'സിനിമ നല്ലതാണെങ്കിലും, മോശമാണെങ്കിലും അത് പ്രേക്ഷകനുമായി ആശയകൈമാറ്റം നടത്തുന്നുണ്ട്': 'റിപ്ടൈഡ്' സംവിധായകൻ സംസാരിക്കുന്നു

'എന്റെ സിനിമ റിയാലിറ്റിക്കും ഫാന്റസിക്കും ഇടയിൽ നിൽക്കണമെന്നും, പ്രേക്ഷകർക്ക് യുക്തിയുടെ ഭാരം ഇല്ലാതെ, ചോദ്യങ്ങളിലേക്ക് ഒന്നും പോകാതെ സിനിമയ്ക്കൊപ്പം സഞ്ചരിക്കാൻ ആകണം എന്നുമായിരുന്നു എന്റെ തീരുമാനം. അതുകൊണ്ടുതന്നെ സംഘർഷഭരിതമായ പശ്ചാത്തലവും വൈകാരിക വേലിയേറ്റവും പറയേണ്ടതുണ്ട് എന്നതിലേക്ക് എത്തുകയായിരുന്നു'

Update: 2024-12-23 09:56 GMT
Advertising

29 മത് രാജ്യന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച 'റിപ്ടൈഡ്' എന്ന സിനിമയുടെ സംവിധായകനും മീഡിയ വൺ അക്കാദമിയിലെ വിദ്യാർത്ഥിയുമായിരുന്ന അഫ്രദ് വി കെയുമായി നജ്മ മജീദ് നടത്തിയ അഭിമുഖം.

?: സിനിമ സന്ദേശം കൂടി കൈമാറുന്നതാകണം, സിനിമക്കാരന് അതിന്റെ സാമൂഹിക ബാധ്യത ഉണ്ടെന്ന് വിചാരിക്കുന്നുണ്ടോ? എങ്കിൽ 'റിപ്ടൈഡ്' ആ രൂപത്തിൽ എങ്ങനെയാണ് സമൂഹത്തോട് സംവദിക്കുന്നത്?

ഉത്തരം: സിനിമാക്കാർക്ക് മാത്രമായിട്ട് സൊസൈറ്റിയെ മെച്ചപ്പെടുത്തുക എന്ന ബാധ്യതയില്ല. അത് മറ്റു മനുഷ്യരെപ്പോലെ തന്നെയുള്ള സാമൂഹിക ബാധ്യത മാത്രമാണ്. അതിൽ അധികമായി ഒന്നും തന്നെയില്ല. സിനിമ സന്ദേശമുള്ളതായിരിക്കണം എന്നുള്ളത് ഓൾഡ് സ്കൂൾ ചിന്തയാണ്. മാത്രമല്ല, സന്ദേശത്തെ എങ്ങനെ നിർവചിക്കുന്നു എന്നുള്ളത് കൂടി പ്രധാനമാണ്. അത് ധാർമികമായ ഒന്നാകണം എന്നുള്ളിടത്താണ് പ്രശ്നം.

സിനിമ നല്ലതാണെങ്കിലും, മോശമാണെങ്കിലും അത് പ്രേക്ഷകനുമായി ആശയകൈമാറ്റം നടത്തുന്നുണ്ട്. എന്റെ സിനിമ കണ്ട് എന്നോട് സംസാരിച്ചവരിൽ സിനിമ പഠിക്കുന്നവർ ആയിരുന്നു കൂടുതൽ. അവർക്ക് സിനിമ പ്രചോദനമായി എന്ന് പറയുമ്പോൾ സിനിമ അതിന്റെ ധർമം നിർവഹിച്ചു, അല്ലെങ്കിൽ സന്ദേശം കൈമാറ്റം ചെയ്തു എന്ന് തന്നെയാണ് ഞാൻ വിചാരിക്കുന്നത്. സിനിമ യഥാർത്ഥത്തിൽ കലാപരമായിട്ടും, സാങ്കേതികമായിട്ടും പലതരം അറിവുകൾ കൈമാറ്റം ചെയ്യുന്നുണ്ട്. അത് സ്വീകരിക്കണമോ, വേണ്ടയോ എന്നുള്ളത് പ്രേക്ഷകനാണ് തീരുമാനിക്കുന്നത്.

അഫ്രദ് വികെ

?: ജെൻഡറിനെ കുറിച്ച് സംസാരിക്കുക എന്നുള്ളതാണ് പുതിയ കാലത്തിന്റെ പുരോഗമനത്തിന്റെ പര്യായമാകുന്നത്. പലപ്പോഴും അതിന്റെ ഉദ്ദേശങ്ങൾ സിനിമയുടെ ഉപരിതലത്തിൽ ഒതുങ്ങിപോകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു കഥയിലേക്ക് വന്നത്?

♦ പുതിയ ഫിലിം മേക്കഴ്സ് ലോകസിനിമകൾ കാണുന്നവരും, പുസ്തകങ്ങൾ വായിക്കുന്നവരും, സാമൂഹിക മാറ്റങ്ങളെ കുറിച്ച് അപ്ഡേറ്റടായ ആളുകളുമാണ്. സ്വാഭാവികമായി അത്തരം ഇടപെടലുകൾ അവരുടെ ചിന്തകളിലും സിനിമകളിലും പ്രതിഫലിക്കും. നമ്മുടെ പരിസരങ്ങൾ, നമ്മൾ കേൾക്കുന്ന പാട്ടുകൾ, അനുഭവങ്ങൾ, കണ്ട കാഴ്ചകൾ അങ്ങനെയെല്ലാം ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മുടെ ക്രാഫ്റ്റ് ഭാഗമായി തീരും. അതെന്റെ അനുഭവമാണ്.

സിനിമയുടെ പ്രമേയത്തിലേക്ക് വന്നപ്പോൾ ഞാൻ ആദ്യം ചിന്തിച്ചത് ആണിന്റെ കഥകൾ സിനിമകളിൽ ഏറെയുണ്ടല്ലോ എന്നാണ്. എന്നാൽ കൗമാരക്കാരന്റെ അല്ലെങ്കിൽ ഒരു ക്വീർ മനുഷ്യന്റെ വൈകാരിക പരിസരങ്ങളും, ആശങ്കകളും, ആകുലതകളും ഒന്നും കാര്യമായി ആരും തന്നെ പറഞ്ഞിട്ടില്ലല്ലോ എന്നുള്ളതാണ്. അതുകൊണ്ട് അങ്ങനെയൊരു ജീവിതാവസ്ഥ അഡ്രസ്സ് ചെയ്യേണ്ടതുണ്ട് എന്ന് തീരുമാനിക്കുകയായിരുന്നു.

പക്ഷേ എല്ലാത്തിലും ഉപരി ഒരു സിനിമ സംവിധായകൻ എന്ന നിലയിൽ എന്റെ സിനിമ എന്ത് തരം മെത്തേഡിൽ ചെയ്യണമെന്നും, എങ്ങനെയുള്ള ട്രീറ്റ്മെൻറ് സിനിമ അർഹിക്കുന്നു എന്നതിനെകുറിച്ച് ആദ്യമേ എനിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു.

എന്റെ സിനിമ റിയാലിറ്റിക്കും ഫാന്റസിക്കും ഇടയിൽ നിൽക്കണമെന്നും, പ്രേക്ഷകർ യുക്തിയുടെ ഭാരം ഇല്ലാതെ ചോദ്യങ്ങളിലേക്ക് ഒന്നും പോകാതെ സിനിമയ്ക്കൊപ്പം സഞ്ചരിക്കാൻ ആകണം എന്നുമായിരുന്നു എന്റെ തീരുമാനം. അതുകൊണ്ടുതന്നെ സംഘർഷഭരിതമായ പശ്ചാത്തലവും വൈകാരിക വേലിയേറ്റവും പറയേണ്ടതുണ്ട് എന്നതിലേക്ക് എത്തുകയായിരുന്നു.

എന്നെ സംബന്ധിച്ച് 'റിപ്ടൈഡ് ' തീർത്തും സിനിമാഭാഷയുടെ ഒരു പരീക്ഷണമായിരുന്നു. കഥ അതിൻറെ ഒരു ഘടകം മാത്രമായിരുന്നു.

 

?:  സമ്പ്രദായിക സിനിമ രീതികളെ മറന്നു കൊണ്ടുള്ള മേക്കിങ് ആയിരിന്നു 'റിപ്ടൈഡ് '. റെട്രോ മൂഡും, നോൺ ലീനിയർ പാറ്റേണും അതിന്റെ സവിശേഷതകൾ ആയിരുന്നു. സ്റ്റീരിയോ ടൈപ്പുകളെ മറികടക്കണം എന്നുള്ളത് മനപൂർവമായിരുന്നോ?

♦ സ്വാഭാവികമായി നമ്മൾ കണ്ടതിന്റെ എല്ലാം സ്വാധീനം സിനിമയിൽ ഉണ്ടാകും. ആദ്യത്തെ സിനിമ തീർത്തും വ്യത്യസ്തമായ ഒന്നാകണം എന്നത് ഏതൊരു സിനിമക്കാരനും ചിന്തിക്കുന്നതാണ്. അത് ഡിപ്ലോമ ഫിലിംസ് പരിശോധിച്ചാൽ മനസ്സിലാകും.

'റിപ്ടൈഡ്'ലേക്ക് വന്നാൽ കഥ എയ്സ്തറ്റിക് ട്രീറ്റ്മെൻറ് ആവശ്യമായ ഒന്നായിരുന്നു. കഥ സംഭവിക്കുന്ന കാലഘട്ടം, കളർ പാലറ്റ്, എല്ലാത്തിനും പ്രാധാന്യമുണ്ടായിരുന്നു. സ്റ്റീരിയോ ടൈപ്പുകളെ മറികടക്കുക എന്നുള്ളത് എൻറെ ഉദ്ദേശം കൂടിയായിരുന്നു. ഇത്തരം പരീക്ഷണങ്ങൾ സിനിമയിൽ ചെയ്യുമ്പോൾ എനിക്ക് സന്തോഷമുണ്ട്. അത് നൂറിൽ രണ്ടാൾക്ക്‌ മാത്രം മനസ്സിലാകുന്ന ഒന്നായാൽ പോലും ഞാൻ സംതൃപ്തനാണ്.

?: നേരിട്ട ഒരു വിമർശനം സിനിമയുടെ കഥയെ കുറിച്ചായിരുന്നു. പത്മരാജന്റെ കഥ സിനിമക്ക് സ്വാധീനമായിരുന്നോ? അല്ലെങ്കിൽ അതിനെ അടിസ്ഥാനപ്പെടുത്തിയാണോ സിനിമ ചെയ്തത്?

 സ്വാധീനം ആണ് ശരി. സമാനമായ കഥയാണ് പത്മരാജൻ പറഞ്ഞത് എന്നാൽ പത്മരാജന്റെ കഥ വായിച്ചവർക്കറിയാം, അത് പലതായ വ്യാഖ്യാനങ്ങൾക്ക് സാധ്യതയുള്ള തരത്തിൽ തുറന്നിട്ടിരിക്കുകയാണ്. അതിനെ അടിസ്ഥാനപ്പെടുത്തിയല്ല ഞാൻ സിനിമ ചെയ്തത്.

?: ഇനിയൊരു സിനിമയുടെ ആലോചനകൾ എങ്ങനെയാണ്?

 ഇനിയൊരു സിനിമ 'റിപ്ടൈഡ്' പോലെ ഒന്നായിരിക്കില്ല. മറ്റൊരു ജോണറിൽ ഒരു സിനിമ ചെയ്യണം എന്നാണ് ആഗ്രഹം. അത് കഥയിലും കഥാപാത്രങ്ങളിലും, സാങ്കേതികമായും എല്ലാത്തിലും മറ്റൊരു രീതിയിൽ ചെയ്യണമെന്നാണ്. നിലവിൽ ആദ്യ സിനിമ ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കപ്പെട്ടതിന്റെ അനാവശ്യ സമ്മർദ്ദം ഉണ്ട്. പക്ഷേ അതൊന്നും ബാധിക്കാതെ, അറിഞ്ഞതിൽ നിന്നും മോചിതനായി പുതിയ ഒന്ന് ചെയ്യണം എന്നാണ് വിചാരിക്കുന്നത്.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - നജ്മ മജീദ്

Writer

Similar News