അച്ഛന്‍ എട്ടാം ക്ലാസ്, മുത്തച്ഛന്‍ ആറാം ക്ലാസ്; കുടുംബത്തില്‍ ഏറ്റവും കൂടുതല്‍ പഠിച്ചത് ഞാന്‍; വിദ്യഭ്യാസ യോഗ്യത തുറന്നു പറഞ്ഞ് രണ്‍ബീര്‍ കപൂര്‍

തുടക്കത്തില്‍ സംവിധാന സഹായിയായി എത്തിയ രണ്‍ബീര്‍ കപൂര്‍ പിന്നീട് അഭിനയമേഖലയിലേക്ക് തിരിയുകയായിരുന്നു.

Update: 2022-07-10 10:36 GMT
Advertising

മുംബൈ: ബോളിവുഡ്ഡില്‍ ഏറ്റവും ആരാധകരുള്ള യുവതാരങ്ങളില്‍ ഒരാളാണ് രണ്‍ബീര്‍ കപൂര്‍. ബോളിവുഡ്ഡിലെ സിനിമ കുടുംബമായ കപൂര്‍ ഫാമിലിയില്‍ ജനിച്ച രണ്‍ബീറിന്റെ കല്ല്യാണം ഈ അടുത്തായിരുന്നു കഴിഞ്ഞത്.

ബോളിവുഡ് താരവും സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകളുമായ ആലിയ ഭട്ടിനെയാണ് രണ്‍ബീര്‍ വിവാഹം ചെയ്തത്. ഇപ്പോഴിതാ തന്റെ വിദ്യഭ്യാസ യോഗ്യത തുറന്നു പറഞ്ഞിരിക്കുകയാണ് രണ്‍ബീര്‍ കപൂര്‍. തന്റെ കുടുംബത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യഭ്യാസ യോഗ്യത ഉള്ളത് തനിക്കാണെന്നാണ് രണ്‍ബീര്‍ കപൂര്‍ പറയുന്നത്.

പുതിയ ചിത്രമായ ഷംഷേരയുടെ പ്രചാരണ പരിപാടികള്‍ക്കിടെ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ ഡോളി സിങ്ങിനോടായിരുന്നു രണ്‍ബീര്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. പഠനകാര്യത്തില്‍ കുടുംബത്തിന്റെ ചരിത്രം അത്ര നല്ലതല്ല. അച്ഛന്‍ എട്ടാം ക്ലാസ് വരെയാണ് പോയത്. അമ്മാവന്‍ ഒമ്പതാം ക്ലാസ് വരെയും മുത്തച്ഛന്‍ ആറാം ക്ലാസ് വരെയുമാണ് പഠിച്ചതെന്നും താന്‍ മാത്രമാണ് കുടുംബത്തില്‍ പത്താം ക്ലാസ് പാസായതെന്നുമാണ് രണ്‍ബീര്‍ പറയുന്നത്.

53.4 ശതമാനം മാര്‍ക്കാണ് പത്താംക്ലാസില്‍ തനിക്ക് കിട്ടിയത്. ജയിക്കുമെന്ന് കുടുംബത്തില്‍ ആര്‍ക്കും ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. എന്നിട്ടും താന്‍ ജയിച്ചു. കുടുംബത്തില്‍ പത്താംതരം പാസാവുന്ന ആദ്യത്തെയാള്‍ താനായിരുന്നെന്നും രണ്‍ബീര്‍ പറഞ്ഞു.

മുമ്പ് പി.ടി.ഐയോടും താന്‍ ഇക്കാര്യം പറഞ്ഞിരുന്നെന്നും രണ്‍ബീര്‍ വീഡിയോയില്‍ പറയുന്നുണ്ട്. തുടക്കത്തില്‍ സംവിധാന സഹായിയായി എത്തിയ രണ്‍ബീര്‍ കപൂര്‍ പിന്നീട് അഭിനയമേഖലയിലേക്ക് തിരിയുകയായിരുന്നു. 2007 ലാണ് രണ്‍ബീര്‍ ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്.

Tags:    

Writer - അശ്വിന്‍ രാജ്

Media Person

Editor - അശ്വിന്‍ രാജ്

Media Person

By - Web Desk

contributor

Similar News