ആരുടെയും വീട്ടിൽ അതിക്രമിച്ച് കയറിയിട്ടല്ലല്ലോ ഞാൻ പറയുന്നത്; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി ലെന

വിമർശിക്കുന്നവർ താൻ പറയുന്നത് കേൾക്കണമെന്ന് ഒരു നിർബന്ധവുമില്ല എന്നാണ് ലെന ഒരു ചാനലിനോട് പറഞ്ഞത്

Update: 2023-11-03 02:50 GMT
Editor : Jaisy Thomas | By : Web Desk

ലെന

Advertising

കഴിഞ്ഞ ജന്‍മത്തില്‍ താനൊരു ബുദ്ധസന്യാസി ആയിരുന്നുവെന്ന വാക്കുകളുടെ ചുവടുപിടിച്ച് തനിക്കെതിരെ സോഷ്യല്‍മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി ലെന. വിമർശിക്കുന്നവർ താൻ പറയുന്നത് കേൾക്കണമെന്ന് ഒരു നിർബന്ധവുമില്ല എന്നാണ് ലെന ഒരു ചാനലിനോട് പറഞ്ഞത്.

ലെനയുടെ വാക്കുകൾ

'ഞാൻ പറയുന്ന കാര്യങ്ങൾ ഒന്നും രാഷ്ട്രീയപരവുമല്ല മതപരവുമല്ല. ഒരു മതത്തെയും പിന്തുടരാത്ത ഒരാളാണ് ഞാൻ. എന്നാൽ എല്ലാ മതക്കാരും എന്റെ ഫാമിലിയിൽ തന്നെയുണ്ട്. എല്ലാ മതങ്ങളുടെയും മതക്കാരുടെയും സൗഹാർദം കണ്ട് വളർന്ന ഒരാളാണ് ഞാൻ. അതുകൊണ്ടാണ് എനിക്ക് വീണ്ടും ഈ കാര്യത്തെക്കുറിച്ച് കൂടുതൽ കൗതുകം തോന്നിയത്. എന്തിനാണ് പല മതങ്ങൾ, എല്ലാം ഒന്നിലേക്ക് തന്നെയല്ലേ എത്തുന്നതെന്ന ചിന്തയിൽ നിന്നാണ് എന്റെ ഈ അന്വേഷണം.

മുൻ ജന്മത്തെ കുറിച്ച് പറയുമ്പോൾ, ആദ്യം നമുക്കൊരു ഐഫോൺ 5 ഉണ്ടായിരുന്നു, അന്ന് നമ്മൾ അതിലെ ഫോട്ടോസ് സ്റ്റോർ ചെയ്യാൻ ഒരു ഐ ക്ലൗഡ് ആരംഭിച്ചു. കാലങ്ങൾക്കിപ്പുറം ഐ ഫോൺ 15 ൽ എത്തി നിൽക്കുമ്പോൾ ആ ക്ലൗഡ് സ്റ്റോറേജ് തന്നെയാണ് നമ്മൾ ഉപയോഗിക്കുക. ഒരു പുതിയ ഫോൺ ആണെന്ന് കരുതി എല്ലാം ആദ്യം മുതൽ തുടങ്ങേണ്ട ആവശ്യമില്ല. അതിനുള്ളിലെ സാധനങ്ങൾ വികസിച്ചു കൊണ്ടേയിരിക്കും. ഈ ഫോണുകളാണ് നമ്മുടെ ശരീരങ്ങൾ, ഈയൊരു കണക്ഷനാണ് അതിനെ ഒരേ ഫോണുകൾ ആകുന്നത്.

അങ്ങനെയാണ് മുൻ ജന്മവും. മനസിന് ശരീരവുമായി ഒരു ബന്ധവുമില്ല. അതുകൊണ്ട് തന്നെ നമുക്കെല്ലാവർക്കും ഒരു കഴിഞ്ഞക്കാല ജീവിതമുണ്ട്. കഴിഞ്ഞ ജന്മത്തിൽ ഞാനൊരു ബുദ്ധ സന്യാസിയായിരുന്നു. 63 വയസ്സ് വരെ ജീവിച്ചിരുന്നു. എന്നെ വിമർശിക്കുന്നവർ ഞാൻ പറയുന്നത് കേൾക്കണമെന്ന് എനിക്ക് ഒരു നിർബദ്ധവുമില്ല. അവരിത് മറന്ന് അവർക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ, ഞാൻ ആരുടെയും വീട്ടിൽ അതിക്രമിച്ച് കയറിയിട്ടല്ലല്ലോ ഇതൊക്കെ പറയുന്നത്' ലെന പറഞ്ഞു.

ഈഗോ ഇല്ലാതായാൽ മൈഗ്രെയ്ൻ ഇല്ലാതാകും. കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന മരുന്നുകൾ ആരോഗ്യപ്രശ്നമുണ്ടാക്കും. ഒരിക്കല്‍ സൈക്യാട്രിക് മരുന്നുകള്‍ ഉപയോഗിച്ചാല്‍ പിന്നീട് അതു ഉപേക്ഷിക്കാനാകില്ല എന്നിങ്ങനെയുള്ള വാദങ്ങളാണ് ലെന ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ നിരത്തിയത്.

ലെനയുടെ വാക്കുകള്‍ക്കെതിരെ ഇന്ത്യൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷൻ കേരളാഘടകം രംഗത്തെത്തിയിരുന്നു.''ലെന പറഞ്ഞ തെറ്റായ അവകാശവാദങ്ങൾ പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാനും ക്ലിനിക്കൽ സൈക്കോളജി വിഭാ​ഗത്തേക്കുറിച്ച് തെറ്റായ സ്വാധീനം ഉണ്ടാക്കാനും തക്കതാണ്. ലെന തങ്ങളുടെ സംഘടനയിലെ അം​ഗമല്ല എന്നതും അവരുടെ പ്രസ്താവനകളിലും കാഴ്ച്ചപ്പാടിലും തങ്ങൾക്ക് ഉത്തരവാദിത്തമില്ല എന്നും വ്യക്തമാക്കുന്നു. ക്ലിനിക്കൽ സൈക്കോളജിയോ മറ്റേതെങ്കിലും മെഡിക്കൽ സംബന്ധമോ ആയ വിഷയങ്ങളിൽ ജനങ്ങൾ മതിയായ യോ​ഗ്യതയുള്ള വിദ​ഗ്ധരുടെ അഭിപ്രായമോ ഉപദേശമോ തേടേണ്ടത് അത്യാവശ്യമാണ്.'' അസോസിയേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News