ഗ്രീഷ്മക്ക് കൊല്ലാനുള്ള ഐഡിയ കിട്ടുന്നത് റോഷാക്കിൽ നിന്നോ? ചോദ്യവുമായി സോഷ്യല്‍ മീഡിയ

സമീപ കാലത്തിറങ്ങിയ സിനിമയെന്ന നിലയില്‍ ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണോ പ്രതിയായ ഗ്രീഷ്മ സുഹൃത്ത് ഷാരോണിനെ കൊന്നതെന്നാണ് ചോദ്യം

Update: 2022-10-31 10:08 GMT
Editor : ijas
Advertising

തിരുവനന്തപുരം പാറശാല സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം ചേർത്തുനൽകി കൊന്ന കേസിൽ പ്രതി ​ഗ്രീഷ്മക്ക് കൊല്ലാനുള്ള ആശയം കിട്ടിയത് റോഷാക്ക് സിനിമയില്‍ നിന്നാണോയെന്ന് സോഷ്യല്‍ മീഡിയ. 'റോഷാക്ക്' സിനിമയില്‍ ബിന്ദു പണിക്കര്‍ അവതരിപ്പിച്ച 'സീത' എന്ന കഥാപാത്രം പൊലീസ് ഇന്‍സ്പെക്ടര്‍ ആയ ജഗദീഷിനെ കൊലപ്പെടുത്തുന്നത് കുടിക്കാന്‍ നല്‍കുന്ന വെള്ളത്തില്‍ വിഷം ചേര്‍ത്തായിരുന്നു. സമീപ കാലത്തിറങ്ങിയ സിനിമയെന്ന നിലയില്‍ ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണോ പ്രതിയായ ഗ്രീഷ്മ സുഹൃത്ത് ഷാരോണിനെ കൊന്നതെന്നാണ് ചോദ്യം. ഫേസ്ബുക്കിലെ പ്രശസ്ത സിനിമാ ചര്‍ച്ചാ ഗ്രൂപ്പായ 'സിനിഫൈലില്‍' പോസ്റ്റ് ചെയ്ത ചോദ്യത്തിന് താഴെ പക്ഷേ രസകരമായ രീതിയിലാണ് അംഗങ്ങള്‍ മറുപടി നല്‍കുന്നത്.

സിനിമയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഗ്രീഷ്മ വിഷം നല്‍കിയതെന്നത് നിഷ്കളങ്കമായ വാദമാണെന്നും വിഷം കുടിച്ചാല്‍ മരിക്കുമെന്ന് ഒരാള്‍ അറിയുന്നത് റോഷാക്ക് കണ്ടിട്ടാണെന്നത് ബുദ്ധിശൂന്യമാണെന്നും കമന്‍റുകളില്‍ പറയുന്നു. "ഇതിനു മുമ്പ് സിനിമയില്‍ ഒന്നും വരാത്ത ഫ്രഷ് ഐറ്റമാണല്ലോ വിഷം നല്‍കുന്നതെന്ന", രസകരമായ കമന്‍റുകളും പോസ്റ്റിന് താഴെയുണ്ട്. അതിനിടയില്‍ റോഷാക്ക് കാണാത്ത പ്രേക്ഷകര്‍ അവരുടെ സങ്കടവും ദേഷ്യവും പോസ്റ്റിന് താഴെ പങ്കുവെക്കുന്നുണ്ട്.

ഒക്ടോബര്‍ 14ന് സുഹൃത്തായ ഗ്രീഷ്മയുടെ വീട്ടിൽ നിന്നാണ് ഷാരോൺ കാപ്പിക് എന്ന കീടനാശിനി ചേര്‍ത്ത കഷായം കഴിക്കുന്നത്. തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള ഗ്രീഷ്മയുടെ വീട്ടിൽ റെക്കോർഡ് ബുക്ക് തിരിച്ചുവാങ്ങാനാണ് ഷാരോൺ പോയിരുന്നതെന്നാണ് പറയുന്നത്. ഗ്രീഷ്മയാണ് കീടനാശിനി കലക്കി കഷായം നല്‍കുന്നത്. ഇവിടെ നിന്ന് ശാരീരികാസ്വാസ്ഥകളോടെയാണ് ഷാരോൺ തിരിച്ചെത്തിയത്. ഗ്രീഷ്മയുടെ വീട്ടിൽ നിന്നും കഷായവും ജ്യൂസും കുടിച്ചതാണ് അവശതകൾക്ക് കാരണമെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. കരളും വൃക്കയും തകരാറിലായാണ് മരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ ദിവസമാണ് ഗ്രീഷ്മ പൊലീസിനോട് കുറ്റസമ്മതം നടത്തുന്നത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News