ഹോളിവുഡ് താരം മാത്യു പെറിയുടെ മരണത്തില്‍ വഴിത്തിരിവ്; 'കെറ്റാമൈൻ രാജ്ഞി' യടക്കം 5 പേര്‍ പിടിയില്‍

ഫ്രണ്ട്‌സ് എന്ന ഹിറ്റ് സീരിസിലൂടെ ആരാധകരുടെ മനം കവർന്ന മാത്യു പെറിയുടെ മരണത്തിന് കാരണം ഉയർന്ന അളവിലുള്ള ലഹരിഉപയോഗമാണെന്ന് കണ്ടെത്തിയിരുന്നു

Update: 2024-08-16 05:12 GMT
Editor : ദിവ്യ വി | By : Web Desk
Advertising

ഹോളിവുഡ് താരം മാത്യു പെറിയുടെ മരണത്തിൽ പത്ത് മാസത്തിന് ശേഷം വഴിത്തിരിവ്. രണ്ട് ഡോക്ടർമാരടക്കം അഞ്ച് പേർ ഇതുവരെ പിടിയിലായി. കഴിഞ്ഞ ഒക്ടോബർ 28നാണ് ലോസ് ആഞ്ചലസിലെ വീട്ടിലെ ബാത്ത് ടബ്ബിൽ മാത്യു പെറിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഫ്രണ്ട്‌സ് എന്ന ഹിറ്റ് സീരിസിലൂടെ ആരാധകരുടെ മനം കവർന്ന മാത്യു പെറിയുടെ മരണത്തിന് കാരണം ഉയർന്ന അളവിലുള്ള ലഹരി ഉപയോഗമാണെന്ന് കണ്ടെത്തിയിരുന്നു. പെറിയുടെ ശരീരത്തിൽ അമിത അളവിലുള്ള കെറ്റമൈൻ രാസലഹരിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് 'കെറ്റാമൈൻ രാജ്ഞി' എന്നറിയപ്പെടുന്ന 41 കാരി ജസ്‌വീൻ സാങ്‌വ, 42 കാരനായ ഡോ. സാൽവഡോർ പ്ലാസെൻസിയ, എറിക് ഫ്‌ലെമിങ് എന്നിവരാണ് പിടിയിലായത്. പെറിയുടെ സഹായി കെന്നത്ത് ഇവാമാസയും മറ്റൊരാളും നേരത്തെ പിടിയിലായിരുന്നു.

മാത്യു പെറി അടക്കമുള്ളവർക്ക് ലഹരിമരുന്ന് വിതരണം ചെയ്യുന്ന വൻ ശൃംഖലയാണിതെന്നാണ് പൊലീസ് കണ്ടെത്തല്‍. പെറിയുടെ വിഷാദ രോഗാവസ്ഥയെ പ്രതികൾ ചൂഷണം ചെയ്‌തെന്നാണ് പൊലീസ് കണ്ടെത്തൽ. പതിനൊന്നായിരം ഡോളറിന് അൻപതിലധികം കെറ്റാമൈൻ കുപ്പികളാണ് മാത്യു പെറിക്ക് പ്രതികൾ വിറ്റത്. പെറിയുടെ മരണത്തിന് അഞ്ച് ദിവസം മുമ്പ് കെന്നത്ത് ഇവാമാസ നടന് 27 ഷോട്ട്‌സ് കെറ്റമൈൻ ഇൻജ്ക്റ്റ് ചെയ്തിരുന്നുവെന്നും ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ഇവർക്കിടയിൽ രഹസ്യകോഡുകളായിരുന്നു ഉണ്ടായിരുന്നതെന്നും കോടതി രേഖകളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഫ്രണ്ട്‌സ് സീരീസ് നൽകിയ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോളും, ലഹരിക്കും മദ്യത്തിനും അടിമയായിരുന്ന മാത്യു പെറി, നിരവധി തവണ ഡീ അഡിക്ഷൻ സെന്ററുകളിൽ ചികിത്സ തേടിയിരുന്നു. 54ാം വയസിലെ വയസ്സിലെ മാത്യു പെറിയുടെ വിയോഗം ഏറെ വാർത്താ പ്രാധാന്യവും നേടിയിരുന്നു. മാത്യു പെറിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മാതാപിതാക്കൾ ലഹരിയിൽ നിന്ന് മുക്തരാകുന്നവരെ സഹായിക്കാനായി മാത്യു പെറി ഫൗണ്ടേഷനും ആരംഭിച്ചിരുന്നു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News