നടി ഭാവനക്ക് യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ
ഇ.സി.എച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തിയാണ് ഭാവന വിസ സ്വീകരിച്ചത്
ദുബൈ: നടി ഭാവനക്ക് യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ സമ്മാനിച്ചു. ദുബൈയിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തിയാണ് ഭാവന വിസ സ്വീകരിച്ചത്. സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയാണ് വിസ കൈമാറിയത്. മലയാളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ നായിക അഞ്ജലി അമീറിനും ഇ.സി.എച്ച് സഹകരണത്തിലാണ് ഗോള്‍ഡന്‍ വിസ സമ്മാനിച്ചിരുന്നത്.
നീണ്ട ഇടവേളക്ക് ശേഷം 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലൂടെ ഭാവന മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ്. ചിത്രത്തിന്‍റെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായിരുന്നു. ഷറഫുദ്ദീനാണ് ചിത്രത്തില്‍ നായക വേഷത്തിലെത്തുന്നത്. അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. പൃഥ്വിരാജിനൊപ്പമുള്ള 'ആദം ജോൺ' ആയിരുന്നു ഒടുവിൽ പുറത്തിറങ്ങിയ ഭാവനയുടെ മലയാള ചിത്രം. ഇടവേളയിൽ ഒരു ഹ്രസ്വചിത്രത്തിലും ഏതാനും ഇതരഭാഷാ സിനിമകളിലും ഭാവന അഭിനയിച്ചിരുന്നു.
കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കാണ് യു.എ.ഇ ഗോൾഡൻ വിസ സമ്മാനിക്കുന്നത്. 10 വർഷമാണ് യു.എ.ഇ ഗോൾഡൻ വിസയുടെ കാലാവധി. 2019 ജൂണിലാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ വിതരണം ആരംഭിച്ചത്. നേരത്തെ, മലയാള ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് യു.എ.ഇ ഗോൾഡൻ വിസ സമ്മാനിച്ചിരുന്നു.
മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, ടോവിനോ തോമസ്, ആസിഫ് അലി, പ്രണവ് മോഹന്‍ലാല്‍, നസ്രിയ നസീം, നൈല ഉഷ, ആശാ ശരത്, മീര ജാസ്മിന്‍, മീന, സിദ്ദീഖ്, മിഥുന്‍ രമേശ്, സംവിധായകരായ ലാല്‍ ജോസ്, സലീം അഹമ്മദ്, ഗായിക കെ.എസ് ചിത്ര, നിര്‍മാതാവ് ആന്‍റോ ജോസഫ് എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ച ചലച്ചിത്ര മേഖലയിലെ പ്രമുഖരാണ്.