'ഖുര്‍ആന്‍ വായിച്ചു, പ്രതിസന്ധികളെ മറികടക്കാന്‍ സഹായിച്ചു': വില്‍ സ്മിത്ത്

മക്കള്‍ക്ക് ഖുര്‍ആനിലെ വാക്യങ്ങൾ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Update: 2024-03-20 07:51 GMT
Editor : ദിവ്യ വി | By : Web Desk
Advertising

ഖുര്‍ആന്‍ വായിച്ചതിന്റെ അനുഭവം പങ്കുവച്ച് പ്രമുഖ ഹോളിവുഡ് താരവും ഓസ്‌കാര്‍ പുരസ്‌കാര ജേതാവുമായ വില്‍ സ്മിത്ത്. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് ആത്മീയത ഇഷ്ടമാണെന്നും ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം ബുദ്ധിമുട്ടായിരുന്നുവെന്നും അതിനെ മറികടക്കാന്‍ തനിക്ക് ഖുര്‍ആന്‍ സഹായകമായെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകനായ അമര്‍ അദീപിന്റെ ബിഗ് ടൈം പോഡ്കാസ്റ്റ് എന്ന പരിപാടിയിലാണ് വില്‍ സ്മിത്ത് ഇക്കാര്യം പറഞ്ഞത്.

'എനിക്ക് ആത്മീയത ഇഷ്ടമാണ്, തന്റെ ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം വളരെ ബുദ്ധിമുട്ടേറിയ കാലമായിരുന്നു, ആ കാലഘട്ടത്തില്‍ താന്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചിരുന്നു. ഇത് സ്വയം ചിന്തിക്കാനും ആന്തരിക സ്വഭാവത്തെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിച്ചു' അദ്ദേഹം പറഞ്ഞു.

റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ ഞാന്‍ പൂര്‍ണമായും വായിച്ചു. ഈ ഘട്ടത്തില്‍ ഏവരെയും ഉള്‍ക്കൊള്ളാനാവുന്ന വിശാലതയിലേക്ക് മനസിനെ വളര്‍ത്തിയെടുക്കുകയാണ്. ഖുര്‍ആന്റെ  ലാളിത്യം തനിക്ക് വളരെ ഇഷ്ടമായി. എല്ലാം വളരെ ലളിതമായും കൃത്യമായും ഖുര്‍ആനിലുണ്ട്. യാതൊരു ബുദ്ധിമുട്ടുകളോ തെറ്റിദ്ധാരണകളോ ഇല്ലാതെ വളരെ എളുപ്പത്തില്‍ വായിച്ചു തീര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

'ഞാന്‍ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചു, തോറ മുതല്‍ ബൈബിളിലൂടെ ഖുര്‍ആന്‍ വരെ. എല്ലാം ഒരു പോലെയാണെന്നതില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു, അവ തമ്മിലുള്ള ബന്ധം തകര്‍ന്നിട്ടില്ല.' അദ്ദേഹം പറഞ്ഞു. മക്കള്‍ക്ക് ഖുര്‍ആനിലെ വാക്യങ്ങൾ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഹോളിവുഡിലെ ശ്രദ്ധേയ താരമായ വില്‍ സ്മിത്ത് 2022 ലെ ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ ഹാസ്യ നടനും അവതാരകനുമായ ക്രിസ് റോക്കിനെ തല്ലിയത് വലിയ വിവാദമായിരുന്നു. ക്രിസ് റോക്ക് തന്റെ ഭാര്യയുടെ രോഗാവസ്ഥയെ പരിഹാസിച്ചുവെന്ന് ആരോപിച്ചായിരുന്നു ഇത്. തുടര്‍ന്ന് ഓസ്‌കാര്‍ ചടങ്ങില്‍ നിന്നും മുഴുവന്‍ പരിപാടികളില്‍ നിന്നും പത്ത് വര്‍ഷത്തേക്ക് അക്കാദമി ബോര്‍ഡ് ഓഫ് ഗവേര്‍ണേഴ്‌സ് സ്മിത്തിനെ വിലക്കിയിരുന്നു.


Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News