'ഇന്ത്യന്‍ സിനിമക്കിത് ചരിത്ര നിമിഷം, ആഗോള തലത്തില്‍ ഇന്ത്യയുടെ പദവി ഉയര്‍ത്തി'; ഓസ്കര്‍ നേട്ടത്തില്‍ മുഖ്യമന്ത്രി

ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍, എസ്.എസ് രാജമൗലി എന്നിവരെ ടാഗ് ചെയ്തുകൊണ്ടുള്ളതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ ട്വീറ്റ്

Update: 2023-03-13 10:26 GMT
Editor : ijas | By : Web Desk
Advertising

ഓസ്കറിലെ ഇന്ത്യയുടെ നേട്ടത്തില്‍ അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ സിനിമക്കിത് ചരിത്ര നിമിഷമാണെന്നും ആഗോള തലത്തില്‍ ഇന്ത്യയുടെ പദവി ഉയര്‍ത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. ആഗോള തലത്തിൽ ഇന്ത്യൻ സിനിമയുടെ പദവി ഉയർത്തിയ എം എം കീരവാണിയുടെയും കാർതികി ഗോൺസാൽവസിന്‍റെയും പുരസ്കാര നേട്ടത്തില്‍ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍, എസ്.എസ് രാജമൗലി എന്നിവരെ ടാഗ് ചെയ്തുകൊണ്ടുള്ളതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ ട്വീറ്റ്.

'ഇന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ ഓസ്കര്‍ പുരസ്കാര നേട്ടത്താല്‍ ഇത് ചരിത്ര നിമിഷമാണ്. ഇന്ത്യന്‍ സിനിമയുടെ പദവി ആഗോള തലത്തില്‍ ഉയര്‍ത്തിയ എം എം കീരവാണിയുടെയും കാർതികി ഗോൺസാൽവസിന്‍റെയും ഓസ്കര്‍ പുരസ്കാര നേട്ടത്തില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഇനിയും അതിരുകള്‍ ഭേദിച്ച് ഞങ്ങളെ പ്രചോദിപ്പിക്കട്ടെ'-മുഖ്യമന്ത്രി പിണറായി വിജയൻ ട്വീറ്റ് ചെയ്തു.

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓസ്കര്‍ പുരസ്കാരം ഇന്ത്യയിലെത്തുന്നത്. മികച്ച ഡോക്യുമെന്ററി (ഹ്രസ്വ ചിത്രം) വിഭാഗത്തില്‍ ദ എലിഫന്റ് വിസ്പറേഴ്‌സും മികച്ച ഗാനമായി ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനവുമാണ് പുരസ്‌കാരങ്ങൾ സ്വന്തമാക്കിയത്. ഒറിജിനൽ സോങ് കാറ്റഗറിയിലാണ് നാട്ടു നാട്ടു ഇടംനേടിയത്. ഗോൾഡൻ ഗ്ലോബിൽ മികച്ച ഒറിജനല്‍ സോങിനുള്ള പുരസ്കാരം കീരവാണി ഈണം നൽകിയ നാട്ടു നാട്ടുവിനെ തേടിയെത്തിയിരുന്നു. ഇന്ത്യയിലെ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഓൾ ദാറ്റ് ബ്രീത്ത്സ് ബെസ്റ്റ് ഡോക്യുമെന്‍ററി ഫീച്ചർ വിഭാഗത്തിലും ഡോക്യുമെന്‍ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള ദി എലിഫന്‍ഡ് വിസ്പെറേഴ്സ് എന്ന ഡോക്യുമെന്‍ററിയും ഇടംനേടിയിരുന്നു. ഇതിൽ ദി എലിഫന്‍ഡ് വിസ്പെറേഴ്സ് പുരസ്കാരം നേടി.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News