'ദൈവത്തിന് തുല്യം'; 60 ലക്ഷം രൂപയുടെ 'ബിഗ്ബി' പ്രതിമ അമേരിക്കയിലെ വീടിന് മുന്നില്‍ സ്ഥാപിച്ച് കുടുംബം

പ്രതിമ സ്ഥാപിച്ച കാര്യം അമിതാഭ് ബച്ചന് അറിയാമെന്നും ആരാധകന്‍ വെളിപ്പെടുത്തി

Update: 2022-08-29 09:05 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂജേഴ്സി: സിനിമ നടൻമാരോടുള്ള ഇഷ്ടം മൂത്ത് ആരാധകർ പലവിധ സാഹസങ്ങൾക്കും മുതിരാറുണ്ട്. ആരാധനയ്ക്ക് ദേശമോ ഭാഷയോ തടസമല്ല. അത്തരത്തിലൊരു ആരാധക കുടുംബം  ഇഷ്ട താരത്തിന് വേണ്ടി ചെയ്ത കാര്യമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഇന്ത്യൻ സിനിമയിലെ തന്നെ താരരാജാവായ അമിതാഭ് ബച്ചന്റെ പ്രതിമ അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ സ്ഥാപിച്ചിരിക്കുകയാണ് ഇന്തോ-അമേരിക്കൻ കുടുംബം. ന്യൂജേഴ്സിയിലെ എഡിസൺ സിറ്റിയിലുള്ള റിങ്കു-ഗോപി സേത്ത് ദമ്പതികളുടെ വീട്ടിലാണ് ബോളിവുഡ് സൂപ്പർതാരം ബിഗ്ബിയുടെ കൂറ്റൻ പ്രതിമ സ്ഥാപിച്ചത്.

വെറുതെ വീട്ടിന് പുറത്ത് പ്രതിമ സ്ഥാപിക്കുകയല്ല അവർ ചെയ്തത്. 600 ഓളം ബിഗ് ബി ആരാധകരും പങ്കെടുത്ത ചടങ്ങായിരുന്നു അത്. കമ്മ്യൂണിറ്റി നേതാവ് ആൽബർട്ട് ജസാനി ഔപചാരികമായി അനാച്ഛാദനം ചെയ്തു. ശേഷം പടക്കം പൊട്ടിക്കലും പാട്ടും നൃത്തവുമെല്ലാം അരങ്ങേറി. വലിയ ചില്ലുകൂട്ടിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

ബിഗ് ബി എനിക്കും ഭാര്യക്കും ദൈവത്തിന് തുല്യമാണെന്ന് ഇന്റർനെറ്റ് സുരക്ഷാ എഞ്ചിനീയറായ ഗോപി സേത്ത് വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. ബിഗ്ബിയും സിനിമാഭിനയം പോലെത്തന്നെ അദ്ദേഹം വ്യക്തിത്വവും തന്നെ ആകർഷിച്ചതായി ഗോപി സേത് പറയുന്നു. മറ്റ് താരങ്ങളെ പോലെയല്ല അദ്ദേഹം ആരാധകരുമായി അദ്ദേഹം ഇടപെടുന്നതും ആശയവിനിമം നടത്തുന്നതുമെല്ലാം എന്നെ ആകർഷിച്ചതായും ഗോപി സേത് പറയുന്നു. അതുകൊണ്ട് കൂടിയാണ് വീടിന് മുന്നിൽ ബിഗ്ബിയുടെ പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചതെന്നും കുടുംബം പറയുന്നു. ചടങ്ങിന്റെ ചിത്രങ്ങൾ ട്വിറ്ററിലും പങ്കുവെച്ചിട്ടുണ്ട്.

ന്യൂജേഴ്സിയിൽ പ്രതിമ സ്ഥാപിച്ച കാര്യം അമിതാഭ് ബച്ചന് അറിയാമെന്നും സേത്ത് വെളിപ്പെടുത്തി. രാജസ്ഥാനിൽ നിന്നാണ് പ്രതിമ രൂപകൽപന ചെയ്തത്. ഏകദേശം 60 ലക്ഷം രൂപയാണ് (75,000 ഡോളർ) ഇതിനായി ചെലവഴിച്ചത്.'യുഎസിൽ ഒരു പ്രതിമ സ്ഥാപിക്കുന്നത് ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതാണ്, ഇത് മറ്റുള്ളവയേക്കാൾ ബുദ്ധിമുട്ടായിരുന്നു,' ഗോപി സേത്ത് പറഞ്ഞു.

1991ൽ ന്യൂജേഴ്സിയിൽ നടന്ന നവരാത്രി ആഘോഷത്തിനിടെയാണ് സേത്ത് ആദ്യമായി അമിതാഭ് ബച്ചനെ കാണുന്നത്. അന്നുമുതലാണ് സേത്ത് നടന്റെ വലിയ ആരാധകനായത്. 1990ൽ കിഴക്കൻ ഗുജറാത്തിലെ ദാഹോദിൽ നിന്നാണ് ഗോപി സേത്തും കുടുംബവും യു.എസിലേക്ക് കുടിയേറുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News