മുരുകൻ ലോകം കീഴടക്കിയിട്ട് അഞ്ച് വർഷം; ഓർമകൾ പങ്കുവെച്ച് നിർമാതാവ്
2019ൽ ലൂസിഫർ റിലീസ് ആകുന്നത് വരെ മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയായിരുന്നു പുലിമുരുകൻ
മലയാള സിനിമയിലെ മെഗാഹിറ്റ് ചിത്രമായിരുന്നു 2016 ഒക്ടോബർ ഏഴിന് പുറത്തിറങ്ങിയ പുലിമുരുകൻ. മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രം മലയാളത്തിൽ കളക്ഷൻ റെക്കോർഡ് മാറ്റിമറിച്ച ചിത്രമായിരുന്നു. സിനിമ റിലീസ് ചെയ്ത് ഇന്നേക്ക് അഞ്ച് വർഷം തികയുന്ന വേളയിൽ പുലിമുരുകൻ സിനിമയുടെ ഓർമകൾ പങ്കുവെയ്ക്കുകയാണ് സിനിമയുടെ നിർമാതാവ് ടോമിച്ചൻ മുളകുപാടം.
മുരുകൻ ലോകം കീഴടക്കിയ ദിവസമാണെന്നും 100 കോടി ക്ലബിൽ ഇടംപിടിച്ചത് വഴി മലയാള സിനിമയിൽ തന്നെ പുലിമുരുകൻ ഒരു നാഴികക്കല്ലായി മാറിയെന്നും ടോമിച്ചൻ മുളകുപാടം ഫേസ് ബുക്കിൽ കുറിച്ചു. ഈ ചരിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്നും അവസാനിക്കാത്ത സ്‌നേഹത്തിനും പിന്തുണയ്ക്കും എല്ലാവർക്കും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019ൽ ലൂസിഫർ റിലീസ് ആകുന്നത് വരെ മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയായിരുന്നു പുലിമുരുകൻ. 25 കോടി രൂപ ചെലവിൽ നിർമിച്ച ചിത്രം 150 കോടിയിലധികം കളക്ഷൻ നേടിയിരുന്നു.
ഉദയ്കൃഷ്ണയാണ് ചിത്രത്തിന്റെ കഥയെഴുതിയത്. ജഗപതി ബാബു, കമാലിനി മുഖർജി, ലാൽ, വിനു മോഹൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ പ്രത്യേക പരാമർശം നേടിയിരുന്നു. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിരിക്കുന്നത്.