'വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയക്കാര്‍' പരാമര്‍ശം: കജോളിനെതിരെ സൈബര്‍ ആക്രമണം
കജോളിന്‍റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് പറഞ്ഞാണ് അധിക്ഷേപം
മുംബൈ: നമ്മളെ ഭരിക്കുന്നത് വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണെന്നുളള പരാമർശത്തിനു പിന്നാലെ നടി കജോളിനെതിരെ സൈബര്‍ ആക്രമണം. കജോൾ സ്‌കൂൾ വിദ്യാഭ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത ആളാണെന്നും എട്ടാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂവെന്നും ബോളിവുഡ് വിദ്യാഭ്യാസമില്ലാത്തവരുടെ താവളമാണെന്നും മറ്റുമുള്ള അധിക്ഷേപങ്ങളാണ് ഒരു വിഭാഗം നടത്തുന്നത്.
അതേസമയം കജോളിനെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി- "കജോള്‍ ആരുടെയും പേരുപറഞ്ഞിട്ടില്ല. എന്നിട്ടും നിരവധി ഭക്തന്മാര്‍ കരുതുന്നത് കജോള്‍ തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അപമാനിച്ചെന്നാണ്"- ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു.
"കജോള്‍ ഇല്ലാത്ത ബിരുദങ്ങളുണ്ടെന്ന് അവകാശപ്പെടുന്നില്ല, രാജ്യം ഭരിക്കുന്നില്ല. സ്വന്തം ബിസിനസ്സും കുടുംബവും ശ്രദ്ധിക്കുന്നു. വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയക്കാർ ചെയ്യുന്നത് പോലെ ജനങ്ങള്‍ക്ക് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്നില്ല"- എന്നാണ് മറ്റൊരു ട്വിറ്റര്‍ ഹാന്‍ഡില്‍ പറയുന്നത്.
അതിനിടെ രാഷ്ട്രീയ നേതാക്കളെ ഇകഴ്ത്താനായല്ല ആ പരാമര്‍ശം നടത്തിയതെന്ന് കജോള്‍ പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് പറഞ്ഞതെന്നും കജോള്‍ വിശദീകരിച്ചു- "വിദ്യാഭ്യാസത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും പറയുക മാത്രമാണ് ചെയ്തത്. എതെങ്കിലും രാഷ്ട്രീയ നേതാക്കളെ ഇകഴ്ത്തുക എന്നതായിരുന്നില്ല എന്‍റെ ഉദ്ദേശ്യം. രാജ്യത്തെ ശരിയായ പാതയിൽ നയിക്കുന്ന മികച്ച നേതാക്കൾ നമുക്കുണ്ട്"- കജോൾ ട്വീറ്റ് ചെയ്തു.
കജോള്‍ പുതിയ വെബ്‌സീരീസ് ദ ട്രയലിന്റെ ലോഞ്ചിങ്ങുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വിവാദമായത്- "രാജ്യത്ത് മാറ്റം പതിയെ മാത്രമാണ് സംഭവിക്കുന്നത്. വിദ്യാഭ്യാസ പശ്ചാത്തലമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് നമുക്കുള്ളത്. അത് പറയുന്നതിൽ എനിക്ക് ദുഃഖമുണ്ട്. നമ്മെ ഭരിച്ച മിക്കവർക്കും കാഴ്ചപ്പാടുകളുണ്ടായിരുന്നില്ല".
മാറ്റങ്ങൾ ഇപ്പോൾ ദൃശ്യമായി വരുന്നുണ്ടെന്നും കജോൾ കൂട്ടിച്ചേർത്തു- "സ്ത്രീശാക്തീകരണത്തിന് മുമ്പിലുള്ള ഏറ്റവും വലിയ തടസ്സം സ്ത്രീകൾ തന്നെയാണ്. സമൂഹത്തിന്റെ അഭിപ്രായത്തിനപ്പുറം അമ്മമാർ ഇഷ്ടമുള്ള പോലെ കുട്ടികളെ വളർത്തണം. അതിപ്പോൾ സമൂഹത്തിൽ കണ്ടുവരുന്നുണ്ട്. 10 വർഷം മുമ്പ് അതു കാണാൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യത്തിൽ സമൂഹത്തിന്റെ മുൻവിധികൾ മാറിയിട്ടുണ്ട്".
സുപർൺ വർമ സംവിധാനം ചെയ്യുന്ന കോർട്ട് ഡ്രാമയാണ് ദ ട്രയൽ. ജൂലൈ 14ന് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലാണ് സീരീസ് എത്തുക. അമേരിക്കൻ ലീഗൽ-പൊളിറ്റിക്കൽ ടെലിവിഷൻ ഡ്രാമ ദ ഗുഡ് വൈഫിന്റെ ഇന്ത്യൻ പതിപ്പാണ് ദ ട്രയൽ. ജിഷു സെൻഗുപ്തയാണ് നായകന്‍.