"രാഷ്ട്രീയത്തിലേക്ക് പലതവണ വിളിച്ചു.. പോയില്ല, വിവേകമുള്ളയാളാണ് ഞാൻ"; കങ്കണ
ഷാരൂഖ് ഖാന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പഠാനെ ലക്ഷ്യമിട്ടായിരുന്നു കങ്കണയുടെ സോഷ്യൽ മീഡിയ ആക്രമണങ്ങൾ
രാഷ്ട്രീയത്തിന് താൻ യോഗ്യയല്ലെന്ന് നടിയും ചലച്ചിത്ര നിർമാതാവുമായ കങ്കണ റണാവത്ത്. വിവരവും വിവേകവുമുള്ളയാളാണെന്നും തന്നെ വെറുക്കുന്നവരും ഭയപ്പെടുന്നവരും തന്റെ രാഷ്ട്രീയ വിശ്വാസങ്ങൾ ചൂണ്ടിക്കാട്ടിയാണ് ന്യായീകരിക്കുന്നതെന്നും കങ്കണ ട്വിറ്ററിലെ പുതിയ പോസ്റ്റിൽ പറഞ്ഞു. ഉർഫി ജാവേദിന്റെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അവർ.
"ഞാനൊരു രാഷ്ട്രീയക്കാരിയല്ല. വിവരവും വിവേകവുമുള്ളയാളാണ്. രാഷ്ട്രീയത്തിൽ ചേരാൻ എന്നോട് പലതവണ ആവശ്യയപ്പെട്ടിരുന്നെങ്കിലും ഞാനതിന് കൂട്ടാക്കിയില്ല. എന്റെ വെളിച്ചത്തെ ഭയപ്പെടുന്നവരും വെറുക്കുന്നവരും ന്യായീകരിക്കാൻ ഉപയോഗിക്കുന്നത് അവർക്കെന്റെ രാഷ്ട്രീയ ആശയങ്ങൾ ഇഷ്ടമല്ലെന്നാണ്. ഹ..ഹ.. ഒരു ദിവസം കടന്നുപോകാൻ അങ്ങനെയെങ്കിലും ഇതവരെ സഹായിക്കട്ടെ"; കങ്കണ കുറിച്ചു.
എന്നാൽ, മാസങ്ങൾക്ക് മുമ്പ് പഞ്ചായത്ത് ആജ് തക്കിലെ ഒരു സെഷനിൽ താൻ രാഷ്ട്രീയത്തിൽ ചേരാൻ തയ്യാറാണെന്ന് കങ്കണ പറഞ്ഞിരുന്നു. സാഹചര്യം അനുസരിച്ച്, സർക്കാരിന് എന്റെ പങ്കാളിത്തം ആവശ്യമാണെങ്കിൽ താനതിന് തയ്യാറാണെന്നായിരുന്നു കങ്കണയുടെ പ്രസ്താവന. ഹിമാചൽ പ്രദേശിലെ ആളുകൾ എനിക്ക് സേവിക്കാൻ അവസരം നൽകിയാൽ അത് വളരെ നല്ലതായിരിക്കുമെന്നും അവർ പറഞ്ഞിരുന്നു.
കങ്കണയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വിദ്വേഷ പോസ്റ്റുകൾ കാരണം സ്ഥിരമായി സസ്‌പെൻഡ് ചെയ്തതിന് ശേഷം അടുത്തിടെയാണ് തിരികെ നൽകിയത്. ട്വിറ്ററിലേക്ക് മടങ്ങിയെത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലെ വിദ്വേഷ പെരുമാറ്റത്തിലേക്ക് മടങ്ങിപ്പോകാൻ കങ്കണയ്ക്ക് അധികസമയം ആവശ്യമായി വന്നില്ല. ഷാരൂഖ് ഖാന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പഠാനെ ലക്ഷ്യമിട്ടായിരുന്നു കങ്കണയുടെ സോഷ്യൽ മീഡിയ ആക്രമണങ്ങൾ. സിനിമക്കെതിരെ കടുത്ത വിദ്വേഷങ്ങളും വിമർശനങ്ങളും നിറഞ്ഞ പോസ്റ്റുകളാണ് കങ്കണ പങ്കുവെച്ചത്.
കഴിഞ്ഞ കുറേ വർഷങ്ങളായി ഷാരൂഖ് ഫ്ളോപ്പുകൾ മാത്രമാണ് സമ്മാനിച്ചതെന്ന് തുടങ്ങി രാജ്യം ഖാന്മാരെ സ്‌നേഹിച്ചിട്ടേയുള്ളുവെന്നും മുസ്ലിം അഭിനേതാക്കളോട് പ്രേക്ഷകർക്ക് പ്രത്യേക അഭിനിവേശമുണ്ടെന്നും കങ്കണ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുൻസറായ ഉർഫി ജാവേദ് രംഗത്തെത്തിയത്. കലയെ എന്തിനാണ് മതത്തിന്റെ പേരിൽ വിഭജിക്കുന്നതെന്ന് ഉർഫി ജാവേദ് ചോദിച്ചു. 'മുസ്ലിം നടന്മാരും, ഹിന്ദു നടന്മാരും. എന്താണ് ഈ വിഭജനം. കലയെ മതത്തിന്റെ പേരിൽ വിഭജിക്കാനാകുമോ. അവിടെ അഭിനേതാക്കൾ മാത്രമേയുള്ളൂ,' ഉർഫി ജാവേദ് ട്വീറ്റ് ചെയ്തു.
തന്നെ പരിഹസിച്ച ഷാരൂഖ് ആരാധകർക്ക് മറുപടി നൽകിയാണ് കങ്കണ ഇങ്ങനെ പറഞ്ഞത്. അതേസമയം, കങ്കണയുടേതായി അവസാനം പുറത്തിറങ്ങിയ ധാക്കഡ് എന്ന ചിത്രം ഒരു വൻ തോൽവിയായിരുന്നു. തിയേറ്ററുകളിൽ കഷ്ടിച്ച് ഒരാഴ്‌ച മാത്രമാണ് ചിത്രം ഓടിയത്. 'എമർജൻസി'യാണ് കങ്കണയുടെ അടുത്ത ചിത്രം. എമർജൻസി നിർമിക്കുന്നതിനായി തന്റെ സ്വത്തുക്കൾ വരെ പണയപ്പെടുത്തിയതായി കങ്കണ പറയുന്നു. അടുത്തിടെ നിർമ്മാണം പൂർത്തിയാക്കിയ ചിത്രത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷമാണ് കങ്കണ ചെയ്യുന്നത്.