കാൻസറിനെ തമാശകൾ കൊണ്ട് നേരിട്ട ഇന്നസെന്റ്
സത്യം തുറന്ന് പറയുന്നതാണ് ഹാസ്യമെന്ന് ബർണാഡ്ഷാ പറഞ്ഞത് ഇന്നസെന്നിന്റെ കാര്യത്തിൽ പലതുകൊണ്ടും ശരിയാണ്. അതിലേറ്റവും പ്രധാനമായിരുന്നു കാൻസർ പിടിപെട്ടപ്പോൾ ആ സത്യം നർമം കലർത്തി പങ്കുവെച്ചത്
സിനിമയിലും രാഷ്ട്രീയത്തിലും ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ച ഇന്നസെന്റിനെ കാൻസർ കീഴടക്കിയത് പെട്ടെന്നായിരുന്നു. രോഗം പ്രശ്‌നമാണെന്നും അത് ഗുരുതരമാണെന്നും തിരിച്ചറിയുമ്പോഴും തന്റെ തമാശകൾ കൊണ്ട് അതിനെയും നേരിടുകയായിരുന്നു. രോഗം മാറിവന്ന് രണ്ട് തവണയാണ് തെരെഞ്ഞെടുപ്പിൽ മത്സരിച്ചത്. എന്നാൽ രോഗം ഇടക്കിടക്ക് വന്ന് പോയെങ്കിലും ഒടുവിൽ ആ ജീവിതമെടുത്തത് കാൻസർ എന്ന രോഗമാണ്.
സത്യം തുറന്ന് പറയുന്നതാണ് ഹാസ്യമെന്ന് ബർണാഡ്ഷാ പറഞ്ഞത് ഇന്നസെന്നിന്റെ കാര്യത്തിൽ പലതുകൊണ്ടും ശരിയാണ്. അതിലേറ്റവും പ്രധാനമായിരുന്നു കാൻസർ പിടിപെട്ടപ്പോൾ ആ സത്യം നർമം കലർത്തി പങ്കുവെച്ചത്. 2012 ലാണ് രോഗം തിരിച്ചറിയുന്നത്. പരിശോധനകളിൽ രോഗത്തിന്റെ കാഠിന്യം തിരിച്ചറിയുമ്പോഴും താരം അതിനെ തന്റെ സ്ഥിരം ശൈലിയിൽ നേരിട്ടു.
ഭാര്യയും മകനും വിഷമിച്ച സന്ദർഭത്തിൽ ഇന്നസെന്റ് എന്ന നടന് രോഗസമയത്തും ഹാസ്യഭാവമായിരുന്നു. ആശുപത്രിയിലെയും അവിടെ സംഭവിച്ച അനുഭവങ്ങളും ആരോടും എപ്പോഴും പങ്കുവെക്കാൻ മടി കാട്ടിയിരുന്നില്ല. മൂന്ന് വർഷം കഴിയുമ്പോൾ ഇന്നസന്റിന് മുന്നിൽ രോഗം തെല്ലൊന്ന് തോറ്റു. അേെതാടെ സിനിമയിലും രാഷ്ട്രീയത്തിലും സജീവമായി. എന്നാൽ ഇടക്കിടക്ക് രോഗം വില്ലനായി വന്നു കൊണ്ടിരുന്നു. ഇതിനിടയിൽ രോഗകാലത്ത് കൂടെ നിന്ന ഭാര്യ ആലീസിനും കാൻസർ ബാധിച്ചു. അപ്പോഴും ഈ നടൻ കുലുങ്ങിയില്ല. ചിരിച്ചും ചിരിപ്പിച്ചും രോഗത്തെ എതിരിട്ടു. രണ്ട്‌പേരും ഒരുമിച്ചെത്തി ചികിത്സിക്കുമ്പോൾ ലാഭമുണ്ടല്ലോ എന്ന് പറഞ്ഞ് അവിടെയും ഇന്നസന്റിന്റെ പതിവ് ശൈലി ഉണർന്ന് നിന്നു.
ഭാര്യ രോഗത്തെ അതിജീവിക്കുമ്പോഴും താരത്തിന്റെ ശരീരത്തെ കാൻസർ വൈറസ് മെല്ലെ മെല്ലെ വീഴ്ത്തുകയായിരുന്നു. ഒടുവിൽ ഒരാഴ്ചയിലധികം ആശുപത്രിയിൽ കഴിയുമ്പോഴും പതിവ് പോലെ ഇന്നസെന്റ് അഭ്രപാളിയെയും വേദികളെയും ചിരിപ്പിക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ ആന്തരികാവയവങ്ങൾ യന്ത്രങ്ങളുടെ പിന്തുണയിൽ പ്രവർത്തിച്ചു തുടങ്ങിയതോടെ ശരീരം രോഗത്തിന് വഴങ്ങിതുടങ്ങിയിരുന്നു. ഒടുവിൽ മലയാളത്തിന്റെ എക്കാലത്തെയും ഹാസ്യതാരം കാൻസറിന് കീഴടങ്ങി.