ബാബുവിന്‍റെ ജീവിതം സിനിമയായാല്‍; ട്രോള്‍ പൂരം തീര്‍ത്ത് നെറ്റിസണ്‍സ്

അഭിനയിച്ച മിക്ക സിനിമകളിലും അപ്രതീക്ഷിത അപകടങ്ങളില്‍ കുടുങ്ങി കിടക്കുന്ന വേഷങ്ങള്‍ അഭിനയിച്ച അന്ന ബെന്നും ട്രോളന്‍മാരുടെ ട്രോളുകള്‍ക്ക് ഇരയായി

Update: 2022-02-09 14:45 GMT
Editor : ijas
Advertising

46 മണിക്കൂർ പാലക്കാട് മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിന്‍റെ ജീവിത കഥ സിനിമയായാല്‍ എന്താകുമെന്ന ചിന്ത പങ്കുവെച്ച് നെറ്റിസണ്‍സ്. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച ട്രോള്‍ ഫോട്ടോകളിലൂടെയാണ് സാങ്കല്‍പ്പിക സിനിമാ അനുഭവങ്ങള്‍ പങ്കുവെച്ചത്.

മലമുകളില്‍ നിന്നും രക്ഷപ്പെട്ട ബാബുവിന്‍റെ ജീവിതം സിനിമയായാല്‍ അക്ഷയ് കുമാറാകും നായകനെന്നാണ് ട്രോള്‍. മൗണ്ട്യൻ കില്ലാടി എന്ന പോസ്റ്ററും അക്ഷയ് കുമാറിന്‍റെ ഫോട്ടോ ചേര്‍ത്ത് ട്രോളന്‍മാര്‍ പുറത്തിറക്കി. യഥാര്‍ത്ഥ സംഭവങ്ങള്‍ ബോളിവുഡില്‍ സിനിമയാക്കുമ്പോള്‍ സ്ഥിരം നായകകഥാപാത്രത്തിലെത്താറ് അക്ഷയ് കുമാറാണ്. ഇതിന്‍റെ ചുവടുപിടിച്ചാണ് ട്രോളന്‍മാര്‍ താരത്തെ ഏറ്റെടുത്തത്. എയര്‍ലിഫ്റ്റ്, റസ്തം, പാഡ്മാന്‍, ഗോള്‍ഡ്, കേസരി, സ്‌പെഷ്യല്‍ 26, ബേബി, ടോയ്‌ലറ്റ്, മിഷന്‍ മംഗള്‍ എന്നിങ്ങനെ നിരവധി ജീവചരിത്ര സിനിമകളിലാണ് അക്ഷയ് കുമാര്‍ നായകനായിട്ടുള്ളത്.


അഭിനയിച്ച മിക്ക സിനിമകളിലും അപ്രതീക്ഷിത അപകടങ്ങളില്‍ കുടുങ്ങി കിടക്കുന്ന വേഷങ്ങള്‍ അഭിനയിച്ച അന്ന ബെന്നും ട്രോളന്‍മാരുടെ ട്രോളുകള്‍ക്ക് ഇരയായി. ഹെലന്‍, കപ്പേള എന്ന ചിത്രങ്ങളില്‍ സമാന വേഷങ്ങള്‍ അഭിനയിച്ചതിന് പിന്നാലെയാണ് അന്നയെ കടന്നാക്രമിച്ച് ട്രോളന്‍മാര്‍ എത്തിയത്. ലെഫ്റ്റനന്‍റ് ജനറല്‍ ആയി ടോവിനോ തോമസും ബാബു ആയി ഷെയ്‌ന്‍ നിഗവും എത്തുമ്പോള്‍ എങ്ങനെയായിരിക്കും എന്ന് പറഞ്ഞാണ് ഒരു ട്രോള്‍. സിനിമയ്ക്ക് പേര് ബാബു 45 വേണോ അതോ 45 ബാബു എന്നാക്കണോ എന്നാണ് ഒരു ട്രോളില്‍ പറയുന്നത്.






അഡല്‍റ്റ് കോമഡി സിനിമകളിലൂടെ ശ്രദ്ധേയനായ ഒമര്‍ ലുലു അപകടത്തില്‍പ്പെട്ട ബാബുവിന്‍റെ ജീവിതം സിനിമയാക്കിയാല്‍ എങ്ങനെയാകുമെന്നതും ട്രോളന്‍മാര്‍ വിശദീകരിക്കുന്നുണ്ട്. മലയിറങ്ങിയ ബാബു ഗോവയിലേക്ക് പോകുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ചങ്ക്സ്, ധമാക്ക എന്നീ സിനിമകള്‍ ആണ് ഒമര്‍ലുലുവിന്‍റെ ട്രോളുകള്‍ക്ക് അടിസ്ഥാനമാക്കുന്നത്.




അതെ സമയം എന്‍.ഡി.ആര്‍.എഫും സൈന്യവും നടത്തിയ സംയുക്തമായ രക്ഷാപ്രവര്‍ത്തനത്തിന് ശേഷം ബാബുവിനെ പാലക്കാട് ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ബാബുവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. നിരീക്ഷണത്തിന് വേണ്ടിയാണ് ഐസിയുവിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില പരിശോധിച്ച ശേഷം നാളെ ഡിസ്ചാര്‍ജ് ചെയ്യും.

ഇന്നലെ രാത്രി ചേറാട് മലയിലെത്തിയ സൈന്യം രാവിലെ 9 മണിക്കാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. തന്നെ രക്ഷപ്പെടുത്തിയ രക്ഷാപ്രവർത്തകരെ ചുംബിച്ചാണ് ബാബു സ്നേഹം പ്രകടിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും സുഹൃത്തുക്കളും ചോറോട് മലകയറിയത് . തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങി. കുടുങ്ങിയ ബാബു തന്നെയാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. നാട്ടുകാരും സന്നദ്ധപ്രവർത്തകരും ഫയർഫോഴ്സും രക്ഷപ്പെടുത്താന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇന്ന് പുലർച്ചെ വരെ ബാബുവിന്‍റെ അടുത്തെത്താൻ കഴിഞ്ഞില്ല. ഇന്ന് രാവിലെ 9 മണിയോടെയാണ് വടം കെട്ടി ബാബുവിനടുത്തേക്ക് സൈനികർ ഇറങ്ങിയത്. ആദ്യം വെള്ളം നൽകിയ ശേഷം സുരക്ഷ സംവിധാനങ്ങൾ ഘടിപ്പിച്ച് മുകളിലെത്തിക്കുകയായിരുന്നു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News