"ഞാൻ പാടാൻ പോവാ, ആരും കൂവരുത്ട്ടോ"; വൈറലായി നടി കാർത്തികയുടെ പഴയ വീഡിയോ
1987-ല്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ഖത്തറില്‍ വെച്ചുനടന്ന മലയാളം സൂപ്പര്‍ സ്റ്റാര്‍ നൈറ്റ് എന്ന സ്‌റ്റേജ് ഷോയിലായിരുന്നു താരത്തിന്‍റെ പാട്ട്
ഒരു കാലത്ത് മലയാള സിനിമയില്‍ നിറസാന്നിധ്യമായിരുന്ന ചലച്ചിത്രതാരം കാര്‍ത്തിക മലയാളികളുടെ നിത്യ ഹരിത നായികയാണ്. ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ താരമാണ് അവര്‍. 34 വര്‍ഷങ്ങള്‍ പഴക്കമുള്ള കാര്‍ത്തികയുടെ ഒരു പാട്ട് വിഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൈബര്‍ ഇടങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
1987-ല്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ഖത്തറില്‍ വെച്ചുനടന്ന മലയാളം സൂപ്പര്‍ സ്റ്റാര്‍ നൈറ്റ് എന്ന സ്‌റ്റേജ് ഷോയിലായിരുന്നു താരത്തിന്‍റെ പാട്ട്. കാര്‍ത്തികയെ മമ്മൂട്ടി പരിചയപ്പെടുത്തുന്നതും വിഡിയോയിലുണ്ട്.
'ആദ്യമായാണ് ഒരു പൊതുവേദിയില്‍ ഓര്‍ക്കസ്ട്രയ്‌ക്കൊപ്പം പാടുന്നത്. ആരും കൂവരുത് പ്ലീസ്' എന്ന് പറഞ്ഞുകൊണ്ടാണ് കാര്‍ത്തിക പാട്ടു പാടാന്‍ ആരംഭിച്ചത്. മികച്ച കൈയടി നല്‍കിയാണ് ചടങ്ങില്‍ സദസ്സിലുണ്ടായിരുന്നവര്‍ താരത്തിന്‍റെ പാട്ടിനെ വരവേറ്റത്. നടിയുടെ ആലാപന മാധുര്യത്തെ പ്രശംസിച്ച് നിരവധി പേരാണ് ഇപ്പോള്‍ രംഗത്തു വരുന്നത്.
കാർത്തികയുടെ ആദ്യ ചലച്ചിത്രം മണിച്ചെപ്പ് തുറന്നപ്പോൾ എന്ന ചിത്രമാണ്. 1980 കളിലെ മികച്ച അഭിനേത്രിയായിരുന്ന കാർത്തിക, തന്‍റെ ലളിതവും, ഗൃഹാതുരത്വവുമുള്ള കഥാപാത്രങ്ങളാൽ മലയാളചലച്ചിത്രപ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയയായി. സംവിധായകനായ ബാലചന്ദ്ര മേനോൻ ആണ് കാർത്തികയെ മലയാള ചലച്ചിത്രത്തിലേക്കു കൊണ്ടുവന്നത്. കൂടുതൽ ചിത്രങ്ങളിലും മോഹൻലാലിന്‍റെ നായികയായിട്ടാണ് കാർത്തിക അഭിനയിച്ചിട്ടുള്ളത്. തമിഴ് ചിത്രമായ നായകൻ എന്ന ചിത്രത്തിൽ കമലഹാസന്‍റെ ഒപ്പം അഭിനയിച്ചു. ദേശാടനക്കിളി കരയാറില്ല, കരിയിലക്കാറ്റ് പോലെ, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, താളവട്ടം, ഗാന്ധിനഗര്‍ സെക്കന്‍റ് സ്ട്രീറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ കാര്‍ത്തിക ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നിട്ടുണ്ട്. തന്‍റെ വിവാഹ ശേഷം കാർത്തിക ചലച്ചിത്ര രംഗം വിടുകയായിരുന്നു.