മനുഷ്യന്റെ ഒറിജിൻ അറിയാൻ ഒരുപാട് പിന്നോട്ട് സഞ്ചരിക്കേണ്ടി വരും, ആ അന്വേഷണമാണ് സിനിമ: 'പാത്ത്' സംവിധായകന്‍ സംസാരിക്കുന്നു

'മനുഷ്യരുടെ കുടിയേറ്റം, സംസ്‌കാരം, കല, പാട്ട് തുടങ്ങിയവയുടെ അര്‍ഥമെന്താണ്, ഉത്ഭവം എവിടെനിന്നാണ് എന്നൊക്കെയുള്ള അന്വേഷണങ്ങളിലേക്ക് സിനിമ സഞ്ചരിക്കുന്നുണ്ട്'

Update: 2024-12-23 12:44 GMT
Advertising

ഇരുപത്തൊമ്പതാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ 'മലയാള സിനിമ ഇന്ന്' വിഭാഗത്തില്‍ പ്രദര്‍ശിച്ച മനോഹരമായ സിനിമയായിരുന്നു 'പാത്ത്'. ഒരു പാട്ടിന്റെ ഉത്ഭവവും അതിന്റെ അര്‍ഥവും അന്വേഷിച്ചിറങ്ങുന്ന രണ്ട് ചെറുപ്പക്കാരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. പാട്ടന്വേഷണത്തിനിടെ ഉണ്ടാവുന്ന രസകരമായ അനുഭവങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. സഞ്ചാരം അവസാനിക്കുന്നതോ വിശപ്പ് എന്ന യാഥാര്‍ഥ്യത്തിലും. കലയിലും സാഹിത്യത്തിലും സാംസ്‌കാരിക ചിഹ്നങ്ങളിലും അവകാശവാദം ഉന്നയിക്കുന്ന സമകാലിക അവസ്ഥയില്‍ പാത്ത് മുന്നോട്ടുവെക്കുന്ന ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും രാഷ്ട്രീയപ്രാധാന്യം കൂടിയുണ്ട്. സിനിമയുടെ സംവിധായകന്‍ ജിതിന്‍ ഐസക്ക് തോമസ് 'പാത്ത്'ന്റെ വഴികളെ കുറിച്ച് സംസാരിക്കുന്നു.

 ചോദ്യം: ശരാശരി ഏതൊരു മലയാളിയുടെയും വലിയ സ്വപ്നമാണല്ലോ സിനിമ. സ്വപ്നം തേടിയുള്ള താങ്കളുടെ യാത്രാനുഭവങ്ങളും, സിനിമയിലേക്കുള്ള പ്രവേശനവും എങ്ങനെയായിരുന്നു?

ഉത്തരം: സിനിമ എന്നത് എല്ലാവരെയും പോലെ തന്നെ എന്റെയും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു. എട്ട് വര്‍ഷമായി അതിനുവേണ്ടിയുള്ള പരിശ്രമത്തിലായിരുന്നു. അങ്ങനെയിരിക്കെയാണ്, എന്തുകൊണ്ട് സ്വന്തമായി ഒരു സിനിമ ചെയ്തുകൂടാ എന്ന ചിന്തയുണ്ടാകുന്നത്. ആ സമയം എന്റെ കൈവശമുള്ള എല്ലാ സോഴ്‌സും ഉപയോഗിച്ചാണ് സിനിമ എന്ന ലക്ഷ്യത്തിലേക്ക് കടക്കുന്നത്. 'അറ്റെൻഷൻ പ്ലീസ്' ആയിരുന്നു ആദ്യ സിനിമ.

?: സിനിമയെ ഗൗരവത്തോടെ സമീപിക്കുന്ന ഏതൊരാള്‍ക്കും വലിയ അഭിമാനമായിരിക്കും തന്റെ സിനിമ ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കുക എന്നത്. പാത്ത് ഐഎഫ്എഫ്കെയില്‍ വന്നതിനെ എങ്ങനെ കാണുന്നു?

 ഐഫ്എഫ്കെയില്‍ സിനിമ വന്നതില്‍ അങ്ങേയറ്റത്തെ സന്തോഷമുണ്ട്. ആദ്യത്തെ സിനിമ 'അറ്റെന്‍ഷന്‍ പ്ലീസ്' അന്ന് ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

 

?: അത്യന്തം സങ്കീര്‍ണമായ പ്രശ്‌നങ്ങളുടെ അവതരണമായിട്ടാണ് സിനിമയെ പലപ്പോഴും കണ്ടിട്ടുള്ളത്. അതില്‍നിന്നും വ്യത്യസ്തമായി ലളിതമായി, വിഷയത്തെ വളരെ മനോഹരമായി അവതരിപ്പിക്കാന്‍ പാത്തില്‍ കഴിഞ്ഞിട്ടുണ്ട്. എങ്ങനെയാണ് ഈയൊരു ആശയത്തിലേക്ക് എത്തുന്നത്?

♦ ഈ സിനിമയുടെ ആശയം കുറെ മുന്നെ തന്നെ മനസിലുണ്ടായിരുന്നു. ഡോക്യുമെന്ററി രീതിയിലുള്ള ഒരു ഇന്‍വെസ്റ്റിഗേഷന്‍ എന്നതായിരുന്നു മനസ്സിലുണ്ടായിരുന്ന ഐഡിയ. മറ്റൊരു മൂവിയുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നതിനാല്‍ അതിന് പറ്റിയിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ സാഹചര്യം ഒത്തുവന്നപ്പോള്‍ കയ്യിലുള്ള ആശയം വെച്ച് ചെയ്യുകയായിരുന്നു.

?: താങ്കളുടെ സിനിമയെ സമകാലിക സാംസ്‌കാരിക-രാഷ്ട്രീയവുമായി ബന്ധപ്പെടുത്താന്‍ കഴിയും. ചെറിയ വിഷയങ്ങളില്‍ പോലും മനുഷ്യര്‍ പരസ്പരം അവകാശവാദങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. ഈ സിനിമയിലും ഇത് കാണാന്‍ കഴിയുന്നുണ്ട്. അത്തരത്തിലൊരു ആശയം കൊണ്ടുവരാന്‍ താങ്കള്‍ ശ്രമിച്ചിട്ടുണ്ട്?

♦ തീര്‍ച്ചയായും സമകാലിക രാഷ്ട്രീയവുമായി ഈ സിനിമയെ ബന്ധപ്പെടുത്താന്‍ കഴിയും. അതുപോലെതന്നെ ഇതിലൂടെ കാണിക്കാന്‍ ഉദ്ദേശിച്ച മറ്റൊരു ആശയം ആന്ത്രോപ്പോളജി ആണ്. മനുഷ്യരുടെ കുടിയേറ്റം, സംസ്‌കാരം, കല, പാട്ട്, തുടങ്ങിയവയുടെ അര്‍ഥമെന്താണ്, ഉത്ഭവം എവിടെനിന്നാണ്, എന്നൊക്കെയുള്ള അന്വേഷണങ്ങളിലേക്ക് സിനിമ സഞ്ചരിക്കുന്നുണ്ട്. പാത്തിലെ വായ്ത്താരിപ്പാട്ട് പോലെ അര്‍ഥമോ ആശയമോ അറിയാതെ സ്വീകാര്യത നേടിയ ഒരുപാട് പാട്ടുകള്‍ ഇപ്പോഴും ഉണ്ട്. അതേക്കുറിച്ചു അന്വേഷിക്കുക എന്നൊരു ആശയം കാണിക്കുന്നുണ്ട്. മനുഷ്യന്റെ ഒറിജിന്‍, ഡിഎന്‍എ എന്നിവയെക്കുറിച്ചൊക്കെ അന്വേഷിക്കുമ്പോള്‍ നാം ഒരുപാട് പുറകോട്ട് യാത്ര ചെയ്യേണ്ടിവരും. ആ രീതിയിലുള്ള ഒരു അന്വേഷണതലത്തെ പാത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്.

 ?: നായകനും നായികക്കും തുല്യ പ്രാധാന്യമുള്ള റോള്‍ ആണ് നല്‍കിയിരിക്കുന്നത് എന്നത് പാത്ത് സിനിമയിലെ ശ്രദ്ധേയമായ ഒന്നായിരുന്നു. നായകന്‍ അല്ലെങ്കില്‍ നായിക എന്ന ഒറ്റ കഥാപാത്രത്തില്‍ കേന്ദ്രീകൃതമല്ല കഥ. ബോധപൂര്‍വ്വം അങ്ങനെ തീരുമാനിക്കുകയായിരുന്നോ?

♦ പ്രത്യേക ഉദ്ദേശ്യത്തിന്റെ പുറത്ത് ചെയ്തതൊന്നുമല്ല അത്. അതേസമയം, നേരത്തെ മനസിലുണ്ടായിരുന്നു, രണ്ട് കഥാപാത്രങ്ങള്‍ക്കും ഒരേ പ്രാധാന്യം കൊടുക്കണം എന്നത്. അതുകൊണ്ട് ചെയ്തു എന്ന് മാത്രം.

?: സിനിമയിലെ കാസ്റ്റിംഗ് വളരെ ശ്രദ്ധേയമാണ്. നായികാനായകന്മാര്‍ മുതല്‍ ഒടുവില്‍ കാണിക്കുന്ന മുത്തശ്ശനും മുത്തശ്ശിയും വരെ. കണ്ടുകൊണ്ടിരിക്കാന്‍ തന്നെ അതിമനോഹരമാണത്. സിനിമയെ ഭംഗിയാക്കുന്നത് അതിലെ കഥാപാത്രങ്ങളാണല്ലോ. എങ്ങനെയായിരുന്നു സിനിമയിലെ കാസ്റ്റിംഗ്?

♦ എന്റെ എല്ലാ സിനിമകളുടെയും കാസ്റ്റിംഗ് ഡയറക്ടര്‍ പ്രതാപന്‍ ആണ്. സ്‌ക്രിപ്റ്റ് എഴുതി അദ്ദേഹത്തിന് അയച്ചുകൊടുത്ത് ഇങ്ങനെയൊക്കെ ഉള്ള ആളുകളെയാണ് വേണ്ടതെന്ന് പറയും. അദ്ദേഹം പറ്റിയ ആളുകളെ കണ്ടെത്തി, ഓഡിഷന്‍ ചെയ്ത് അതില്‍ ബെസ്റ്റ് എന്ന് തോന്നുന്നവരെയാണ് നിര്‍ദേശിക്കാറ്.

Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - ശബ്‌ന ഷെറിന്‍ എം.

Media Person

Similar News