'ശിൽപ്പയുടെ സഹോദരി ശമിത ഷെട്ടിയെ രാജ് കാസ്റ്റ് ചെയ്തിരുന്നു'; വെളിപ്പെടുത്തലുമായി നടി ഗെഹന വസിഷ്ഠ്
"ഞങ്ങൾ തിരക്കഥ ചർച്ച ചെയ്തിരുന്നു. ഒരു സ്‌ക്രിപ്റ്റിലേക്ക് ശമിത ഷെട്ടിയെ കാസ്റ്റ് ചെയ്യാനായിരുന്നു ആലോചന"
മുംബൈ: ശിൽപ്പ ഷെട്ടിയുടെ സഹോദരി ശമിത ഷെട്ടിയെ നായികയാക്കി സിനിമ നിര്‍മിക്കാന്‍ രാജ് കുന്ദ്ര പദ്ധതിയിട്ടിരുന്നതായി നടി ഗെഹന വസിഷ്ഠ്. ബോളിഫെയിം എന്ന പുതിയ ആപ്പും രാജിന്റെ ആലോചനയില്‍ ഉണ്ടായിരുന്നതായി നടി പറഞ്ഞു. നവ് ഭാരത് ടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
'രാജിന്റെ അറസ്റ്റിന് തൊട്ടുമുമ്പാണ് ഞാൻ അദ്ദേഹത്തിന്റെ ഓഫീസിലെത്തിയത്. ബോളിഫെയിം എന്ന പേരിൽ പുതിയ ആപ്പ് ലോഞ്ച് ചെയ്യാൻ അദ്ദേഹത്തിന് പദ്ധതിയുണ്ടായിരുന്നതായി അറിഞ്ഞു. ചാറ്റ് ഷോകൾ, റിയാലിറ്റി ഷോകൾ, ഫീച്ചർ ഫിലിമുകൾ, മ്യൂസിക് വീഡിയോകൾ എന്നിവയാണ് ആപ്പിൽ പദ്ധതിയിട്ടിരുന്നത്. ഫീച്ചർ ഫിലിമുകളിൽ ബോൾഡ് സീനുകൾ പ്ലാൻ ചെയ്തിരുന്നില്ല' - നീലച്ചിത്ര നിര്‍മാണക്കേസിൽ ജാമ്യത്തിൽ കഴിയുന്ന ഗെഹന പറഞ്ഞു.
'ഞങ്ങൾ തിരക്കഥ ചർച്ച ചെയ്തിരുന്നു. ഒരു സ്‌ക്രിപ്റ്റിലേക്ക് ശമിത ഷെട്ടിയെ കാസ്റ്റ് ചെയ്യാനായിരുന്നു ആലോചന. സായ് തംഹൻകാർ അടക്കം മറ്റു രണ്ടു പേരെ കാസ്റ്റ് ചെയ്യാനുള്ള ശ്രമമുണ്ടായിരുന്നു' - അവർ കൂട്ടിച്ചേർത്തു.
കേസിൽ ഫെബ്രുവരി നാലിന് മലാഡിനടുത്തുള്ള മഡ് ഐലന്റിൽ നിന്നാണ് ഗെഹനയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നത്. പോൺ വീഡിയോ ചിത്രീകരിക്കുന്നതിനിടെയായിരുന്നു പൊലീസ് റെയ്ഡ്. സ്വന്തം വെബ്‌സൈറ്റിലെ അശ്ലീല വീഡിയോക്ക് നടി സബ്‌സ്‌ക്രിപ്ഷനും ഈടാക്കിയിരുന്നു. ഗെഹനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉമേഷ് കാമത്ത് എന്നയാൾ പിടിയിലായത്. രാജ് കുന്ദ്രയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരനായിരുന്നു ഉമേഷ്. യുകെ ആസ്ഥാനമായ കെന്റിൻ കമ്പനിയുടെ ഇന്ത്യൻ വിഭാഗത്തിന്റെ ചുമതലക്കാരനായിരുന്നു ഇയാൾ. അഭിനയ മോഹമുള്ള മോഡലിങ് താരങ്ങളെയാണ് സംഘം വലവീശിപ്പിടിച്ചിരുന്നത്.
അതിനിടെ, രാജ് കുന്ദ്രയുടെ വീട്ടിൽ നടന്ന ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ സെർവറും അശ്ലീല വീഡിയോകളും പിടിച്ചെടുത്തു. ഉമേഷ് കാന്ത് വ്യത്യസ്ത നിർമാണ കമ്പനികളുടെ സഹായത്തോടെ നിർമിച്ച വീഡിയോകളാണ് പിടിച്ചെടുത്തത്. ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ രാജ് കുന്ദ്ര തയ്യാറാവുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
വീഡിയോകൾ ഫോറൻസിക് പരിശോധനക്കയക്കും. ഹോട്ട്ഷോട്ട്സ് എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ സെർവറുകൾ ഗൂഗിൾ പേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തതിന് ബദലായി മറ്റൊരു ഒ.ടി.ടി പ്ലാറ്റ്ഫോം തുടങ്ങാൻ രാജ് കുന്ദ്രയും അദ്ദേഹത്തിന്റെ സുഹൃത്തും ശ്രമിച്ചതിന്റെ വിവരങ്ങളും വാട്സ്ആപ്പ് ചാറ്റിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.
യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കിന്റിൻ എന്ന സ്ഥാപനവുമായി രാജ് കുന്ദ്രക്ക് ബന്ധമുണ്ട്. കിന്റിന്റെ സഹായത്തോടെ നീലച്ചിത്രങ്ങൾ ഇന്റർനെറ്റിൽ അപലോഡ് ചെയ്തെന്ന ആരോപണവും പൊലീസ് പരിശോധിക്കും. കുന്ദ്രയുടെ രണ്ട് വർഷക്കാലത്തെ ബാങ്ക് എക്കൗണ്ട് വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. രണ്ട് വർഷത്തോളമായി കുന്ദ്ര നീലച്ചിത്ര വ്യവസായം നടത്തുന്നതായി പൊലീസ് പറഞ്ഞു.
രാജ് കുന്ദ്രയ്‌ക്കെതിരെ പൂനം പാണ്ഡെ
രാജ് കുന്ദ്രയ്‌ക്കെതിരെ ആരോപണവുമായി ബോളിവുഡ് നടി പൂനം പാണ്ഡെ രംഗത്തെത്തി. ഹോട് ഷോട്ട്‌സ് ആപ്പിൽ അഭിനയിക്കാനായി രാജ് തന്നെ സമീപിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ കമ്പനിയുമായി കരാർ ഉണ്ടാക്കിയതാണ് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റെന്നും പൂനം പറഞ്ഞു.
രാജിന്റെ കമ്പനിയുമായുള്ള കരാറിൽ ഒപ്പുവയ്ക്കാൻ എന്നെ ഭീഷണിപ്പെടുത്തി. അവരുടെ ആഗ്രഹത്തിന് അനുസരിച്ചായിരുന്നു ഷൂട്ടുകൾ. അനുസരിച്ചില്ലെങ്കിൽ വ്യക്തിഗത വീഡിയോകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. കരാർ അവസാനിപ്പിച്ചതിന് പിന്നാലെ എന്റെ സ്വകാര്യ മൊബൈൽ നമ്പർ അവർ ചോർത്തി. വിവിധയിടങ്ങളിൽ നിന്നായി ആയിരക്കണക്കിന് വിളികളാണ് വന്നത്. ആളുകൾ നീലച്ചിത്രങ്ങളും വീഡിയോകളും അയച്ചു. ഭയം കൊണ്ട് ഞാൻ വീടു വിട്ടു' - പൂനം പാണ്ഡെ കൂട്ടിച്ചേർത്തു.
കരാർ അവസാനിച്ച ശേഷവും തന്റെ ചിത്രവും ദൃശ്യങ്ങളും രാജ് കുന്ദ്രയുടെ കമ്പനി ഉപയോഗിച്ചെന്ന് നേരത്തെ നടി ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ രാജ് കുന്ദ്രയ്ക്കും സഹായി സൗരഭ് ഖുഷ്‌വാഹയ്ക്കുമെതിരെ ഇവർ ക്രിമിനൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.