'റിമയും ജിതിനും 10 ദിവസം കൊണ്ട് തിരക്കഥ കാണാപ്പാഠമാക്കി'.. ഒറ്റ ഷോട്ടിലെടുത്ത സന്തോഷ രഹസ്യത്തെ കുറിച്ച് ഡോണ്‍ പാലത്തറ

ഓസ്ട്രേലിയയില്‍ കൂടെ പഠിച്ചവര്‍ ഹോളിവുഡിലേക്ക് ചേക്കേറിയപ്പോള്‍ ഡോണ്‍ തിരിച്ചെത്തിയത് മറ്റു ചില പദ്ധതികളുമായി.. ഇന്ന് ഡോണിന്‍റെ സിനിമകളിലൂടെ മലയാള സിനിമ അന്തര്‍ദേശീയ തലത്തില്‍ പ്രശംസയേറ്റുവാങ്ങുന്നു..

Update: 2021-07-25 07:52 GMT
Advertising

ഒരു തരത്തിലുമുള്ള ഒത്തുതീര്‍പ്പിനുമില്ലെന്ന് പ്രഖ്യാപിച്ച് സിനിമയെടുക്കുന്ന ഒരാള്‍. തന്‍റെ സിനിമയിലേക്ക് താരങ്ങളെ വിളിച്ചാല്‍ സിനിമയുടെ സ്വഭാവം മാറിപ്പോകുമോയെന്ന് പേടിക്കുന്ന ഒരാള്‍. മൂലധനവും മുഖ്യധാരാ വാണിജ്യ മാതൃകകളും സിനിമയുടെ സ്വഭാവം തീരുമാനിക്കുന്ന ഒരിടത്തിരുന്നുകൊണ്ട്, എത്ര വലിയ വ്യവസായമാണെങ്കിലും ചട്ടക്കൂടിനുള്ളില്‍ നിന്ന് സിനിമ ചെയ്യില്ലെന്ന് തീരുമാനിച്ചുറപ്പിച്ചൊരാള്‍. യുവസംവിധായകന്‍ ഡോണ്‍ പാലത്തറയെ കുറിച്ചാണ്.. ഇതിനകം സംവിധാനം ചെയ്ത ശവം, വിത്ത്, 1956 മധ്യതിരുവിതാംകൂര്‍, എവരിതിങ് ഈസ് സിനിമ, സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം.. എല്ലാ സിനിമകളും പല പ്രശസ്ത അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലുമെത്തി പ്രശംസ ഏറ്റുവാങ്ങി. ഒടിടി പ്ലാറ്റ്‍ഫോമുകളായ മെയിന്‍സ്ട്രീം ടിവി, നീസ്ട്രീം, കേവ് റൂട്ട്സ്, സൈന പ്ലേ, കൂടെ തുടങ്ങിയവയിലൂടെ പ്രേക്ഷകരിലേക്കെത്തിയ സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം എന്ന സിനിമയെ കുറിച്ചും തന്‍റെ സിനിമാസങ്കല്‍പ്പങ്ങളെ കുറിച്ചും ഡോണ്‍ പാലത്തറ മീഡിയവണ്‍ ഓണ്‍ലൈനോട്..

സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം കണ്ടവരില്‍ കൂടുതല്‍ പേരും പറഞ്ഞത് പല തരത്തിലും താദാത്മ്യപ്പെടാന്‍ കഴിയുന്ന കാര്യങ്ങള്‍ ആ സിനിമയിലുണ്ട് എന്നാണ്. എത്ര കാറുകളിൽ പെഗാസസ് വെച്ചാണ് ഡയലോഗുകള്‍ ചോർത്തിയതെന്ന് ചോദിച്ചുകൊണ്ടുള്ള ഒരു എഫ്ബി പോസ്റ്റും കണ്ടു. എങ്ങനെയാണ് ഡോണ്‍ പാലത്തറ ഈ സിനിമയിലേക്കെത്തിയത്?

ലോക്ഡൌണ്‍ കാലത്താണ് ഈ സിനിമയെ കുറിച്ചുള്ള ആലോചന നടക്കുന്നത്. അവരവരുടെ ബന്ധങ്ങളെ കുറിച്ചൊക്കെ ആളുകള്‍ ആഴത്തില്‍ ചിന്തിക്കുന്ന സമയമായിരുന്നു അത്. അടച്ചുപൂട്ടിയിരിക്കുമ്പോള്‍ എല്ലാവരും സ്വയം ഉള്ളിലേക്ക് കൂടുതല്‍ നോക്കുന്നതായി മനസ്സിലായി. നമ്മള്‍ നേരിട്ട് സംസാരിക്കുന്നവര്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലൊക്കെ അത്തരം പോസ്റ്റുകള്‍ കാണാമായിരുന്നു. ദീര്‍ഘകാലം വീടിനുള്ളിലിരിക്കുകയും അവരുടെ പങ്കാളികളുടെ കൂടെ കൂടുതല്‍ സമയം ചെലവഴിക്കുകയുമൊക്കെ ചെയ്തപ്പോള്‍ ആളുകള്‍ ബന്ധങ്ങളെ കുറിച്ചൊക്കെ കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങി. വീട്ടുജോലികളൊക്കെ എങ്ങനെ പങ്കിട്ടുചെയ്യേണ്ടിവരുന്നു എന്നൊക്കെയുള്ള കാര്യങ്ങള്‍.. പിന്നെ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമ വന്നു. അതോടെ പാര്‍ട്ണര്‍ഷിപ്പ് എന്നതിനെ കുറിച്ച് ആളുകളുകള്‍ കൂടുതല്‍ ബോധവാന്മാരും ബോധവതികളുമായി. അതിനെ കുറിച്ചൊക്കെ അവര്‍ വളരെയധികം ചിന്തിക്കുകയും എഴുതുകയുമൊക്കെ ചെയ്യുന്ന സമയം. ആ ഒരു സമയത്ത് റിലേഷന്‍ഷിപ്പ് ഡ്രാമയായിരിക്കും ഞാന്‍ അടുത്തതായി ചെയ്യാന്‍ പോകുന്ന സിനിമ എന്നതില്‍ എനിക്ക് ഒരു സംശയവുമില്ലായിരുന്നു. ബന്ധങ്ങളിലെ എന്താണ് നോക്കിക്കാണേണ്ടത്, എങ്ങനെ അവതരിപ്പിക്കണം എന്നത് മാത്രമായിരുന്നു എന്‍റെ മുന്‍പിലെ ചോദ്യം. കോവിഡ്, ലോക്ഡൌണ്‍ സ്വഭാവമൊക്കെ നിലനിര്‍ത്തിക്കൊണ്ടൊരു സിനിമ എങ്ങനെ ചെയ്യാം എന്നായിരുന്നു ആലോചന. വീട്ടിലോ മുറിയുടെ ഉള്ളിലോ ചെയ്യുന്നതില്‍ എനിക്ക് പുതുമയൊന്നും തോന്നിയില്ല. രണ്ടുപേരെ ഒരു പോലെ നോക്കിക്കാണണം. ഒരു കാറിനുള്ളില്‍ ചിത്രീകരിച്ചാല്‍ രസമായിരിക്കുമെന്ന് തോന്നി. അങ്ങനെയാണ് ഈ സിനിമ രൂപപ്പെട്ടത്.


85 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ഒറ്റ ഷോട്ടിലാണ് ചിത്രീകരിച്ചത്.. എത്രത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു ഷൂട്ടിങ്?

ഉറപ്പായിട്ടും. സാങ്കേതികമായ വെല്ലുവിളി ഉണ്ടായിരുന്നു. അവതരണത്തില്‍ വ്യത്യസ്തമായി എന്തെങ്കിലുമില്ലെങ്കില്‍ അത് ചെയ്യാനുള്ള ആഗ്രഹം നിലനിര്‍ത്താന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. അങ്ങനെയാണ് കോവിഡ് പശ്ചാത്തലത്തിലെ തടവിലെന്ന പോലെയുള്ള അവസ്ഥ സിനിമ ചെയ്യുന്ന  സ്ഥലത്തിലും സമയത്തിലുമാവാം എന്ന് തീരുമാനിച്ചത്. ഒന്നര മണിക്കൂര്‍ എന്നത് വളരെ ചെറിയ സമയമാണ്. പക്ഷേ അത്രയും സമയം ഒറ്റ ടേക്കില്‍ കഥാപാത്രങ്ങളായി ഇരിക്കുക എന്നത് അഭിനേതാക്കളെ സംബന്ധിച്ച് വെല്ലുവിളിയാണ്. പക്ഷേ ജിതിനും റിമയും കഥാപാത്രങ്ങളെ മനസ്സിലാക്കാന്‍ കഴിവുള്ള മിടുക്കരായ രണ്ടുപേരായിരുന്നു. എന്നെ സംബന്ധിച്ച് ആ ഭാരം അവരിലേക്ക് വീതിച്ചുകൊടുത്തുകഴിഞ്ഞു. അവര്‍ക്ക് പിന്തുണയോ മാര്‍ഗനിര്‍ദേശമോ പോലെ കൂടെ നിന്നാല്‍ മാത്രം മതി. അഭിനയിക്കുക എന്നത് അവരുടെ ജോലിയാണ്. തിരക്കഥ തീര്‍ത്തതില്‍ പിന്നെ കാര്യമായി റിഹേഴ്സലുണ്ടായിരുന്നു. ക്യാമറയുടെ ബാറ്ററി പവര്‍, റെക്കോര്‍ഡിങ് സമയം എന്നിവയൊക്കെ ക്യാമറാമാന്‍ സജിയും അസോസിയേറ്റ് ക്യാമറാമാന്‍ ജെന്‍സണും ഏറ്റെടുത്തു. സംവിധായകനെ സംബന്ധിച്ച് ഏകോപനമാണ് ജോലി. ചെയ്തെടുക്കുന്നത് പലപല ആളുകളാണ്.

ഡയലോഗ് നേരത്തെ തന്നെ പൂർണമായി എഴുതിയതാണോ? അതോ സാഹചര്യം വിശദീകരിച്ചുകൊടുത്ത് അഭിനേതാക്കള്‍ക്ക് അവരുടെ കയ്യിൽ നിന്നിടാൻ അവസരം നൽകിയോ?

എല്ലാ ഡയലോഗുകളും കൃത്യമായി എഴുതിയിരുന്നതാണ്. കഥാപാത്രങ്ങളുടെ സംസാരത്തിനിടയില്‍ ചായ തുളുമ്പുന്നത് ഉള്‍പ്പെടെയുള്ള ഓരോ കാര്യവും തിരക്കഥയില്‍ എഴുതിയിരുന്നു. എങ്ങനെ അവതരിപ്പിക്കണം എന്ന കാര്യത്തിലാണ് അഭിനേതാക്കള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയത്. കഥാപാത്രങ്ങളുടെ വൈകാരിക തുടര്‍ച്ചയൊക്കെ നേരത്തെ തന്നെ തീരുമാനിച്ചുറപ്പിച്ചതാണ്. ഡയലോഗ് എഴുതുന്നതിനിടെയാണ് റിമയും ജിതിനും ഇതിലേക്ക് കടന്നുവന്നത്. തിരക്കഥയുടെ കരടുമായി ഞങ്ങള്‍ വര്‍ക് ഷോപ്പിലേക്കു പോയി. അവിടെ വെച്ച് പല സാധ്യതകള്‍ പരിശോധിച്ചു. കഥാപാത്രങ്ങളായി നിന്ന് പെരുമാറുമ്പോള്‍ സ്വാഭാവികമായി വരുന്ന പല കാര്യങ്ങളും അവരുടെ കയ്യില്‍ നിന്ന് കിട്ടി. അതൊക്കെ റെക്കോര്‍ഡ് ചെയ്തുവെച്ചിട്ട് തിരക്കഥയുടെ അടുത്ത ഘട്ടത്തില്‍ ഉപയോഗപ്പെടുത്തി. തിരക്കഥ പൂര്‍ത്തിയാക്കിയ ശേഷം പഠിക്കാനായി 10 ദിവസം കൊടുത്തു. കഥാപാത്രങ്ങളെ ശരിക്കും പഠിച്ചിട്ടാണ് ജിതിനും റിമയും ഫൈനല്‍ റിഹേഴ്സലിന് വന്നത്. ഫൈനല്‍ റിഹേഴ്സലിന് ശേഷം കഥാപാത്രങ്ങളുടെ വൈകാരികതലം കൂടി അതിലേക്ക് കൊണ്ടുവന്ന് അങ്ങനെയാണ് ഷൂട്ടിലേക്ക് കടന്നത്.


കഥാപാത്രങ്ങളുടെ സ്വഭാവം എന്തെന്ന് വളരെ സൂക്ഷ്മമായും കൃത്യമായും ചിത്രീകരിച്ചതായി തോന്നി. മരിയ ആശങ്കകൾ പങ്കുവെയ്ക്കുമ്പോള്‍ മൊബൈൽ ഫോണിൽ എന്തോ നോക്കി ചിരിക്കുന്ന ജിത്തു.. റിലേഷൻഷിപ്പിലാകുമ്പോള്‍ നമ്മുടെ സാമൂഹ്യ സാഹചര്യത്തിൽ പുരുഷന് കുറേ ആനുകൂല്യങ്ങളുണ്ട്. പഴിയും ഉത്തരവാദിത്വവും പേറേണ്ടി വരുന്നത് പലപ്പോഴും സ്ത്രീകളാണ്. ഒരു റിലേഷൻഷിപ്പ് ഡ്രാമ എന്നതിനപ്പുറം അത്തരമൊരു സാമൂഹ്യ വിമർശനം കൂടി കൊണ്ടുവരാൻ ബോധപൂർവം ശ്രമിച്ചതാണോ?

അത് സ്വാഭാവികമായി സംഭവിച്ചതാണ്. അല്ലാതെ സോഷ്യല്‍ കമന്‍ററി എന്ന നിലയില്‍ അല്ല ഞാനീ സിനിമയെ സമീപിച്ചത്. എന്നെ സംബന്ധിച്ച് രണ്ട് കഥാപാത്രങ്ങളാണ്. പക്ഷേ ആ കഥാപാത്രങ്ങളെ നമ്മള്‍ അവതരിപ്പിക്കുന്ന സാമൂഹ്യ, സാംസ്കാരിക പരിസരമുണ്ടല്ലോ. അവിടെയാണ് സമൂഹത്തില്‍ നിന്ന് കുറേ കാര്യങ്ങളെടുക്കുന്നത്. നിസ്സാരമായി കാര്യങ്ങളെ കാണുന്ന ജിതിനെ പോലുള്ള കഥാപാത്രവും അഗ്രസീവായ തന്‍റെ ആവശ്യങ്ങള്‍ക്ക് പിന്നാലെ ഓടേണ്ടിവരുന്ന മരിയ എന്ന കഥാപാത്രവും.. അങ്ങനെ വിരുദ്ധ സ്വഭാവമുള്ള രണ്ടുപേര്‍. അവര്‍ ജീവിക്കുന്ന സമൂഹം ഇതാകുമ്പോള്‍ സമൂഹം മറ്റൊരു കഥാപാത്രമോ സാന്നിധ്യമോ ആകുന്നു. ആ രീതിയിലാണ് ഈ സിനിമയെ വിശദീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്.

ഡോണിന്‍റെ മറ്റ് സിനിമകളായ ശവം, വിത്ത്, മധ്യതിരുവിതാംകൂർ.. താരങ്ങളില്ലാത്ത സിനിമകളാണ്. പക്ഷേ സന്തോഷത്തിന്‍റെ ഒന്നാം രഹസ്യത്തില്‍ റിമ കല്ലിങ്കലുണ്ട്. എങ്ങനെയാണ് റിമയിലേക്കെത്തിയത്?

തിരക്കഥ എഴുതുന്ന സമയത്ത് റിമയെന്ന ചിന്ത പോലും വന്നിരുന്നില്ല. തിരക്കഥയുടെ ആദ്യ രൂപം എഴുതിയ ശേഷം അടുത്ത ഘട്ടം നല്ല രണ്ട് അഭിനേതാക്കളുടെ കൂടെ ചെയ്യുക എന്നതാണ്. ജിതിനെ നേരത്തെ ബുക്ക് ചെയ്തിരുന്നു. മറ്റൊരു സിനിമയുടെ ഓഡിഷനുമായി ബന്ധപ്പെട്ട് പരിചയപ്പെട്ട് സുഹൃത്തുക്കളായവരാണ് ഞങ്ങള്‍. ഇങ്ങനെയൊരു പ്രൊജക്റ്റുണ്ട്, താത്പര്യമുണ്ടോയെന്ന് ചോദിച്ചു. ജിതിന് ഈ പ്രൊജക്റ്റിന്‍റെ ഭാഗമാകാന്‍ സന്തോഷമായിരുന്നു. മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യാന്‍ പോലും സാധ്യമായിരുന്നില്ല അപ്പോള്‍. അപ്പോള്‍ പലപല സാധ്യതകള്‍ ആലോചിച്ചു. ഇത്രയും നേരം കഥാപാത്രമായി നില്‍ക്കാന്‍ കഴിയുന്ന ഒരാള്‍ വേണം. അങ്ങനെ പല ആള്‍ക്കാരെയും നോക്കിവരുന്ന സമയത്ത് റിമ എന്ന ചിന്ത വന്നു. റിമ ഈ കഥാപാത്രമാകാന്‍ സമ്മതിക്കുമോ എന്ന സംശയമൊക്കെയുണ്ടായിരുന്നു. നമുക്ക് സമീപിക്കാന്‍ കഴിയുന്ന ആളാണോ റിമ എന്നൊക്കെ ആലോചിച്ചു. എന്തായാലും റിമയ്ക്ക് തിരക്കഥ അയച്ചുകൊടുത്തു. തിരക്കഥ ഇഷ്ടമായി നമുക്കിത് ചെയ്യണമെന്ന് പറഞ്ഞ് പിറ്റേദിവസം തന്നെ റിമ തിരിച്ചുവിളിച്ചു. പിന്നെ രണ്ടാഴ്ചക്കുള്ളില്‍ തന്നെ പ്രീപ്രൊഡക്ഷന്‍ തുടങ്ങി.

ഡോണിന്‍റെ സിനിമകളില്‍ പൊതുവെ താരങ്ങളെ കാണാറില്ലതാരങ്ങളെ ബോധപൂർവം ഒഴിവാക്കുന്നതാണോ? താരം വന്നുകഴിഞ്ഞാല്‍ സിനിമയിലിടപെടും എന്ന പേടിയുണ്ടോ? അതോ തിരക്കഥയ്ക്കനുസരിച്ച് അഭിനേതാക്കളെ കണ്ടെത്തുന്നതാണോ?

എനിക്ക് അത്തരം ഭയങ്ങളുണ്ട്. സിനിമയുടെ സ്വഭാവം താരം വന്നുകഴിഞ്ഞാല്‍ മാറിപ്പോകരുത് എന്നൊക്കെ എനിക്കുണ്ട്. റിമ പക്ഷേ വളരെ പ്രൊഫഷണലാണെന്ന് നമ്മുടെ സര്‍ക്കിളില്‍ നിന്ന് കേട്ടിട്ടുണ്ടായിരുന്നു. റിമ ഇതിനു മുന്‍പ് ചെയ്ത സിനിമകളൊക്കെ ഞാന്‍ നോക്കിയിരുന്നു. ഏതൊക്കെ സ്വഭാവത്തിലുള്ള സിനിമകളാണ് എന്നൊക്കെ. ചില തിരക്കഥകളോട് റിമ നോ പറഞ്ഞതൊക്കെ അറിഞ്ഞിരുന്നു. ഏതായാലും ശ്രമിച്ചുനോക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നി. അങ്ങനെയാണ് റിമയോട് സംസാരിച്ചത്. വേറൊരു തരത്തില്‍ ആത്മവിശ്വാസമുണ്ടായിരുന്നു. നമ്മുടെ വേറിട്ട ശൈലിയെ കുറിച്ചൊക്കെ റിമയോട് സംസാരിച്ചു. ഇത്തരത്തിലായിരിക്കും സിനിമ, ഒറ്റ ടേക്കില്‍ പോകണമെന്നാണ് ആഗ്രഹിക്കുന്നത് എന്നൊക്കെ പറഞ്ഞപ്പോള്‍ റിമ വളരെ ആവേശത്തോടെ സിനിമയുടെ ഭാഗമാവുകയായിരുന്നു


ചുരുങ്ങിയ സ്ഥലം, ചുരുക്കം അഭിനേതാക്കൾ.. ഇത് ഡോണിന്റെ പൊതുവായുള്ള ശൈലിയാണോ?

എന്‍റെ എല്ലാ സിനിമയിലും ഒരുതരം മിനിമലിസം ഉണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എന്നാല്‍ എല്ലാം ഒരേതരത്തിലുള്ള മിനിമലിസം അല്ല താനും. 1956 മധ്യതിരുവിതാംകൂര്‍ എന്ന സിനിമ മുബിയില്‍ ഇന്ന് റിലീസ് ആയി. ആ സിനിമ കണ്ടാലറിയാം അതില്‍ നമ്മള്‍ കുറേ സ്ഥലങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്, കുറേ കഥാപാത്രങ്ങളുണ്ട്. മറ്റൊരുതരം സ്വഭാവമുള്ള സിനിമയാണ്. അതിലും നമ്മള്‍ എന്താണ് കാണിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്, ഒരു കഥയെ ഏതു തരത്തില്‍ അവതരിപ്പിക്കാം, എങ്ങനെ ഷൂട്ട് ചെയ്യാം അത്തരം കാര്യങ്ങളിലൊക്കെ മിനിമല്‍ സ്വഭാവമുണ്ട്.

സിനിമയെന്നാൽ കച്ചവട താത്പര്യങ്ങൾ കൂടി നിറഞ്ഞതാണ്. പക്ഷേ ശവം എന്ന ഒരു കള്ളിയിലും ഒതുങ്ങാത്ത ചിത്രം മുതലിങ്ങോട്ട് സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം വരെ.. തുടക്കം മുതലേ സ്വന്തം വഴി സ്വതന്ത്ര ചിത്രങ്ങളാണെന്ന് തീരുമാനിക്കുകയായിരുന്നോ?

എന്‍റെയൊരു പ്രിവിലേജ് എന്ന് പറയുന്നത് ഒരു ആറേഴ് വര്‍ഷം മുന്‍പ് തന്നെ ലോക സിനിമകളൊക്കെ കാണാനുള്ള അവസരം എനിക്കുണ്ടായിരുന്നു. ആ സമയത്ത് ഞാന്‍ ഓസ്ട്രേലിയയിലായിരുന്നു. കേട്ടിട്ടേ ഇല്ലാത്ത തരത്തിലുള്ള ഫിലിം മെയ്ക്കിങ്, കണ്ടിട്ടില്ലാത്ത തരത്തിലുള്ള സിനിമാശൈലി.. ഇതൊക്കെ കണ്ട് ഞാന്‍ ആവേശത്തിലായിരുന്നു. സിനിമ എന്ന് പറയുന്ന മാധ്യമത്തിന്‍റെ സാധ്യതയെ കുറിച്ച് വളരെയധികം ബോധവാനായി. മലയാളത്തില്‍ മുഖ്യധാരാ സിനിമ ചെയ്യുന്ന ശൈലിയിലേക്ക് സ്വയം ചുരുങ്ങേണ്ടതില്ല, ഒരുതരത്തിലുമുള്ള ചട്ടക്കൂടിനുള്ളില്‍ നിന്നും ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചു. സിനിമ ചെയ്യുക എന്നുപറയുന്നത് ആ സിനിമയ്ക്ക് ആവശ്യമായ തരത്തില്‍ നമ്മുടെ ചിന്തകളെ സ്വതന്ത്രമായി വിട്ട്, ഓരോ സിനിമയ്ക്കും ആവശ്യമായ രീതിയില്‍ ചെയ്യുക ആ തരത്തിലുള്ള സ്വാതന്ത്ര്യം സംവിധായകന് ആവശ്യമാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അത് അറിഞ്ഞുകൊണ്ട് അത്തരത്തില്‍ താത്പര്യമുള്ള ആളുകളാണ് എന്‍റെ സിനിമയുടെ ഭാഗമായത്. അത്തരത്തിലുള്ള ആളുകള്‍ ഇനിയും വരുമെന്ന് തന്നെയാണ് പ്രതീക്ഷ.


തിയേറ്ററുകളും ഭൂരിപക്ഷം പ്രേക്ഷകരുമെല്ലാം ഇപ്പോഴും സ്വതന്ത്ര, സമാന്തര സിനിമകളോട് മുഖം തിരിഞ്ഞു നിൽക്കുകയാണല്ലോ. നിർമാതാക്കളെ കണ്ടെത്താൻ, സിനിമ അവരെ ബോധ്യപ്പെടുത്താൻ ബുദ്ധിമുട്ടാറുണ്ടോ?

സമാന്തര സിനിമ എന്നൊക്കെയുള്ള പ്രയോഗങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. വ്യത്യസ്തമായിട്ടുള്ള, സ്വതന്ത്രമായ സിനിമകളെ എല്ലാം കൂടി ഒന്നിച്ച് ചേര്‍ത്തുകെട്ടാന്‍ കഴിയില്ലെന്ന് കരുതുന്നു. മുഖ്യധാരയില്‍ നിന്ന് വ്യത്യസ്തമായ സിനിമകളെന്ന് പറയാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. മുഖ്യധാരയില്‍ കൃത്യമായ വാണിജ്യ മാതൃക അവിടെയുണ്ട്. അതില്‍ നിന്ന് മാറി ചെയ്യാന്‍ നമ്മള്‍ ശ്രമിക്കുമ്പോള്‍ തീര്‍ച്ചയായും ബുദ്ധിമുട്ടാണ്. നമ്മളായിട്ട് ഒരു വഴി കണ്ടെത്തേണ്ടതുണ്ട്. ഞാന്‍ ഒരു തരത്തില്‍ ഭാഗ്യവാനാണ്. ശവം എന്ന സിനിമ നിര്‍മിക്കാന്‍ രണ്ട് സുഹൃത്തുക്കള്‍ മുന്നോട്ടുവന്നു. പിന്നെ രണ്ടാമത്തേത് വിത്ത് എന്ന സിനിമ. കുറച്ചുകൂടി വേഗത കുറഞ്ഞ, ആരും കാണില്ലെന്ന് ഞാന്‍ വിചാരിച്ച സിനിമയാണ്. ഒരു വ്യക്തിയോടും കടപ്പാട് വരാതിരിക്കാന്‍ ക്രൌഡ് ഫണ്ടിങ് എന്ന രീതി തെരഞ്ഞെടുത്തു. ശവം കണ്ട് ഇഷ്ടപ്പെട്ട ആളുകളോട് പുതിയ സിനിമയിലേക്ക് സംഭാവന നല്‍കാമെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു. അന്നേ വ്യക്തമാക്കിയിരുന്നു തിരിച്ചെന്തെങ്കിലും തരാമെന്ന് ഒരു വാഗ്ദാനവുമില്ല, ആകെ തരാനാവുക സിനിമ മാത്രമാണെന്ന്. 100 രൂപ മുതല്‍ 30,000 രൂപ വരെ നല്‍കിയവരുണ്ട്. അങ്ങനെ കുറേ ആളുകളുടെ സഹകരണത്തോടെയാണ് ആ സിനിമ ഉണ്ടാക്കിയെടുത്തത്. 1956 മധ്യതിരുവിതാകൂര്‍ എന്ന സിനിമക്കിടെ വലിയൊരു ഇടവേളയുണ്ടായിരുന്നു. ആ സമയത്ത് വേറെ ഒന്നുരണ്ട് തിരക്കഥയൊക്കെയായിട്ട് കുറേ നിര്‍മാതാക്കളെ തേടി അലഞ്ഞിരുന്നു. പക്ഷേ ഒന്നും നടന്നില്ല. അങ്ങനെയിരിക്കെയാണ് ചെയ്യാന്‍ പറ്റിയ സിനിമയുണ്ടോ എന്ന് ഒരാള്‍ ഇങ്ങോട്ടുവിളിച്ച് ചോദിച്ചത്. എന്‍റെ സിനിമകളുടെ സ്വഭാവം ഇതാണ്, മുടക്കുമുതല്‍ പോലും കിട്ടുമെന്ന് എനിക്ക് ഉറപ്പ് പറയാന്‍ കഴിയില്ല പക്ഷേ നല്ലൊരു സിനിമ ചെയ്തുതരാം എന്നു ഞാന്‍ പറഞ്ഞു. അവരോട് 1956 മധ്യതിരുവിതാകൂര്‍ എന്ന സിനിമയുടെ കഥ പറഞ്ഞു, ഈ സിനിമയ്ക്ക് ആവശ്യമായ കാര്യങ്ങള്‍ എന്തെല്ലാമെന്ന് പറഞ്ഞു. ഞാനുദ്ദേശിച്ചതിലധികം പൈസ ഇറക്കാന്‍ തയ്യാറാണെന്ന് അവര്‍ പറഞ്ഞു. ആ സിനിമയിലൂടെ എനിക്ക് നല്ലൊരു ടീമിനെ കൂടെ കിട്ടി. ഇപ്പോഴിറങ്ങിയ സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം നിര്‍മിച്ചത് എന്‍റെ ശവം എന്ന സിനിമ നിര്‍മിച്ചവരിലൊരാളായ ഷിജോ ആണ്.

പണ്ടൊക്കെ ഫിലിം സൊസൈറ്റികളിലൂടെയും ചലച്ചിത്രമേളകളിലൂടെയുമാണ് സ്വതന്ത്ര സിനിമകൾ കൂടുതലായി പ്രേക്ഷകരിലേക്ക് എത്തിയിരുന്നത്. ഇപ്പോൾ ഒടിടി പ്ലാറ്റ്‍ഫോമുകളുണ്ട്. കോവിഡ് കാലത്ത് മലയാള സിനിമകൾ ഉൾപ്പെടെ ഒടിടി റിലീസ് ചെയ്യുന്നു. ഡോണിനെപ്പോലെ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്നവർക്ക് കൂടുതൽ ആളുകളിലേക്ക് സിനിമ എത്തിക്കാൻ ഇതിലൂടെ കഴിയുന്നുണ്ടോ?

അതില്‍ രണ്ട് വശങ്ങളുണ്ട്. ഒടിടി എന്ന് പറയുന്നതും മൂലധനത്തില്‍ അധിഷ്ഠിതം തന്നെയാണ്. സിനിമയും അതെ. സിനിമക്കൊരു നിര്‍മാതാവുണ്ട്. അയാള്‍ക്ക് പൈസ തിരിച്ചുകിട്ടേണ്ടതുണ്ട്. നമ്മള്‍ കാപിറ്റലിസ്റ്റ് ആയിട്ടുള്ള സമൂഹത്തില്‍ ജീവിക്കുമ്പോള്‍, അതില്ലെന്ന വ്യാജേന സ്വയം കള്ളം പറഞ്ഞ് ജീവിക്കുന്നതില്‍ അര്‍ഥമില്ല. ഇപ്പോഴുള്ള വഴി ഉപയോഗിച്ച്, അല്ലെങ്കില്‍ പുതിയ വഴി കണ്ടെത്തി സിനിമ വിറ്റെടുക്കണം. സിനിമയുടെ മൂലധനമെങ്കിലും തിരിച്ചുപിടിച്ചുകൊടുക്കണമെന്ന ആഗ്രഹമൊക്കെയുണ്ട്. ഒടിടി പ്ലാറ്റ്‍ഫോമുകളെ സംബന്ധിച്ച് സ്വഭാവം പൂര്‍ണമായി രൂപപ്പെട്ടുവന്നിട്ടില്ല. നെറ്റ് ഫ്ലിക്സും ആമസോണുമാണ് ഇപ്പോഴത്തെ അവസ്ഥയില്‍ നിയന്ത്രിക്കുന്നത്. കൃത്യമായ സ്വഭാവങ്ങളുള്ള സിനിമകളാണ് വേണ്ടതെന്ന് അവര്‍ക്ക് അറിയാം. ഇന്ത്യയില്‍ തുടങ്ങിയപ്പോഴുള്ള മൂല്യങ്ങളല്ല അവര്‍ ഇപ്പോള്‍ പിന്തുടരുന്നത്. ഏത് തരത്തിലുള്ള സിനിമകളാണ് കൂടുതല്‍ വിറ്റുപോവുക എന്ന് അവര്‍ മനസ്സിലാക്കി. അപ്പോള്‍ തിയേറ്ററുകള്‍ പോലെ തന്നെ മറ്റൊരു തരം മോഡലായിട്ട് ഒടിടി മാറിക്കൊണ്ടിരിക്കുകയാണ്. ചെറിയ പ്ലാറ്റ്‍ഫോമുകളും മിക്കവരും അവരെ കണ്ടാണ് പഠിക്കുന്നത്. വലിയ നിക്ഷേപമൊക്കെയായി ഇറങ്ങി വലിയ സിനിമകള്‍ വാങ്ങണമെന്നൊക്കെ ചിന്തിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതേസമയം വ്യത്യസ്തമായ അഭിരുചികളുള്ള ഓഡിയന്‍സ് അവിടെയുണ്ട്. അവരെ സംതൃപ്തിപ്പെടുത്തുന്ന സിനിമകളുണ്ടാവുന്നുമുണ്ട്. രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞാണെങ്കിലും നമുക്ക് വ്യത്യസ്തമായ സിനിമകളുണ്ടാവുമെന്നും അത് പ്രേക്ഷകരിലേക്കെത്തിക്കാനുള്ള വഴിയുണ്ടാകുമെന്നുമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.


ഓസ്ട്രേലിയയിലെ ഫിലിം സ്കൂളിലെ പഠനം സിനിമാ സങ്കല്‍പ്പങ്ങള്‍ രൂപീകരിക്കുന്നതില്‍ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?

എനിക്കവിടെ ഗുണകരമായി തോന്നിയത് രണ്ട് കാര്യങ്ങളാണ്. ഒന്ന് ഒരുപാടു സിനിമകള്‍ കാണാനുള്ള അവസരമുണ്ടായിരുന്നു. സിനിമ എന്ന മാധ്യമത്തെ അതുവരെ കണ്ടിരുന്നതില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ വിശാലമായി കാണാന്‍ കഴിഞ്ഞു. അതുവരെ കേട്ടിട്ടോ കണ്ടിട്ടോ ഇല്ലാത്ത സംവിധായകരുടെ സിനിമകള്‍ കണ്ടു. സിനിമ എന്ന മാധ്യമത്തെ വളരെ വ്യത്യസ്തമായി രീതിയില്‍ ഉപയോഗിക്കുന്ന സംവിധായകരുണ്ടെന്ന് മനസ്സിലായി അതുകണ്ട് അന്തംവിട്ടിരിക്കുകയൊക്കെ ചെയ്തിട്ടുണ്ട്. അതെന്നെ സംബന്ധിച്ച് ഒരുതരം പഠനമായിരുന്നു. രണ്ടാമത്തെ കാര്യം സാങ്കേതികവശങ്ങള്‍ പഠിക്കാന്‍ പറ്റി എന്നതാണ്. ആ സമയത്തെ ഏറ്റവും അഡ്വാന്‍സ്ഡ് ആയിട്ടുള്ള ക്യാമറകളും മറ്റ് ഉപകരണങ്ങളും കളിപ്പാട്ടം പോലെ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം തന്നിരുന്നു. വാരാന്ത്യത്തിലൊക്കെ എന്തുവേണമെങ്കിലും ഷൂട്ട് ചെയ്യാം. ആ സമയത്ത് തെറ്റ് വരുത്തി അതില്‍ നിന്ന് പഠിക്കുക എന്നാണ് അധ്യാപകന്‍ പറഞ്ഞത്. ഇപ്പോ എന്ത് പൊട്ടത്തരവും ചെയ്ത് പഠിക്കുക, അതുകഴിഞ്ഞാണ് നിങ്ങളുടെ സിനിമാജീവിതം തുടങ്ങുന്നതെന്നാ അദ്ദേഹം പറഞ്ഞത്. പുള്ളി പറഞ്ഞത് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെടുകയും ഞാനത് അതുപോലെ അങ്ങ് ഏറ്റെടുക്കുകയും ചെയ്തു. പക്ഷേ കൂടുതലും ഹോളിവുഡ് ഓറിയന്‍റഡ് ആയിട്ടുള്ള പഠനമാണ് അവിടെ. പഠനം കഴിഞ്ഞാല്‍ ഹോളിവുഡിലേക്ക് ചേക്കേറി അവിടെ പോയി സിനിമയെടുക്കാന്‍ ശ്രമിക്കുക എന്നൊരു രീതിയിലാണ് പഠിപ്പിക്കുന്നത്. എന്നെ സംബന്ധിച്ച് ആ സമയത്തേ വ്യത്യസ്തമായ പ്ലാനായിരുന്നു. എന്നെ സംബന്ധിച്ച് ഇഷ്ടമുള്ള രീതിയില്‍ സിനിമ ചെയ്യാന്‍ പറ്റണം. എത്ര വലിയ ഇന്‍ഡസ്ട്രി ആണെങ്കിലും പിടികൊടുക്കേണ്ടതില്ല എന്ന് ചിന്തയില്‍ നിന്നാണ് ഞാന്‍ തിരിച്ചു നാട്ടില്‍ വന്ന് ചെറിയ ബജറ്റില്‍ സിനിമകള്‍ ചെയ്യാന്‍ തുടങ്ങിയത്.

മലയാളത്തില്‍ തന്നെ സിനിമ ചെയ്യാനാണോ താത്പര്യം? അതോ മറ്റ് ഭാഷകളിലേക്കും പോകുമോ?

അറിയില്ല. മലയാളം എനിക്ക് ഒരു തരത്തില്‍ സൌകര്യപ്രദമാണ്. നമുക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന ഭാഷ, സംസ്കാരം.. റിസ്ക് എടുക്കാന്‍ തയ്യാറുള്ള ഒരാള്‍ എന്ന നിലയില്‍ മറ്റൊരു തരത്തിലോ ഭാഷയിലോ ഉള്ള സിനിമ ശ്രമിച്ചുകൂടായ്കയില്ല. ഇതുവരെയുള്ള എന്‍റെ സിനിമകളൊക്കെ നാട്ടില്‍ ഊന്നിനിന്നുള്ള സിനിമകളാണ്. പക്ഷേ എനിക്ക് ഒറ്റ കാര്യമേയുള്ളൂ നമ്മള്‍ ചെയ്യുന്ന സിനിമ, അവതരിപ്പിക്കുന്ന രീതിയില്‍ സത്യസന്ധമാകണം.

സന്തോഷത്തിന്‍റെ ഒന്നാം രഹസ്യത്തില്‍ ശബ്‍ദമായി ഡോണ്‍ എത്തുന്നുണ്ട്. ഭാവിയില്‍ അഭിനേതാവായും ഡോണിനെ പ്രതീക്ഷിക്കാമോ?

അത് എനിക്ക് താത്പര്യമുള്ള കാര്യമല്ല. ഒരു നിവൃത്തിയുമില്ലാതിരുന്നതുകൊണ്ട് ചെയ്തതാണ്. കോവിഡ് സാഹചര്യം കാരണം ആ സമയത്ത് പുതിയ ഒരാളുമായി സമ്പര്‍ക്കമെന്ന് പറയുന്നതുപോലും പേടിപ്പിക്കുന്ന കാര്യമായിരുന്നു. ആ സിനിമയുടെ മുന്നിലും പിന്നിലുമായി, അഭിനയിച്ചവര്‍ ഉള്‍പ്പെടെ 9 പേരേ ഉണ്ടായിരുന്നുള്ളൂ. എറണാകുളത്ത് തന്നെ ഉള്ളവരായിരുന്നു എല്ലാവരും. ക്വാറന്‍റെനൊക്കെ പൂര്‍ത്തിയാക്കിയാണ് എല്ലാവരും ഷൂട്ടിന് വന്നത്. ഷൂട്ട് കഴിഞ്ഞിട്ട് വീട്ടില്‍ കൊണ്ടുപോയി കോവിഡ് കൊടുക്കാതിരിക്കാനൊക്കെ ശ്രദ്ധിച്ചു. എത്രയധികം ആളെ കുറയ്ക്കാമോ അത്രയധികം കുറച്ചു. അപ്പോള്‍ പിന്നെ വോയ്സ് എടുക്കാന്‍ മാത്രമായിട്ട് ഒരാളെ വിളിക്കേണ്ടല്ലോ എന്ന് കരുതി ഞാന്‍ തന്നെ ശബ്ദം കൊടുക്കുകയായിരുന്നു

ഡോണിന്‍റെ എല്ലാ സിനിമകളും പ്രശസ്തമായ ഫിലിം ഫെസ്റ്റുകളിലെത്തി. അങ്ങനെ അവിടെയെല്ലാം മലയാള സിനിമയുമെത്തി. അടുത്ത പ്രൊജക്റ്റുകൾ ആലോചിച്ചു തുടങ്ങിയോ?

നിലവില്‍ രണ്ട് തിരക്കഥ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സംവിധാനം ഞാനല്ല. ആ രണ്ട് പ്രൊജക്റ്റുകള്‍ നടക്കാനിരിക്കുകയാണ്. മൊത്തത്തില്‍ ഈ കോവിഡ് സാഹചര്യത്തിലെ അനിശ്ചിതത്വമുണ്ട്. ഷൂട്ടിങ് ഒക്കെ നിര്‍ത്തിവെച്ചിരുന്നല്ലോ. മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു. ഇനി സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമ ആയിട്ടില്ല. അതിനെ കുറിച്ചുള്ള പ്രാഥമിക ചിന്തകളൊക്കെ നടക്കുന്നു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - സിതാര ശ്രീലയം

contributor

Similar News