മരുഭൂമിയില്‍ നജീബിനെ ആത്മഹത്യയിൽനിന്ന് തടഞ്ഞത് ഇസ്‌ലാം-എ.ആർ റഹ്മാൻ

''ദൈവം നമ്മെ കൂടുതൽ ഇഷ്ടപ്പെടുന്നതിനനുസരിച്ച് അവൻ പരീക്ഷിച്ചുകൊണ്ടിരിക്കും. പ്രവാചകന്മാരുടെയും ഏതു മതങ്ങളുടെയും കാര്യം എടുത്തുനോക്കിയാൽ അങ്ങനെത്തന്നെയാണ്. വിശ്വാസികളെ അവൻ പരീക്ഷിച്ചുകൊണ്ടിരിക്കും.''

Update: 2024-03-22 12:33 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: മരുഭൂമിയിൽ കടുത്ത യാതനകൾക്കിടയിലും നജീബ് ആത്മഹത്യ ചെയ്യാതിരുന്നതിനു പിന്നിൽ ഇസ്‍ലാമിക വിശ്വാസമാണെന്ന് സംഗീതജ്ഞൻ എ.ആർ റഹ്മാൻ. ഇസ്‍ലാം ആത്മഹത്യ വിലക്കിയിട്ടുണ്ട്. കൂടുതൽ ഇഷ്ടപ്പെടുന്നവരെ ദൈവം പരീക്ഷിക്കും. നമ്മളെല്ലാവരും നജീബിനെപ്പോലുള്ള അവസ്ഥകളിലൂടെ പലരൂപങ്ങളിൽ കടന്നുപോയിട്ടുണ്ടാകുമെന്നും റഹ്മാന്‍ പറഞ്ഞു.

ഈ മാസം അവസാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന 'ആടുജീവിതം' ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പുറത്തിറക്കിയ അഭിമുഖത്തിലാണ് നടൻ പൃഥ്വിരാജിനോട് എ.ആർ റഹ്മാൻ സംസാരിച്ചത്. ജോർദാനിൽ നടന്ന ചിത്രീകരണത്തിനിടെ തയാറാക്കിയ അഭിമുഖമാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ചിത്രത്തിന്‍റെ സംഗീതം ഏറ്റെടുക്കുമ്പോൾ കഥയെക്കുറിച്ചോ കഥാപാത്രത്തെ കുറിച്ചോ ഒന്നും അറിയുമായിരുന്നില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. സംവിധായകൻ ബ്ലെസി ഒരു ചിത്രം ചെയ്യണമെന്ന് വന്നു പറഞ്ഞപ്പോൾ ഏറ്റെടുക്കുകയായിരുന്നുവെന്ന് റഹ്മാൻ പറഞ്ഞു.

''വിശ്വാസം സങ്കീർണമായൊരു സംഗതിയാണ്. ഒരുഭാഗത്ത് വളരെ ലളിതവും ആളുകളെ മുന്നോട്ടുനടത്തുന്നതുമായ സംഗതിയാണ്. എന്നാൽ, അതിലൊരു വിരോധാഭാസം കൂടിയുണ്ട്. ദൈവം നമ്മെ കൂടുതൽ ഇഷ്ടപ്പെടുന്നതിനനുസരിച്ച് അവൻ പരീക്ഷിച്ചുകൊണ്ടിരിക്കും. പ്രവാചകന്മാരുടെയും ഏതു മതങ്ങളുടെയും കാര്യം എടുത്തുനോക്കിയാൽ അങ്ങനെത്തന്നെയാണ്. വിശ്വാസികളെ അവൻ പരീക്ഷിച്ചുകൊണ്ടിരിക്കും. അത് അവരെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കും''-റഹ്മാൻ പറഞ്ഞു.

നജീബ് എന്തുകൊണ്ട് ആത്മഹത്യയ്ക്കു ശ്രമിച്ചില്ലെന്ന് ബ്ലെസിയുമായി ഇടയ്ക്കു ചർച്ച ചെയ്തിരുന്നുവെന്ന കാര്യം പൃഥ്വിരാജ് സൂചിപ്പിച്ചപ്പോൾ, ആത്മഹത്യ ഹറാമാണെന്നാണ് ഇസ്‌ലാം പറയുന്നതെന്നായിരുന്നു റഹ്മാന്‍റെ പ്രതികരണം. ആത്മഹത്യ ചെയ്താൽ നമ്മൾ ചെയ്ത ആരാധനകളും പ്രാർഥനകളും നന്മകളും നമ്മുടെ വിശ്വാസങ്ങളുമെല്ലാം റദ്ദായിപ്പോകുമെന്നാണു മതം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. പല തരത്തിൽ നമ്മളെല്ലാം നജീബിന്റേതു പോലുള്ള അവസ്ഥയിലൂടെ കടന്നുപോകാറുണ്ട്. ഞാനും ഇതുപോലെയുള്ള സ്ഥിതിയിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാൽ, അതിൽനിന്നൊക്കെ നമ്മൾ പുറത്തുകടക്കും. എന്തെങ്കിലും പ്രശ്‌നങ്ങൾ വന്നാൽ അതൊരു വെല്ലുവിളിയായി ഏറ്റെടുക്കാനാണ് ഞാൻ പറയാറ്. അടുത്ത ഘട്ടം നമ്മളെ കാത്തിരിക്കുന്നുണ്ടാകും. അതൊരു വലിയ പാഠമായി മാറുകയും ചെയ്യുമെന്ന് റഹ്മാൻ പറഞ്ഞു.

'ആടുജീവിതം' പശ്ചാത്തല സംഗീതത്തെക്കുറിച്ച്

പശ്ചാത്തല സംഗീതമൊരുക്കുന്നത് ഭ്രാന്ത് പിടിപ്പിക്കുന്ന കാര്യമാണ്. കീബോർഡിനു മുന്നിലിരുന്നാലും ചിലപ്പോൾ ഒന്നും വരില്ല. അല്ലെങ്കിൽ വരുന്ന ശബ്ദമൊന്നും ഒരു സുഖം കിട്ടില്ല. അല്ലെങ്കിൽ എല്ലാം നേരത്തെ ചെയ്തുവച്ചതാകും. അതുകൊണ്ടുതന്നെ ഇതൊരു നിരന്തരമായ നവീകരണമാണ്. 40 വർഷമായി ഞാൻ സിനിമാരംഗത്ത് പ്രവർത്തിക്കുന്നു. 10 വർഷം (സംഗീതോപകരണങ്ങൾ) വായിച്ചും 30 വർഷമായി സംഗീതം നിർവഹിച്ചും ഇവിടെയുണ്ട്. എങ്ങനെ സംഗീതം നിർവഹിക്കണമെന്ന് നേരത്തെ തന്നെ സെറ്റ് ചെയ്തുവച്ചൊരു മാതൃക എന്നോട് മനസ് പറയും. എന്നാൽ, കഥയുടെ ആത്മാവാണ് സിനിമയുടെ സൗണ്ട്ട്രാക്ക് ആയി പുറത്തുവരുന്നത്.

കഴിഞ്ഞ രണ്ടു ദിവസമായി ആടുകളെയും ഒട്ടകങ്ങളെയും മരഭൂമിയെയും മണലാരണ്യത്തെയുമെല്ലാം നിരീക്ഷിക്കുകയായിരുന്നു ഞാൻ. എന്താണ് അവയുടെയെല്ലാം ശബ്ദമെന്നു നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ചിത്രത്തിലുള്ള 'പെരിയോനേ' എന്ന പാട്ടിലെ വാക്കുകൾ മനോഹരമായിരുന്നു. ഞാനത് റെക്കോർഡ് ചെയ്തപ്പോൾ മനോഹരമായി തോന്നിയെങ്കിലും അതിനൊരു ആങ്കർ പോയിന്റ് ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ദൈവത്തെ എങ്ങനെയാണു വിളിക്കുക എന്ന് ഞാൻ ഒരു പാട്ടുകാരനോട് ചോദിച്ചത്. പെരിയോനേ എന്നു പറയാമെന്ന് അദ്ദേഹം പറഞ്ഞു.

കുട്ടിക്കാലത്ത് കേട്ട ചില മാപ്പിളപ്പാട്ടുകൾ ഓർമയുണ്ട്. അതിൽനിന്ന് ചില വാക്കുകൾ എടുക്കാമെന്നു കരുതി. അങ്ങനെയാണ് 'പെരിയോനേ റഹ്മാനേ, പെരിയോനേ റഹീം' എന്ന ഭാഗം ഉണ്ടാക്കിയത്. കാരുണ്യവാൻ, കരുണാനിധി എന്നൊക്കെ അർഥമുള്ള റഹ്മാൻ, റഹീം എന്നീ വാക്കുകളിൽനിന്നു വരുന്നതാണത്. മതങ്ങൾക്കതീതമായി വിളിക്കപ്പെടുന്നതാണത്.

അതിൽ വേറെയും കൗതുകകരമായ ട്രാക്കുകളുണ്ട്. (ഇസ്തിഗ്ഫാർ പാട്ടിലെ) അറബിക് ട്രാക്ക് ഉദാഹരണം. (മാജിദ് മജീദിയുടെ) മെസെഞ്ചർ ഓഫ് ഗോഡിനു വേണ്ടി ഞാൻ പാരിസിൽ സ്‌കോർ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിൽ ഒരു ഗായികയെ കിട്ടിയാൽ കൊള്ളാമെന്ന് ഞാൻ ആവശ്യപ്പെട്ടു. കുറച്ച് ഹമ്മിങ് ഭാഗങ്ങൾ റെക്കോർഡ് ചെയ്യാനുണ്ടായിരുന്നു. അങ്ങനെ ഒരു ഗായിക വന്നു പാടാൻ തുടങ്ങിയതോടെ ഞങ്ങളെല്ലാം അതിൽ ലയിച്ചുപോയി. (ഫലസ്തീൻ ഗായിക) സനാ മൂസയാണ് അതു പാടിയത്.

Full View

ഇഷ്ടമുള്ള മറ്റേതെങ്കിലും പാട്ട് പാടാൻ അവരോട് ഞാൻ ആവശ്യപ്പെട്ടു. ഒരു നാടോടിപ്പാട്ടാണ് അവർ പാടിയത്. ആ പാട്ട് എവിടെ ചേർക്കണമെന്ന് അറിയില്ലായിരുന്നു. സിംഗിളായി വേറെ ഇറക്കണമോ എന്ന് ആലോചിക്കുമ്പോഴാണ് ഇദ്ദേഹം(ബ്ലെസി) വന്ന് മരുഭൂമിയെ കുറിച്ചെല്ലാം സംസാരിക്കുന്നത്. അപ്പോഴാണ് ഞാനിത് അദ്ദേഹത്തെ കേൾപ്പിച്ചത്. അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തുവെന്നും എ.ആർ റഹ്മാൻ കൂട്ടിച്ചേർത്തു.

Summary: 'Islam prevented Najeeb from committing suicide in the desert': Says AR Rahman in 'Aadujeevitham' interview with the actor Prithviraj

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News