'ബാംബുബോയ്സ്' ആദിവാസികളെ അപമാനിക്കുന്ന സിനിമ, സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയിട്ടുണ്ട്-സലീം കുമാര്‍

ഇന്നായിരുന്നെങ്കിൽ അങ്ങനെയൊരു സിനിമ ചെയ്യില്ലായിരുന്നു. നടൻ പറയുന്നത് സംവിധായകനും കൂടി ബോധ്യപ്പെടണമെന്നും സലീം കുമാര്‍

Update: 2023-03-06 16:42 GMT
Editor : ijas | By : Web Desk
Advertising

താന്‍ അഭിനയിച്ച ബാംബു ബോയ്സ് ആദിവാസികളെ അപമാനിക്കുന്ന സിനിമയായിരുന്നുവെന്നും അതിന്‍റെ സെറ്റില്‍ നിന്നും ഇറങ്ങി പോയിട്ടുണ്ടെന്നും നടന്‍ സലീം കുമാര്‍. ഇന്നായിരുന്നെങ്കിൽ അങ്ങനെയൊരു സിനിമ ചെയ്യില്ലായിരുന്നു. നടൻ പറയുന്നത് സംവിധായകനും കൂടി ബോധ്യപ്പെടണമെന്നും സലീം കുമാര്‍ പറഞ്ഞു. 'ദേശാഭിമാനി വാരിക'ക്ക് നല്‍കിയ അഭിമുഖത്തിലാണ് സലീം കുമാര്‍ ബാംബു ബോയ്സിനും സംവിധായകന്‍ അലി അക്ബറിനുമെതിരെ വിമര്‍ശനമുന്നയിച്ചത്.

'സിനിമയിൽ നടനും കൂടി സ്പേസ് ഉണ്ടായിരിക്കണം. പക്ഷേ ആ ഡിസ്‌കഷൻ വളരെ സത്യസന്ധമായിരിക്കണം. ബാംബുബോയ്സ് എന്ന സിനിമയൊക്കെ ചെയ്യുമ്പോൾ ഞാൻ സെറ്റിൽനിന്ന് ഇറങ്ങി പോന്നിട്ടുണ്ട്. ആദിവാസികളെ പലരീതിയിൽ അപമാനിക്കുന്ന സിനിമയായിരുന്നു അത്. ഇന്നായിരുന്നെങ്കിൽ ഞാൻ അങ്ങനെയൊരു സിനിമ ചെയ്യില്ലായിരുന്നു. നടൻ പറയുന്നത് സംവിധായകനും കൂടി ബോധ്യപ്പെടണം'; സലീം കുമാര്‍ പറഞ്ഞു.

'ഇടപെടേണ്ട സ്ഥലങ്ങളിൽ ഇടപെടണം. പക്ഷേ അത് നടന്‍റെ സ്വാർഥലാഭത്തിനു വേണ്ടിയാവരുത്. സിനിമയുടെ നന്മക്കു വേണ്ടിയാവണം. അല്ലെങ്കിൽ വലിയ വിമർശനം ഉണ്ടാകും. ഒരു മേക്കപ്പ്മാൻ പോലും അയാളുടെ സ്പേസിനുവേണ്ടി ഇടപെടണം എന്നാണ് അഭിപ്രായം. സംവിധായകന്‍റെ കലയായിരിക്കുമ്പോൾത്തന്നെ സിനിമ ഒരു കലക്ടീവ് വർക്കും കൂടി ആണ്. ഓരോരുത്തരുടെയും പ്രതിഭയ്ക്കുള്ള സ്പെയിസ്‌ ആ സിനിമ നൽകണം'; സലീം കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അലി അക്ബറിന്‍റെ(രാമസിംഹന്‍ അബൂബക്കര്‍) സംവിധാനത്തിൽ 2002ൽ പുറത്തിറങ്ങിയ സിനിമയാണ് ബാംബൂ ബോയ്സ്. കലാഭവൻ മണി, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ, സലിം കുമാർ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട നാല് പേര്‍ ഡോക്ടറെ അന്വേഷിച്ച് നഗരത്തില്‍ എത്തുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവബഹുലമായ കാര്യങ്ങള്‍ പരിഹാസ ചുവയോടെ അവതരിപ്പിച്ച ചിത്രമായിരുന്നു ബാംബു ബോയ്സ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News