട് വാക്ക് ...അലൻസിയറെ..മഹാനടനെ..ഒരു പെൺ പുരസ്ക്കാര പ്രതിമ കാണുമ്പോൾ പോലും നിനക്ക് ലിംഗം ഉദ്ധരിക്കുന്നുണ്ടെങ്കിൽ അത് നിന്റെ മാനസികരോഗം മൂർച്ചിച്ചതിന്റെ ലക്ഷണമാണ്...അതിന് ചികൽസിക്കാൻ നിരവധി മാനസിക ആരോഗ്യ കേന്ദ്രങ്ങൾ കേരളത്തിൽ നിലവിലുണ്ട്...അല്ലെങ്കിൽ മറ്റൊരു വഴി സ്വർണ്ണം പൂശിയ ആൺ ലിംഗ പ്രതിമകൾ സ്വയം പണം ചിലവഴിച്ച് സ്വന്തമാക്കി വീട്ടിൽ പ്രദർശിപ്പിച്ച് അതിലേക്ക് നോക്കിയിരിക്കുക എന്നതാണ് ...രാഷ്ടിയ അഭിപ്രായ വിത്യാസങ്ങൾ ഉണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ആൺകരുത്ത് ഇതല്ല ...അത് സമരങ്ങളുടെയും പോരട്ടങ്ങളുടെതുമാണ്...ഈ സ്ത്രി വിരുദ്ധ പരാമർശത്തിന്റെ പേരിൽ അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കേണ്ടതാണ്..