'കുളിക്കാൻ ദിവസവും 25 ലിറ്റർ പാലും കിടക്കാൻ റോസാപ്പൂ മെത്തയും ചോദിച്ചതിന് പുറത്താക്കി' ഗ്യാങ്‌സ് ഓഫ് വസ്സീപൂരിനെ കുറിച്ച് രവി കിഷൻ
ബോജ്പൂരി സിനിമയിൽ താരപരിവേഷം ലഭിച്ചതോടെ തനിക്കുണ്ടായ അഹങ്കാരം തുറന്നു സമ്മതിച്ച് നടനും ബിജെപി നേതാവുമായ രവി കിഷൻ
മുംബൈ: ബോജ്പൂരി സിനിമയിൽ താരപരിവേഷം ലഭിച്ചതോടെ തനിക്കുണ്ടായ അഹങ്കാരം തുറന്നു സമ്മതിച്ച് നടനും ബിജെപി നേതാവുമായ രവി കിഷൻ. അനുരാഗ് കശ്യപിന്റെ ഗ്യാങ്‌സ് ഓഫ് വസ്സീപൂരിൽ അവസരം നഷ്ടമാക്കിയത് ഈ പ്രകൃതമാണെന്നും താരം 'ആപ് കി അദാലത്ത്' ടെലിവിഷൻ ഷോയിൽ സമ്മതിച്ചു. രവി കിഷന്റെ കൂടെ ജോലി ചെയ്യുന്നത് ബുദ്ധിമുട്ടേറിയതാണെന്നും അദ്ദേഹം കുളിക്കാൻ പാലും കിടക്കാൻ റോസാപ്പൂ മെത്തയും ചോദിക്കുമെന്ന് സിനിമയുടെ നിർമാതാവ് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഷോ അവതാരകൻ രജത് ശർമ പറഞ്ഞപ്പോൾ കിഷൻ അക്കാര്യം ചിരിച്ച് സമ്മതിക്കുകയായിരുന്നു.
'അക്കാര്യം ശരിയാണ്. ഞാൻ പാലിൽ കുളിക്കുകയും റോസാപ്പു ഇതളുകളിൽ കിടന്നുറങ്ങുകയും ചെയ്യുമായിരുന്നു. സ്വയം വലിയ താരമായാണ് ഞാൻ എന്നെ കണ്ടത്. അതിനാൽ ഇതൊക്കെ പ്രധാനമാണെന്ന് കരുതി. പലരും എന്നെ അൽ പാസിനോയുടെയും റോബർട്ട് ഡി നീറോയുടെയും സിനിമകൾ കാണിക്കുകയും അവർ എങ്ങനെ പെരുമാറുമെന്ന് പറയുകയും ചെയ്തു. എന്നെ 500 തവണ 'ഗോഡ്ഫാദർ' കാണിച്ചു, പക്ഷേ ഞാനൊരു സ്വദേശി നടനായതിനാൽ ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ചു. ഞാൻ പാലിൽ കുളിച്ചാൽ ആളുകൾ അതിനെക്കുറിച്ച് സംസാരിക്കുമെന്ന് ഞാൻ കരുതി' രവി കിഷൻ വെളിപ്പെടുത്തി.
'എല്ലാ ദിവസവും 25 ലിറ്റർ പാൽ ഒരുക്കിത്തരുന്നത് സാധിക്കാത്തതിനാൽ അവർ ഗ്യാങ്‌സ് ഓഫ് വസ്സീപൂരിൽ എന്നെ അവർ ചേർത്തില്ല. ഇത്തരം ആവശ്യങ്ങൾ എന്നെ ബുദ്ധിമുട്ടിച്ചതോടെ ഞാൻ നിർത്തി. ഒന്നുമില്ലായ്മയിൽനിന്ന് പെട്ടെന്ന് പണവും പ്രതാപവും ലഭിക്കുമ്പോൾ നിങ്ങളുടെ മനസ്സിന്റെ പിടിവിട്ടുപോകും. പ്രത്യേകിച്ച് മുംബൈ പോലെയുള്ള നഗരത്തിന് ആരെയും ഭ്രാന്തനാക്കാൻ കഴിയും. ഞാൻ സമ്മതിക്കുന്നു, എനിക്കെന്റെ നിയന്ത്രണം നഷ്ടമായി' രവി കിഷൻ തന്റെ പഴയ കാലത്തെ കുറിച്ച് തുറന്നു പറഞ്ഞു.
ബിഗ് ബോസ് ഷോയിൽ പങ്കെടുത്ത ശേഷം താനേറെ മാറിയെന്നും സാധാരണ രീതികളിലേക്ക് തിരിച്ചുവന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 2019ൽ ദി കപിൽ ശർമ ഷോയിൽ തന്നെ കുറിച്ചുള്ള ആക്ഷേപങ്ങൾ കിംവദന്തികളാണെന്ന് പറഞ്ഞ് രവി കിഷൻ നിഷേധിച്ചിരുന്നു. ഗ്യാങ്‌സ് ഓഫ് വസ്സീപൂർ നഷ്ടമായതിൽ ഖേദമുണ്ടെന്ന് മാത്രമാണ് അന്ന് പറഞ്ഞത്.
അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഗ്യാങ്‌സ് ഓഫ് വസ്സീപൂരിൽ മനോജ് ബാജ്‌പേയ്, നവാസുദ്ദീൻ സിദ്ദീഖി, പങ്കജ് ത്രിപാദി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. 2012 പുറത്തിറങ്ങിയ ചിത്രം ഇവർക്ക് വലിയ ജനശ്രദ്ധയാണ് നൽകിയത്. ഈ അവസരമാണ് രവി കിഷന് നഷ്ടമായത്. ഹിന്ദി, തെലുങ്ക് ചലചിത്രങ്ങളിലും ബിഗ് ബോസ്, ജലക് ദിഖ്‌ലാ ജാ 5 ഷോകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
After stardom in Bhojpuri film industry, I became arrogant: Actor and BJP leader Ravi Kishan