'പൂമുത്തോളെ...' അമ്മ പോയപ്പോൾ, 'ഏലമലക്കാട്...' മകൻ പിറന്നപ്പോൾ

പത്താം വളവിലെ 'ഏലമലക്കാടിനുള്ളിൽ...' എന്ന ഗാനം പ്രേക്ഷക പ്രശംസ നേടുമ്പോൾ വിശേഷങ്ങളുമായി സംഗീത സംവിധായകൻ രഞ്ജിൻ രാജ്

Update: 2022-04-10 12:03 GMT
Advertising

ആദ്യ ചിത്രമായ ജോസഫിലെ ഗാനങ്ങളിലൂടെ തന്നെ മലയാള സിനിമാ പ്രേക്ഷകരുടെ മനംകവര്‍ന്ന സംഗീത സംവിധായകന്‍. മ്യൂസിക് റിയാലിറ്റി ഷോകളില്‍ മത്സരാര്‍ഥിയായും പിന്നീട് ആർ.ജെയായും വി.ജെയായുമൊക്കെ മലയാളികള്‍ക്ക് സുപരിചിതനായ രഞ്ജിന്‍ രാജ്. സിനിമയുടെ ആത്മാവറിഞ്ഞ്, പ്രേക്ഷകന് ആസ്വാദനത്തിന്‍റെ മറ്റൊരു തലം സമ്മാനിക്കുന്ന പാട്ടുകളും പശ്ചാത്തല സംഗീതങ്ങളുമാണ് രഞ്ജിന്‍ രാജ് ഇതുവരെ മലയാളത്തിന് സമ്മാനിച്ചത്. അടുത്തിടെ പുറത്തിറങ്ങിയ കാണെക്കാണെ, വൂള്‍ഫ്, കാവല്‍, നൈറ്റ് ഡ്രൈവ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം നാമിത് അടുത്തറിഞ്ഞു. ഇപ്പോഴിതാ എം.പദ്മകുമാറിന്‍റെ പത്താം വളവ് എന്ന ചിത്രത്തിലൂടെ ഹൃദയഹാരിയായ മറ്റൊരു ഗാനവുമായി രഞ്ജിന്‍ വീണ്ടുമെത്തിയിരിക്കുന്നു. 'ഏലമലക്കാടിനുള്ളില്‍..' എന്ന ഗാനം ഇതിനോടകം പ്രശംസകള്‍ പിടിച്ചുപറ്റി. ഇനി അന്യഭാഷകളില്‍ കഴിവുതെളിയിക്കാന്‍ ഒരു ചുവടുമാറ്റത്തിനൊരുങ്ങുമ്പോള്‍ സംഗീതയാത്രയിലെ അനുഭവങ്ങളും പുതു ചിത്രങ്ങളുടെ വിശേഷങ്ങളുമായി ചേരുകയാണ് രഞ്ജിന്‍ രാജ്...


ജോസഫിന് ശേഷം വീണ്ടും പപ്പേട്ടനൊപ്പം

ജോസഫിന് ശേഷം പപ്പേട്ടനൊപ്പം (എം.പദ്മകുമാർ) ചെയ്യുന്ന പടമാണ് പത്താം വളവ്. ഏലമലക്കാട്ടിനുള്ളില്‍.. ഉള്‍പ്പെടെ മൂന്ന് പാട്ടുകളാണ് സിനിമയ്ക്ക് വേണ്ടി ഒരുക്കുന്നത്. ഒരു പാട്ട് ഞാന്‍ പാടിയിട്ടുമുണ്ട്. ഏലമലക്കാടിനുള്ളില്‍ ലിറിക്കല്‍ വീഡിയോ റിലീസായപ്പോള്‍ തന്നെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. അഭിന്ദനങ്ങളും മെസേജുകളും ധാരാളം വന്നു കഴിഞ്ഞു. അപ്പോള്‍ തന്നെ മനസിലാക്കാം പാട്ട് പ്രേക്ഷകരിലെത്തി എന്നത്. പപ്പേട്ടന്‍റെ മാമാങ്കം എന്ന ചിത്രത്തിന് വേണ്ടിയും വര്‍ക്ക് ചെയ്തിട്ടുണ്ട്. മേക്കിംഗ് വീഡിയോയും, ടീസറുമൊക്കെയായിട്ട്. പിന്നെ, അഭിലാഷ് പിള്ളയാണ് തിരക്കഥാകൃത്ത് എന്നതാണ് പത്താം വളവിന്‍റെ മറ്റൊരു പ്രത്യേകത. നേരത്തെ പുറത്തിറങ്ങിയ നൈറ്റ് ഡ്രൈവ് എന്ന പടവും അഭിയുടേതാണ്. ഞാന്‍ തമിഴില്‍ ആദ്യമായി ചെയ്യുന്ന കഡാവര്‍ എന്ന ചിത്രത്തിന്‍റെ എഴുത്തുകാരനും അഭി തന്നെയാണ്. 

Full View

കഡാവറിലൂടെ തമിഴിലേക്ക്, തമിഴും തമിഴ്നാടും ഏറെ ഇഷ്ടം

തമിഴ് സിനിമകള്‍ ഒരുപാട് ഇഷ്ടമുള്ളയാളാണ് ഞാന്‍. പാലക്കാടാണ് സ്വദേശം. അതുകൊണ്ട് തന്നെ തമിഴ് സംസാരിക്കുന്ന ഒരുപാട് സുഹൃത്തുക്കളുണ്ടെനിക്ക്. തമിഴ് ഭാഷയോടും തമിഴ്നാടിനോടും എന്തോ പ്രത്യേക സ്നേഹമാണ്. ചെന്നൈ വൈബും എന്നെ സ്വാധീനിച്ചിട്ടുണ്ട്. ജോസഫ് തൊട്ട് എന്‍റെ എല്ലാ പാട്ടുകളുടെയും റെക്കോഡിങ്ങ് ചെന്നൈയിലായിരുന്നു. എനിക്കാദ്യമായി കിട്ടിയ തമിഴ് സിനിമ കഡാവറാണ്. അമലാ പോള്‍ ആദ്യമായി നിര്‍മിക്കുന്ന സിനിമകൂടിയാണത്. പശ്ചാത്തല സംഗീതത്തിനാണ് സിനിമയില്‍ കൂടുതല്‍ പ്രാധാന്യം.

സിനിമയ്ക്ക് ആവശ്യമായിട്ടുള്ള സംഗീതമുണ്ടാക്കാനാണ് ഞാന്‍ ശ്രമിക്കാറ്. അത് ഏത് ഭാഷയിലും പ്രായോഗികമാണ്. അതുകൊണ്ട് തന്നെ വര്‍ക്ക് ചെയ്യുന്നതില്‍ തമിഴ്, മലയാളം വ്യത്യാസമൊന്നുമില്ല. പാട്ടാണെങ്കിലും പശ്ചാത്തല സംഗീതമാണെങ്കിലും സിനിമയ്ക്ക് ഒപ്പം നില്‍ക്കണം. അതിന് ഭാഷയുടെ അതിര്‍വരമ്പുകളില്ല. കഡാവറിന് ശേഷം തമിഴില്‍ വേറൊരു പ്രെജക്ട് കൂടിയുണ്ട്. കതിര്‍ നായകനാകുന്ന 'യുകി' എന്ന ചിത്രം. ഇതേ സിനിമ 'അദൃശ്യം' എന്ന പേരില്‍ മലയാളത്തിലും ഒരുങ്ങുന്നുണ്ട്. ജോജു ജോര്‍ജ്, ഷറഫുദ്ദീന്‍ തുടങ്ങിയവരാണ് അതില്‍ അഭിനയിക്കുന്നത്. മലയാളം പതിപ്പിനും ഞാന്‍ തന്നെയാണ് സംഗീത സംവിധാനം.


പപ്പേട്ടനില്‍ നിന്ന് പഠിച്ചതല്ല വൈശാഖേട്ടനില്‍ നിന്ന് പഠിച്ചത്

ജോഫിന് ശേഷം പ്രഗത്ഭരായ കുറച്ച് പേരുടെ സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ സാധിച്ചതാണ് എന്‍റെ ഏറ്റവും വലിയ ഭാഗ്യം. അനുഭവ സമ്പന്നര്‍ മാത്രമല്ല, സിനിമയെ വ്യത്യസ്തമായി കാണുന്നതും ഒരുപാട് സ്നേഹിക്കുന്നതുമായ കുറേപേര്‍ക്കൊപ്പം ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അവരോടെല്ലാം ഇന്നും ഞാന്‍ എന്‍റെ കുടുംബത്തെപ്പോലെ ബന്ധം സൂക്ഷിക്കുന്നുമുണ്ട്. മനു അശോകന്‍റെ കാണെക്കാണെ, സുരേഷ് ഗോപിയുടെ തിരിച്ചുവരവായിരുന്ന കാവല്‍, വൈശാഖിന്‍റെ നൈറ്റ് ഡ്രൈവ് തുടങ്ങി എല്ലാ ചിത്രങ്ങളും വലിയ അനുഭവമായിരുന്നു. മനു അശോകനിലൂടെയൊക്കെയാണ് ഞാനെന്ന സംഗീത സംവിധായകന്‍ വളര്‍ന്നത്. പാട്ടില്‍ മാത്രമല്ല, സിനിമയോടും ജീവിതത്തോടുമുള്ള എന്‍റെ കാഴ്ചപ്പാടിലും ഇവരൊക്കെ നല്ല രീതിയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

പാട്ടിന്‍റെ ആത്മാവ് ഒട്ടും നഷ്ടപ്പെടാതിരിക്കാനാണ് പപ്പേട്ടനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ കൂടുതലും ശ്രദ്ധിക്കുന്നത്. പപ്പേട്ടന് ഗിമ്മിക്കുകളെ ഇഷ്ടമല്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. റിയലായിട്ട് എന്താണോ ആ സിനിമയ്ക്ക് ആവശ്യം, അതാണ് പപ്പേട്ടനും വേണ്ടത്. എന്നാല്‍ വൈശാഖേട്ടനൊപ്പമുള്ള അനുഭവം വ്യത്യസ്തമാണ്. പപ്പേട്ടനില്‍ നിന്ന് പഠിച്ചതല്ല വൈശാഖേട്ടനില്‍ നിന്ന് പഠിച്ചത്. വൈശാഖ് എന്ന സംവിധായകന്‍ സിനിമയിലെ മാസ് സിനിമകള്‍ക്ക് വേറൊരു അര്‍ഥതലം നല്‍കിയ വ്യക്തിയാണ്. അദ്ദേഹത്തിന്‍റെ ചിത്രങ്ങളില്‍ സംഗീതത്തിനും നല്ല പ്രാധാന്യമുണ്ട്. പോക്കിരി രാജ, മല്ലു സിംഗ്, പുലി മുരുകന്‍ തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകള്‍ അതിന് ഉദാഹരണമാണ്.


സംവിധായകന്‍ വൈശാഖിനൊപ്പം 

പാട്ടിനെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് വൈശാഖേട്ടന്‍. നൈറ്റ് ഡ്രൈവിന് സംഗീതമൊരുക്കാന്‍ തീരുമാനമായപ്പോള്‍ എനിക്ക് നല്ല പേടിയുണ്ടായിരുന്നു. കാരണം അദ്ദേഹത്തിന്‍റെ ചിത്രങ്ങളില്‍ പശ്ചാത്തല സംഗീതത്തിനൊക്കെ ഒരു പ്രത്യേക സ്വഭാവമുണ്ട്. ഞാന്‍ ചെയ്യുന്നത് അദ്ദേഹത്തിന് ഇഷ്ടമാകുമോ എന്ന ആശയക്കുഴപ്പമായിരുന്നു എനിക്ക്. പക്ഷെ അതൊക്കെ മാറ്റി, എന്നെ കംഫര്‍ട്ടാക്കുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. അനിയനെ പോലെ കൂടെ നിര്‍ത്തിയാണ് മുന്നോട്ട് പോയത്. എന്നെപ്പോലുള്ള തുടക്കക്കാര്‍ക്കൊക്കെ അതൊരു ഗുണമാണ്. സംവിധായകര്‍ക്കൊപ്പം പുറത്ത് ഫുഡ് കഴിക്കാനോ ഒരു ഡ്രൈവിനോ പോകുമ്പോള്‍ ചില പാട്ടുകളുണ്ടാകാം. അതിന് ആര്‍ക്കൊപ്പമാണോ വര്‍ക്ക് ചെയ്യുന്നത് അവരുമായി നല്ല ബന്ധമുണ്ടാകണം. പക്ഷെ അത് പ്രൊഫഷനെ ബാധിക്കാനും പാടില്ല. 

തിരക്കഥയ്ക്കും ദൃശ്യങ്ങള്‍ക്കും ചേര്‍ന്ന പാട്ടുണ്ടാകണം, കഥാപാത്രത്തിന് യോജിച്ചതാകണം പാട്ടുകാര്‍

തിരക്കഥയ്ക്കും ദൃശ്യങ്ങള്‍ക്കും ചേര്‍ന്ന പാട്ടുണ്ടാക്കുകയെന്നതാണ് എന്‍റെയൊരു രീതി. പിന്നെ കഥാപാത്രത്തിനും അവരുടെ ഇമോഷന്‍സിനും ചേരുന്ന ശബ്ദമായിരിക്കണമെന്നത് നിര്‍ബന്ധമാണ്. ഇത് കൂടാതെ ഒരു സിനിമയ്ക്ക് അതിന്‍റേതായ ടോണ്‍ ഉണ്ടാകും. പത്താം വളവിന്‍റെ ട്രെയിലറൊക്കെ കാണുമ്പോള്‍ കിട്ടുന്ന ഒരു ഫീല്‍ ഉണ്ടല്ലോ, അതിന് യോജിച്ചതായിരിക്കണം പശ്ചാത്തല സംഗീതവും പാട്ടും ഗായകരുടെ ശബ്ദവും എല്ലാം. സുരാജ് വെഞ്ഞാറമൂടിന് വേണ്ടി ഹരിചരണിന്‍റെ ശബ്ദം യോജിക്കുന്നതായി എനിക്ക് തോന്നി. ഏലമലക്കാട്ടിനുള്ളില്‍ എന്ന പാട്ടിന്‍റെ വീഡിയോ പുറത്തിറങ്ങുമ്പോഴാണ് അത് കുറച്ചുകൂടി മനസിലാവുക. ഹരിചരണ്‍ ഏറ്റവും കൂടുതല്‍ സഹകരിക്കുന്ന ഒരു ഗായകനാണ്. ഞാന്‍ പൂര്‍ണമായും ഹാപ്പിയാകുന്നത് വരെ അവന്‍ പാടും ഒരു മടിയും കൂടാതെ.


ജോസഫ് എന്ന വഴിത്തിരിവ്

സംഗീത സംവിധാനം പ്രൊഫഷനാക്കണമെന്ന ആഗ്രഹത്തോടെയാണ് ഞാന്‍ കൊച്ചിയിലേക്ക് വരുന്നത്. പക്ഷെ വന്നപ്പോള്‍ തന്നെ അവസരങ്ങളുണ്ടായില്ല. പിന്നെ റേഡിയോയില്‍ പഴയ പാട്ടുകളെക്കുറിച്ചുള്ള ഒരു പരിപാടി അവതരിപ്പിക്കാന്‍ അവസരം കിട്ടി. ജീവിച്ച് പോകാന്‍ ഏറ്റെടുത്തതാണെങ്കിലും അവതരണം എനിക്ക് ഇഷ്ടമുള്ള പ്രൊഫഷന്‍ തന്നെയായിരുന്നു. വി.ജെയായും ജോലി നോക്കി. പക്ഷെ അതിനോടൊപ്പം തന്നെ സംഗീത സംവിധാനത്തിനുള്ള അവസരവും ഞാന്‍ തേടിക്കൊണ്ടിരുന്നു. അങ്ങനെ പരസ്യചിത്രങ്ങള്‍ക്ക് വേണ്ടി ജിംഗിള്‍സ് ചെയ്തു. കുറച്ച് ഭക്തിഗാനങ്ങള്‍ക്ക് സംഗീതം നല്‍കി. പിന്നീട് 2015 ഓടെ മലയാളത്തിലെ ഒരു പ്രമുഖ ചാനലിന്‍റെ മ്യൂസിക് പ്രൊഡക്ഷന്‍റെ ഭാഗമായി. സീരിയലുകളുടെ ടൈറ്റില്‍ സോങ്ങ്, പശ്ചാത്തല സംഗീതം തുടങ്ങി ഒരുപാട് വര്‍ക്ക് ചെയ്തു. അങ്ങനെ ഈ മേഖലയെക്കുറിച്ച് കൂടുതല്‍ പഠിക്കാനും അറിയാനും സാധിച്ചു. അതിനിടെ ഒടിയന്‍ സിനിമയുടെ ടീസര്‍ മ്യൂസിക് ചെയ്തു. അതൊക്കെ കാണിച്ച് കൊടുത്തിട്ടാണ് പപ്പേട്ടന്‍റെ കയ്യില്‍ നിന്ന് ജോസഫ് എനിക്ക് കിട്ടിയത്. 


സംവിധായകന്‍ എം പദ്മകുമാറും രഞ്ജിന്‍ രാജും 

ജോസഫിന്‍റെ ഭാരം അടുത്ത സിനിമയിലേക്ക് ചുമക്കുന്നതില്‍ അര്‍ഥമില്ല

ജോജു ജോര്‍ജിന്‍റെ അഭിനയം, പപ്പേട്ടന്‍റെ സംവിധാനം, വിജയ്‌യുടെ ശബ്ദം എല്ലാം ചേര്‍ന്നിട്ടാണ് പൂമുത്തോളെ...ഹിറ്റായത്. അങ്ങനെ എല്ലാം ശരിയായി വരണമെങ്കില്‍ ആ സിനിമ ആവശ്യപ്പെടുന്നത് നമ്മള്‍കൊടുക്കണം. ജോസഫ് പോലെയല്ല നൈറ്റ് ഡ്രൈവ്, അതുപോലെയല്ല പത്താം വളവ്, ഇതില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമാണ് കഡാവര്‍. അതുകൊണ്ട് തന്നെ നമ്മുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ സിനിമയുടെ അന്തസത്ത മനസിലാക്കുകയെന്നതാണ് പ്രധാനം. അതാണ് ഞാന്‍ പിന്തുടരുന്നത്. അല്ലാതെ ജോസഫിന്‍റെ ഭാരം അടുത്ത വര്‍ക്കില്‍ എടുത്തുവെക്കുന്നതില്‍ ഒരര്‍ഥവുമില്ല. 


വിജയ് യേശുദാസും രഞ്ജിന്‍ രാജും 

അമ്മ പോയപ്പോഴാണ് 'പൂമുത്തോളെ' ഉണ്ടായത്, മകന്‍ പിറന്നപ്പോള്‍ 'ഏലമലക്കാടും...'

ജീവിതാനുഭവങ്ങള്‍ അറിയാതെ പാട്ടുകളില്‍ വരാറുണ്ട്. അമ്മ പോയ സമയത്തുണ്ടായ പാട്ടാണ് ജോസഫിലെ പൂമുത്തോളെ... അമ്മയില്ലാതായതിന്‍റെ സങ്കടം നമ്മുടെ സംസാരത്തില്‍പോലും പ്രതിഫലിക്കുമല്ലോ അപ്പോള്‍ കലയില്‍ അത് തീര്‍ച്ചയായും കടന്നുവരും. ഏലമലക്കാടിനുള്ളില്‍ ചെയ്യുമ്പോള്‍ എന്‍റെ മകന്‍ പിറക്കുന്ന സമയമാണ്. വിനായക് ശശികുമാറാണ് പാട്ടിന്‍റെ വരികളെഴുതിയത്. എന്‍റെ ട്യൂണ്‍ കോള്‍ക്കുമ്പോള്‍ അവന്‍ പറയും ചേട്ടാ...ചേട്ടന്‍റെ 'ഫാദര്‍ഹുഡ്' ഭയങ്കരമായിട്ട് പാട്ടില്‍ വരുന്നുണ്ടല്ലോ എന്ന്. അറിയാതെ സംഭവിക്കുന്ന കാര്യമാണത്. "ചേട്ടന്‍റെ ഫാദര്‍ഹുഡിനുള്ള സമ്മാനം" എന്ന് പറഞ്ഞാണ് വിനായക് എനിക്ക് വരികള്‍ പൂര്‍ത്തിയാക്കി തന്നതും. 

സംഗീത യാത്രയില്‍ വഴികാട്ടിയായി അമ്മ

പാലക്കാട്ടുശ്ശേരി രാജവംശത്തിലെ ഒരംഗമാണ് ഞാന്‍. കെ.പി ഉദയഭാനു, കെ.പി കേശവമേനോന്‍ തുടങ്ങി നിരവധി പ്രമുഖരാണ് എന്‍റെ മുന്‍ഗാമികള്‍. ‍ഞങ്ങളുടെ കുടുംബത്തില്‍ ഏതെങ്കിലും തരത്തില്‍ കലയുമായി ബന്ധമുള്ളവര്‍ തന്നെയാണ് മിക്കപേരും. ഗായകനായിട്ട് തന്നെയാണ് എന്നെ വളര്‍ത്തിയത്. പക്ഷെ അച്ഛന് എന്നെ ബാങ്ക് ജോലിക്കാരനായി കാണാനായിരുന്നു ഇഷ്ടം. അതുകൊണ്ട് പഠിച്ചത് കൊമേഴ്സായിരുന്നു. അമ്മയാണ് സംഗീതത്തിന്‍റെ കാര്യത്തില്‍ എന്‍റെ പുറകേ ഏറ്റവും കൂടുതല്‍ ഓടിയിട്ടുള്ള വ്യക്തി. കലോത്സവ വേദികളായിരുന്നു അന്നത്തെ ആശ്രയം.


ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ റിയാലിറ്റി ഷോകളുടെ ഭാഗമായി. അന്ന് മധുരസ്വരങ്ങള്‍ എന്നപേരില്‍ കുട്ടികള്‍ക്കായി സ്വരലയയുടെ ഒരു ഗാനമേള ട്രൂപ്പുണ്ടായിരുന്നു. അതിന്‍റെ ഭാഗമായി ഒരുപാട് വേദികള്‍ കയറി. പക്ഷെ അന്നുതൊട്ടേ എന്‍റെ നോട്ടം കീബോഡിലും മറ്റ് സംഗീതോപകരണങ്ങളിലുമൊക്കെയായിരുന്നു. ഒരു പാട്ട് കേള്‍ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നതും മ്യൂസിക് കമ്പോസിങ്ങ് സംബന്ധിച്ച കാര്യങ്ങളാണ്. പാട്ട് കേള്‍ക്കുമ്പോള്‍ തന്നെ ആരാണ് മ്യൂസിക് ഡയറക്ടറെന്ന് തിരിച്ചറിയാനും എനിക്ക് കഴിയുമായിരുന്നു. അ‍‍ഞ്ചിലും ആറിലും പഠിക്കുമ്പോള്‍ തന്നെ ചില വരികളെഴുതി ട്യൂണ്‍ ചെയ്ത് റെക്കോഡു ചെയ്യുകയൊക്കെ ചെയ്തിട്ടുണ്ട്. റിയാലിറ്റി ഷോകളില്‍ പോയപ്പോഴും എന്താണ് ലക്ഷ്യമെന്ന് ചോദിച്ചാല്‍ മ്യൂസിക് കമ്പോസറാകണമെന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. പക്ഷെ കമ്പോസിങ്ങിന്‍റെ സാങ്കേതികത്വമൊന്നും അന്നെനിക്ക് അറിയുമായിരുന്നില്ല. ആത്മവിശ്വാസത്തിന്‍റെ പുറത്ത് പറഞ്ഞതാണ്.  

സീരിയലോ സിനിമയോ.. സംഗീതമാണ് മുഖ്യം

പാട്ടുകളെക്കാളേറെ എന്നെ ആകാംക്ഷാഭരിതനാക്കിയിട്ടുള്ളത് പശ്ചാത്തല സംഗീതങ്ങളാണ്. പാട്ട് സിനിമയുടെ പ്രീ- പ്രൊഡക്ഷന്‍ സ്റ്റേജിലുണ്ടാകുന്ന ഒന്നാണ്. എന്നാല്‍ തിരക്കഥയ്ക്കനുസരിച്ച്, ഷൂട്ടിങ്ങിന് ശേഷം പോസ്റ്റ്- പ്രൊഡക്ഷനില്‍ വരുന്നതാണ് ബാക്ക്ഗ്രൗണ്ട് സ്കോര്‍. അതുകൊണ്ട് തിരക്കഥയോട് നീതി പുലര്‍ത്തി, സംവിധായകന്‍ മനസില്‍ കണ്ട വികാരത്തില്‍ ഒരു പൊടിക്കുപോലും താഴെപോകാതെ പശ്ചാത്തല സംഗീതം ഉണ്ടാക്കണം. അതൊരു വലിയ ഉത്തരവാദിത്തമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

സിനിമയില്‍ എത്തിപ്പെടണമെന്ന ആഗ്രഹത്തോടെ തന്നെയാണ് ഞാന്‍ മ്യൂസിക് കമ്പോസിങ്ങിലേക്ക് തിരിഞ്ഞത്. അതിലേക്കുള്ള വഴിയായിട്ടാണ് സീരിയലുകള്‍ക്കും പരസ്യ ചിത്രങ്ങള്‍ക്കും സംഗീതമൊരുക്കിയത്. ഒരു കാലത്ത് എന്‍റെ അന്നമായിരുന്നു അതൊക്കെ. അതുകൊണ്ട് തന്നെ സീരിയലുകള്‍ക്കും പരസ്യചിത്രങ്ങള്‍ക്കും വലിയ പ്രാധാന്യം ഞാന്‍ കൊടുക്കുന്നുണ്ട്. ഇപ്പോഴും പരസ്യചിത്രങ്ങളും സീരിയലുകളുടെ ടൈറ്റില്‍ സോങ്ങുകളും ചെയ്യാറുണ്ട്. അവസരങ്ങളും സമയവും ഒത്തുവന്നാല്‍ ഇനിയും ചെയ്യും. ഒരിക്കലും നഷ്ടപ്പെടുത്തിക്കളയില്ല. സീരിയലായാലും സിനിമയായാലും എനിക്ക് സംഗീതമാണ് മുഖ്യം. ഞാന്‍ ചെയ്ത വര്‍ക്ക് കണ്ട് ആരും അയ്യേ എന്ന് പറയരുത്. ചെയ്യുന്നതെന്തായാലും അത് ഏറ്റവും മികച്ചതാക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്. 


കൂടെ നില്‍ക്കാന്‍ കുടുംബമുണ്ടായിരുന്നില്ലെങ്കില്‍...

കുടുംബം കൂടെയില്ലായിരുന്നെങ്കില്‍ ഇന്ന് ഇതുപോലെ സംസാരിക്കാന്‍ രഞ്ജിന്‍ രാജ് ഉണ്ടാകുമായിരുന്നില്ല. എല്ലാ കലാകാരന്മാര്‍ക്കും എന്നപോലെ എന്‍റെ കുടുംബത്തില്‍ നിന്നും സമ്പൂര്‍ണ പിന്തുണയാണ് ഇതുവരെ എനിക്ക് കിട്ടിയിട്ടുള്ളത്. ഭാര്യ ശില്‍പയും മകന്‍ ഇന്ദ്രനീലും അച്ഛനുമടങ്ങുന്നതാണ് കുടുംബം. മകനിപ്പോള്‍ പതിനൊന്ന് മാസം പ്രായമായതേയുള്ളൂ. ഭാര്യ സംഗീതവുമായി ബന്ധപ്പെട്ട മേഖലകളിലൊന്നുമല്ല. എന്നിരുന്നാലും സംഗീതം നല്ലപോലെ ആസ്വദിക്കുന്ന വ്യക്തിയാണ്.

ഞാന്‍ ഹാപ്പിയാണ്, പക്ഷെ സംതൃപ്തനല്ല....

ഇന്ന് ഞാന്‍ എന്താണോ അതില്‍ ഞാന്‍ ഹാപ്പിയാണ്, പക്ഷെ സംതൃപ്തിയായിട്ടില്ല. ഇനിയും ഇനിയും മുന്നോട്ട് പോകാനുണ്ട്. ഇന്ന് പരിപൂര്‍ണ തൃപ്തനായാല്‍ ചിലപ്പോള്‍ അവിടെ നിന്നുപോകും. എപ്പോഴും എവിടെയും എന്‍റെ കാതില്‍ എന്‍റെ കുറ്റങ്ങള്‍ മാത്രമേ കേള്‍ക്കൂ. എനിക്ക് എല്ലാ സിനിമ ഇന്‍ഡസ്ട്രികളുടെയും ഭാഗമാകണം. ഇന്ത്യയില്‍ തന്നെ മിക്ക ഭാഷകളിലും വര്‍ക്ക് ചെയ്യണമെന്നാണ് ആഗ്രഹം. പ്രത്യേകിച്ചും തെലുങ്ക്, തമിഴ്, മറാത്തി, തുടങ്ങിയ ഭാഷകളില്‍. ഒരു പാന്‍ ഇന്ത്യന്‍ സംഗീത സംവിധായകന്‍ എന്ന നിലയിലേക്ക് ഉയരുകയെന്നതാണ് ലക്ഷ്യം.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - ഹരിഷ്മ വടക്കിനകത്ത്

contributor

Similar News