"ഇത്തിരിപ്പോന്ന എന്നെക്കൊണ്ട് രണ്ടാഴ്ച്ചയിലേറെ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യിച്ചു"; ഉടല്‍ സിനിമാനുഭവം പറഞ്ഞ് ഇന്ദ്രന്‍സ്

ചെയ്ത അധ്വാനമത്രയും സ്‌ക്രീനില്‍ നന്നായി വന്നിട്ടുണ്ട് എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഇന്ദ്രന്‍സ്

Update: 2022-05-18 09:09 GMT
Editor : ijas
Advertising

ദുര്‍ഗ കൃഷ്ണ, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ അഭിനയിച്ച ഉടല്‍ സിനിമയുടെ ചിത്രീകരണാനുഭവം തുറന്നുപറഞ്ഞ് നടന്‍ ഇന്ദ്രന്‍സ്. ചിത്രീകരണത്തിലുടനീളം അടികൊണ്ട് വശം കെട്ട സിനിമയാണ് ഉടല്‍ എന്നും ഇത്തിരിപ്പോന്ന തന്നെക്കൊണ്ട് രണ്ടാഴ്ച്ചയിലേറെയാണ് മാഫിയ ശശി ആക്ഷന്‍ രംഗങ്ങള്‍ ചെയ്യിച്ചതെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ചെയ്ത അധ്വാനമത്രയും സ്‌ക്രീനില്‍ നന്നായി വന്നിട്ടുണ്ട് എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.

സംവിധായകന്‍ രതീഷ് രഘുനന്ദന്‍ ഉടല്‍ സിനിമയുടെ കഥ പറയുമ്പോള്‍ത്തന്നെ കഥാപാത്രത്തിന്‍റെ സാധ്യതയും വെല്ലുവിളിയും മനസിലായിരുന്നതായും പറഞ്ഞതിനേക്കാള്‍ മനോഹരമായി രതീഷ് അത് ചിത്രീകരിച്ചിട്ടുണ്ടെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ഉടല്‍ ഈ കാലത്ത് പറയേണ്ട കഥ തന്നെയാണ്. നമ്മുടെ സിനിമയില്‍ അത്ര പരിചിതമല്ലാത്ത വിഷയമാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നതെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇന്ദ്രന്‍സ് സിനിമാ അനുഭവം പങ്കുവെച്ചത്.

മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഉടല്‍ എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസുഫ് ആണ്. വില്യം ഫ്രാന്‍സിസ് ആണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പ്രേക്ഷകരിലേക്കെത്തുന്നതിന് മുന്‍പേ ചിത്രം റീമേക്കിനൊരുങ്ങുന്നുവെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു. ഹിന്ദി, തെലുഗ് ഭാഷകളുടെ റീമേക്കാണ് ഒരുങ്ങുന്നത്. സംവിധായകനായ രതീഷ് രഘുനന്ദന്‍ തന്നെയായിരിക്കും ഹിന്ദി റീമേക്കും സംവിധാനം ചെയ്യുക. മെയ് 20നാണ് ഉടല്‍ കേരളത്തിലെ തിയറ്ററുകളിലെത്തുന്നത്.

ഇന്ദ്രന്‍സിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ സാര്‍ നിര്‍മ്മിച്ച ഉടല്‍ സിനിമയുടെ പ്രീമിയര്‍ ഷോയ്ക്ക് ലഭിക്കുന്ന നല്ല പ്രതികരണങ്ങള്‍ക്ക് നന്ദി. വ്യത്യസ്തമായ പ്രമേയങ്ങളെ നമ്മുടെ പ്രേക്ഷകര്‍ എന്നും ഹൃദയപൂര്‍വ്വം സ്വീകരിച്ചിട്ടുണ്ട്. സംവിധായകന്‍ രതീഷ് രഘുനന്ദന്‍ ഈ കഥ എന്നോട് പറയുമ്പോള്‍ത്തന്നെ എന്‍റെ കഥാപാത്രത്തിന്‍റെ സാധ്യതയും വെല്ലുവിളിയും മനസിലായിരുന്നു. പറഞ്ഞതിനേക്കാള്‍ മനോഹരമായി രതീഷ് അത് ചിത്രീകരിച്ചിട്ടുണ്ട്. ഉടല്‍ ഈ കാലത്ത് പറയേണ്ട കഥ തന്നെയാണ്. നമ്മുടെ സിനിമയില്‍ അത്ര പരിചിതമല്ലാത്ത വിഷയമാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്.

ഷൂട്ടിംഗിനിടയില്‍ ഉടനീളം അടികൊണ്ട് വശം കെട്ട സിനിമയാണ് ഉടല്‍. ഇത്തിരിപ്പോന്ന എന്നെക്കൊണ്ട് രണ്ടാഴ്ച്ചയിലേറെയാണ് മാഫിയ ശശി സാര്‍ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യിച്ചത്. അതത്രയും സ്‌ക്രീനില്‍ നന്നായി വന്നിട്ടുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം.

മെയ് 20 വെള്ളിയാഴ്ച്ച ചിത്രം തിയറ്ററുകളില്‍ എത്തുകയാണ്. നല്ല സിനിമകളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള നിങ്ങള്‍ എല്ലാവരുടേയും സഹകരണം ഉടലിനും ഉണ്ടാകണമെന്ന് മാത്രം അഭ്യര്‍ത്ഥിക്കുന്നു.

Full View

Indrans talks about Udal movie experience

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News