ഞാൻ അടിയുറച്ച ഭക്തനാണ്, 'മാളികപ്പുറ'ത്തിന്റെ പ്രമേയം പ്രേക്ഷകപ്രീതി നേടുമെന്ന് തോന്നി: ഉണ്ണിമുകുന്ദൻ
വിശ്വാസം ഉയർത്തിപ്പിടിക്കാൻ തനിക്ക് സിനിമ ചെയ്യേണ്ട ആവശ്യമില്ലെന്നും താരം
മാളികപ്പുറം സിനിമയുടെ പ്രമേയം പ്രേക്ഷകപ്രീതി നേടുമെന്ന് കരുതിയിരുന്നതായി നടൻ ഉണ്ണിമുകുന്ദൻ. താനൊരു അടിയുറച്ച ഭക്തനാണെന്നും, എന്നാൽ അതുകൊണ്ടല്ല മാളികപ്പുറം സിനിമ ചെയ്യാൻ തീരുമാനിച്ചതെന്നും താരം പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്റെ പരാമർശം.
''എന്റെ വിശ്വാസം ഉയർത്തിപ്പിടിക്കാൻ എനിക്ക് സിനിമ ചെയ്യേണ്ടതില്ല, എന്റെ മനസിൽ ഭക്തിയുണ്ട്. മാളികപ്പുറം ഒരു ഹിന്ദുഭക്തി സിനിമയല്ല, കൂടാതെ അയ്യപ്പൻ ഹിന്ദുക്കൾ മാത്രം ആരാധിക്കുന്ന ഒരാളല്ല, ആരുമില്ലാത്തവർക്ക് സംരക്ഷകനുണ്ടെന്നാണ് സിനിമ പറയുന്നത്''- ഉണ്ണി മുകുന്ദൻ പറഞ്ഞു. ശബരിമലയിൽ പോകുകയെന്നത് കുട്ടികൾക്ക് ഇഷ്ടമുള്ള കാര്യമാണെന്ന് കരുതുന്നു. മാളികപ്പുറം സിനിമ ജീവിതത്തെ മാറ്റിമറിച്ചുവെന്നത് തീർച്ചയായും വലിയ നേട്ടമാണ്. പലരും അവരുടെ കുടുംബത്തിന്റെ ഭാഗമായി തന്നെയും കാണുന്നു. ഇപ്പോൾ തനിക്ക് പിന്തുണ നൽകാൻ ഒരു കൂട്ടം നിർമ്മാതാക്കളും എഴുത്തുകാരും സംവിധായകരുമുണ്ടെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.
തന്റെ ഭാവി പദ്ധതികളെ കുറിച്ചും താരം അഭിമുഖത്തിൽ പരാമർശിക്കുന്നുണ്ട്. കുടുംബ ചിത്രങ്ങളും കോമഡി ചിത്രങ്ങളും യുവാക്കളെ ആകർഷിക്കുന്ന തരത്തിലുള്ള സിനിമകളും ചെയ്യണമെന്നാണ് ആഗ്രഹം. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഒരുപാട് കാര്യങ്ങൾ കാണുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. തന്നെ വളരെയധികം സ്‌നേഹിച്ച പ്രേക്ഷകർക്കായി സിനിമ ചെയ്യുക എന്നതായിരിക്കും തന്റെ ലക്ഷ്യമെന്നും ഉണ്ണിമുകുന്ദൻ വ്യക്തമാക്കി.