'അടുത്തത് മുസ്‍ലിം പേരുള്ള സിനിമ ചെയ്യണോ, നായകൻ മുസ്‍ലിമാകണോ എന്നാലോചിക്കേണ്ട ഗതികേട് വരുന്നു'; അഷ്റഫ് ഹംസ
'ആമേൻ ചെയ്യുമ്പോൾ ലിജോയ്ക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നുമില്ല, പക്ഷേ സക്കറിയ ഹലാൽ ലവ് സ്റ്റോറി ചെയ്യുമ്പോൾ ചർച്ചയാകുന്നു'
കൊച്ചി: 'ആമേൻ' ചെയ്യുമ്പോൾ ലിജോ ജോസ് പെല്ലിശ്ശേരിയ്ക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ട് നേരിടുന്നില്ലെന്നും സക്കറിയ ഹലാൽ 'ലവ് സ്റ്റോറി' ചെയ്യുമ്പോൾ അത് ചർച്ച ചെയ്യപ്പെടുന്നെന്നും സംവിധായകൻ അഷ്‌റഫ് ഹംസ. പത്തുവർഷത്തിനിടെ മലയാളത്തിലിറങ്ങിയ പൂർണമായും മുസ്‍ലിം സിനിമകൾ 'സുഡാനി ഫ്രം നൈജീരിയ', 'കെഎൽ10', 'ഹലാൽ ലവ് സ്റ്റോറി'യൊക്കെയായിരിക്കും. പത്തുവർഷത്തിനിടെ പുറത്തിറങ്ങിയ ഈ മൂന്ന് സിനിമകളെ ഇത്രമാത്രം ചർച്ചചെയ്യാനുണ്ടോ എന്നും അഷ്‌റഫ് ഹംസ ചോദിക്കുന്നു ദ ക്യൂവിന് നൽകിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഷ്‌റഫ് ഹംസ .
നാലാമതൊരു സിനിമ വരുമ്പോൾ മലബാർ സിനിമ,കോക്കസ് അങ്ങനെയൊക്കെ പറയേണ്ടതുണ്ടോ എന്നതാണ് ഏറ്റവും വലിയ നിരാശയെന്നും അഷ്‌റഫ് ഹംസ പറയുന്നു. 'ഈ മൂന്ന് സിനിമയുമായി നേരിട്ട് എനിക്ക് ബന്ധമില്ല,പക്ഷേ എന്‍റെ സുഹൃത്തുക്കളാണ് ഇത് ചെയ്തിരിക്കുന്നത്. ഈ സിനിമകളിൽ ഏതെങ്കിലും ഒരു വാക്കോ സീനോ ഒരു കമ്മ്യൂണിറ്റിയോ വ്യക്തിയെയോ വേദനപ്പിച്ചതായി എന്റെ ധാരണയില്ല.എന്നിട്ടും ഈ മൂന്ന് സിനിമകളും പല തവണ ചർച്ചയായിട്ടുണ്ട്. സുഡാനിയെ മാറ്റി നിർത്തിയാൽ ഹലാലിനെയും കെ.എൽ 10 നെയും ക്രൂശിക്കുന്നത് കാണാറുണ്ട്. പ്രേക്ഷകരില്‍ നിന്നല്ല, മുഖ്യധാര ചർച്ചകളിലാണ് ഇത്തരം ചോദ്യങ്ങൾ ഉയർന്നുവരുന്നത്. അത് എന്തിനാണെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഒരുപക്ഷേ അതിന്റെ അണിയറപ്രവർത്തകരുടെ രാഷ്ട്രീയം കൊണ്ടാണോ എന്നതടക്കമുള്ള കൺഫ്യൂഷനുകൾ ഉണ്ടാകാറുണ്ട്'..അദ്ദേഹം പറഞ്ഞു.
'മുസ്‍ലിം സിനിമ ചെയ്യുമ്പോൾ പ്രതിരോധമാണോ എന്ന് ചോദിച്ചാൽ ഇപ്പോൾ അങ്ങനെയൊക്കെ ആവുന്ന അവസ്ഥയുണ്ട്. സുലൈഖ മൻസിലിന് ശേഷം അടുത്ത സിനിമ ചെയ്യുമ്പോൾ ഒരു മുസ്‍ലിം പേരുള്ള സിനിമ ചെയ്യണോ, നായകൻ മുസ്‍ലിമാകണോ എന്ന് ആലോചിക്കേണ്ടി വരുന്ന ഗതികേട് ഒരു ഫിലിം മേക്കർക്ക് വരുന്നു. അങ്ങനെ ചിന്തിപ്പിക്കാൻ ഇടയാക്കുന്നുണ്ട്. മലബാർ സിനിമയാണോ എന്ന് ചോദിക്കുമ്പോൾ വിഷമം വരാറുണ്ട്. എം.ടി വാസുദേവൻ നായർ അടുത്ത് കൂടല്ലൂറിനെക്കുറിച്ച് ഒരുപാട് കഥകളെഴുതി. പക്ഷേ എംടി വാസുദേവൻ നായരായിട്ടോ ഏതെങ്കിലും പ്രദേശത്തെക്കുറിച്ച് മാത്രം എഴുതുന്ന ആളായിട്ടോ ആരും കണ്ടിട്ടോ,ചർച്ച ചെയ്തിട്ടോ ഇല്ല..' അഷ്‌റഫ് ഹംസ പറഞ്ഞു.
ഇവിടെ എല്ലാ തരത്തിലുമുള്ള സിനിമകളുണ്ടാകുന്നു. ലിജോ ജോസ് പെല്ലിശേരി ആമേൻ എടുക്കുമ്പോൾ ലിജോയ്ക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടില്ല, പക്ഷേ സക്കരിയ ഹലാൽ ലവ് സ്റ്റോറി എടുത്താൽ അത് ചർച്ചയാകുന്നു. അത് ആരുടെ ആവശ്യമാണ്,എന്തിനാണ് അങ്ങനയൊരു ചർച്ച എന്ന് മനസിലാകുന്നില്ലെന്നും അഷ്റഫ് ഹംസ പറയുന്നു.