സംവിധായനും നടനുമായ ഭാരതി രാജ ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരം
ധനുഷ് നായകനായെത്തിയ 'തിരുച്ചിത്രമ്പല'ത്തിലാണ് അവസാനമായി അഭിനയിച്ചത്
ചെന്നൈ: ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഭാരതിരാജയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് 81 കാരനായ ഭാരതി രാജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ബോധം തിരിച്ചുകിട്ടിയെന്നും ഇപ്പോൾ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും ആശുപത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. തീവ്രപരിചരണ വിഭാഗത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും തന്നെ മികച്ച രീതിയിലാണ് പരിചരിക്കുന്നതെന്നും ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ തന്നെ ആശുപത്രിയിൽ സന്ദർശിക്കരുതെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയും കഴിഞ്ഞദിവസം സാമൂഹ്യമാധ്യമങ്ങളിൽ വന്നിരുന്നു. ഉടൻ തന്നെ നിങ്ങളെയെല്ലാം കാണാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ ആരാധകരോട് പറഞ്ഞു.
ധനുഷിന്റെ തിരുച്ചിത്രമ്പലയിലാണ് ഭാരതിരാജ അവസാനമായി അഭിനയിച്ചത്. നിത്യാമേനോൻ,പ്രകാശ് രാജ് തുടങ്ങിയ വൻ താരനിര അഭിനയിച്ച ചിത്രത്തിൽ പ്രധാനപ്പെട്ട വേഷമാണ് ഭാരതിരാജ അവതരിപ്പിച്ചിരിക്കുന്നത്. തിയേറ്ററുകൾ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രത്തിൽ ഭാരതി രാജയുടെ കഥാപാത്രവും ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.
1997-ൽ '16 വയതിനിലെ' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ഭാരതിരാജ തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. സിഗപ്പു റോജകൾ, മൺവാസനൈ, നിഴലുകൾ, കിഴക്കേ പോകും റെയിൽ, അലൈഗൽ ഒയിവമില്ലൈ തുടങ്ങി നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.