'എന്നിലെ അഭിനേതാവിനെ തിരിച്ചറിഞ്ഞ സംവിധായകന്‍, ശ്യാം ബെനഗലൊരു ജീനിയസ്': അനുസ്മരിച്ച് മനോജ് ബാജ്പേയി
മനോജ് ബാജ്പേയിയുടെ കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായിരുന്നു 2001ല്‍ പുറത്തിറങ്ങിയ 'സുബൈദ'.
ന്യൂഡൽഹി: അന്തരിച്ച വിഖ്യാത ചലച്ചിത്രകാരൻ ശ്യാം ബെനഗലിനെ അനുസ്മരിച്ച് നടന്‍ മനോജ് ബാജ്പേയ്.
നടനെന്ന നിലയിൽ തന്നെ രൂപപ്പെടുത്തുന്നതിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ബെനഗലെന്ന് ബാജ്പേയ് പറഞ്ഞു.
'മാണ്ഡി,അങ്കുർ തുടങ്ങിയ ചിത്രങ്ങളിലൂടെ വേറിട്ടൊരു ശൈലിക്ക് തുടക്കമിട്ടയാളാണ് ശ്യാം ബെനഗൽ. രാം ഗോപാൽ വർമ വഴിയാണ് അദ്ദേഹം എന്നെ ബന്ധപ്പെടുന്നത്, അദ്ദേഹം എന്ത് വേഷം നൽകിയാലും മറ്റൊന്നും ആലോചിക്കാതെ സ്വീകരിക്കുമായിരുന്നുവെന്നും '- ബാജ്പേയ് വ്യക്തമാക്കി.
'2001ല്‍ ഇറങ്ങിയ 'സുബൈദ'യിൽ ഫതേഹ്പുർ രാജകുമാരൻ വിജയേന്ദ്ര സിങ്ങിന്റെ വേഷമാണ് ചെയ്യേണ്ടതെന്ന് അറിഞ്ഞപ്പോൾ ഞെട്ടിയിരുന്നു, അദ്ദേഹമൊരു ജീനിയസാണ്. എന്നിലെ അഭിനയ മികവിനാണ് അദ്ദേഹം പ്രാധാന്യം നൽകിയത്. മനോജ് ബാജ്പേയിയാണ് ഈ വേഷം ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു. എനിക്കായിരുന്നു എല്ലാ സംശയങ്ങളും'- ബാജ്പേയ് പറഞ്ഞു.
മനോജ് ബാജ്പേയിയുടെ കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായിരുന്നു 'സുബൈദ'. ഇന്ത്യയിലെ തന്നെ പ്രധാന നടന്മാരിലൊരാളാകാൻ ചിത്രത്തിലൂടെ ബാജ്പേയിക്ക് സാധിച്ചു. അന്തരിച്ച നടിയും ഗായികയുമായ സുബൈദ ബീഗത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രമായിരുന്നു ഇത്. കരിഷ്മ കപൂർ ആയിരുന്നു സുബൈദ ബീഗം എന്ന കഥാപാത്രമായെത്തിയത്. രേഖ, മനോജ് ബാജ്‌പേയി, അമരീഷ് പുരി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ.