ഐ.എഫ്.എഫ്.കെ: എന്‍ട്രി സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 11
രണ്ട് വര്‍ഷത്തിന് ശേഷമാണ് ഐ.എഫ്.എഫ്.കെ സാധാരണ സംഘടിപ്പിക്കാറുള്ള ഡിസംബര്‍ മാസത്തില്‍ നടത്തുന്നത്
തിരുവനന്തപുരം: ഇരുപ്പത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള തിയതി സെപ്റ്റംബര്‍ 11ന് അവസാനിക്കും. രാജ്യാന്തര മല്‍സരവിഭാഗം, ലോക സിനിമ, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ ടുഡേ വിഭാഗങ്ങളിലേക്കാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി എൻട്രികൾ ക്ഷണിക്കുന്നത്. 2021 സെപ്റ്റംബർ ഒന്നിനും 2022 ആഗസ്റ്റ് 31നും ഇടയില്‍ പൂര്‍ത്തിയായ ചിത്രങ്ങളാണ് മേളയിലേക്ക് തെരഞ്ഞെടുക്കുക. ഓഗസ്റ്റ് 11നാണ് രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ച് തുടങ്ങിയത്. www.iffk.in എന്ന വെബ്സൈറ്റിലൂടെ എന്‍ട്രികള്‍ സമര്‍പ്പിക്കാമെന്ന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അറിയിച്ചു.
രണ്ട് വര്‍ഷത്തിന് ശേഷമാണ് ഐ.എഫ്.എഫ്.കെ സാധാരണ സംഘടിപ്പിക്കാറുള്ള ഡിസംബര്‍ മാസത്തില്‍ നടത്തുന്നത്. ഈ വര്‍ഷം ഡിസംബര്‍ 9 മുതല്‍ 16 വരെ എട്ട് ദിവസങ്ങളിലായാണ് മേള സംഘടിപ്പിക്കുക. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അവസാന രണ്ട് ചലച്ചിത്ര മേളകളില്‍ ഒന്ന് മാറ്റിവെക്കുകയും മറ്റൊന്ന് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി പ്രാദേശികമായി സംഘടിപ്പിക്കുകയും ചെയ്തിരുന്നു.