'പറ്റിപ്പോയി, തമാശയെന്ന് കരുതി മിണ്ടാതിരിക്കണമായിരുന്നു'; ക്ഷമ പറഞ്ഞ് ശ്രീനാഥ് ഭാസി
അവർ നേരെ കേസ് കൊടുക്കുകയാണ് ചെയ്‌തത്. എവിടെ വേണമെങ്കിലും പോയി മാപ്പ് പറയാൻ തയ്യാറാണെന്നും നടൻ വ്യക്തമാക്കി
അഭിമുഖത്തിനിടെ അവതാരകയോട് മോശമായി പെരുമാറിയ സംഭവത്തിൽ ക്ഷമ പറഞ്ഞ് നടൻ ശ്രീനാഥ് ഭാസി. റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഭാസിയുടെ ക്ഷമാപണം. പ്രമോഷന്റെ ഭാഗമായി ഒരു ദിവസം 25 ഇന്റർവ്യൂ വരെ നടത്തേണ്ടിയിരുന്നു. മാനസിക സമ്മർദ്ദം മൂലം സംഭവിച്ചുപോയതാണ്. മനപ്പൂർവം ആരെയും അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ഭാസി പറഞ്ഞു.
'ചട്ടമ്പി എന്റെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടൊരു സിനിമയാണ്. ആദ്യമായാണ് ഇത്രയും വലിയൊരു റോൾ ലഭിക്കുന്നത്. അതിനാൽ തന്നെ പ്രമോഷൻ പരിപാടികൾ ഒന്നുപോലും ഒഴിവാക്കാതെ എല്ലായിടങ്ങളിലും നേരിട്ട് പങ്കെടുക്കുകയായിരുന്നു. ഉറക്കക്കുറവ് മൂലം നല്ല മാനസിക സമ്മർദ്ദം ഉണ്ടായിരുന്നു. ഇതിനിടെ സിനിമയുടെ ഡബ്ബിങ്ങും ചെയ്യണമായിരുന്നു.
ഇതിനിടെ ഇന്റർവ്യൂവിൽ വന്നിരിക്കുമ്പോൾ ഭാസി ലേറ്റ് ആണല്ലോ, മെരുക്കാൻ ഞങ്ങൾ രണ്ടുപേരുണ്ട് തുടങ്ങിയ ചോദ്യങ്ങൾ ദേഷ്യമാണുണ്ടാക്കിയത്. അങ്ങനെ പറ്റിപ്പോയതാണ്. തെറി ഒരിക്കലും പറയാൻ പാടില്ല. എന്റെ തെറ്റാണ്. ഇതൊക്കെ കേട്ട് തമാശയാണെന്ന് കരുതി ഞാൻ മിണ്ടാതിരിക്കണമായിരുന്നു'; ഭാസി പറഞ്ഞു.
തന്നോട് ആരും മാപ്പ് പറയാൻ പറഞ്ഞിട്ടില്ല. അവർ നേരെ കേസ് കൊടുക്കുകയാണ് ചെയ്‌തത്. എവിടെ വേണമെങ്കിലും പോയി മാപ്പ് പറയാൻ തയ്യാറാണെന്നും നടൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സംഭവം. കൊച്ചി മരട് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ചട്ടമ്പിയുടെ പ്രമോഷന്‍ അഭിമുഖത്തിനിടെ നടൻ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് കേസ്. ശ്രീനാഥ് ഭാസിയെ പൊലീസ് തിങ്കളാഴ്‌ച ചോദ്യം ചെയ്യും.
പരാതിക്കാരിയായ അവതാരകയുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അഭിമുഖത്തിൽ ചോദിച്ച ചോദ്യം ഇഷ്ടപ്പെടാതെ വന്നതോടെ നടൻ അസഭ്യം പറയുകയും ക്യാമറമാനെ ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്ന് പരാതിക്കാരി പറയുന്നു. വനിതാ കമ്മീഷനിലും അവതാരക പരാതി നൽകിയിട്ടുണ്ട്.