'എമർജൻസി' ഞാൻ സംവിധാനം ചെയ്തത് തെറ്റായിപ്പോയി; കുറ്റം ഏറ്റുപറഞ്ഞ് കങ്കണ റണാവത്ത്

സിനിമ തീയറ്ററിൽ റിലീസ് ചെയ്യണമെന്ന് കരുതിയത് തെറ്റായിപ്പോയെന്നും നടി

Update: 2025-01-09 06:50 GMT
Editor : ശരത് പി | By : Web Desk
Advertising

തന്റെ ആദ്യ സംവിധാന സംരംഭമായ ''എമർജൻസി' താൻ സംവിധാനം ചെയ്തത് തെറ്റായിപ്പോയെന്ന് നടിയും ബിജെപി എംപിയുമായി കങ്കണ റണാവത്ത്. സിനിമയെക്കുറിച്ച് ന്യൂസ് 18നുമായി നടത്തിയ അഭിമുഖത്തിലാണ് നടി തന്റെ തീരുമാനങ്ങളെക്കുറിച്ച് പ്രതികരിച്ചത്.

താൻ ഒരുപാട് തെറ്റായ തെരഞ്ഞെടുപ്പുകൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. നേരിട്ട് സിനിമ സംവിധാനം ചെയ്യാൻ തീരുമാനിച്ചതും സ്ട്രീമിങ്ങിലേക്ക് പോകുന്നതിന് പകരം തീയറ്റർ റിലീസ് തെരഞ്ഞെടുത്തതും അവയിൽ ചിലതാണെന്ന് നടി പറഞ്ഞു.

സെൻട്രൽ ബോർഡ് ഫോർ ഫിലിം സെർട്ടിഫിക്കേഷൻ (CBFC) സിനിമയുടെ റിലീസ് മാസങ്ങളോളം തടഞ്ഞത് തന്നെ ഭയപ്പെടുത്തിയെന്നും ഇങ്ങനെയായിരുന്നെങ്കിൽ താൻ സിനിമ തീയറ്ററിൽ റിലീസ് ചെയ്യുന്നതിന് പകരം സെർട്ടിഫിക്കേഷൻ ഒഴിവാക്കാൻ ഒടിടിയിൽ റിലീസ് ചെയ്യുമായിരുന്നുവെന്നും നടി പറഞ്ഞു. ഏതെക്കെ ഭാഗങ്ങൾ സെൻസർ ചെയ്ത് ഒഴിവാക്കുമെന്നും ഏതൊക്കെ ഭാഗങ്ങൾ നിലനിർത്തുമെന്ന് തനിക്കറിയില്ലെന്നും നടി പറഞ്ഞു.

ഇൻഫൊർമേഷൻ, ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കീഴിലുള്ള CBFC ഇന്ത്യയിൽ തീയറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകൾ കാഴ്ചക്കാർക്ക് അനുകൂലമാണോ എന്ന് നിരീക്ഷിക്കാനുള്ള സംവിധാനമാണ്.

1977 ഇന്ദിരാഗാന്ധിയെയും അടിയന്തരാവസ്ഥയെയും പരിഹസിച്ച് അന്നത്തെ ജനത പാർട്ടി എംപിയായ അമൃത് നഹാത സംവിധാനം ചെയ്ത 'കിസ്സാ കുർസി കാ' എന്ന സിനിമ മാത്രമേ അടിയന്തരാവസ്ഥയെക്കുറിച്ച് പറഞ്ഞിട്ടുള്ളു. അതിന്റെ മുഴുവൻ പതിപ്പുകളും ഇന്ദിരാഗാന്ധി സർക്കാർ നശിപ്പിച്ചിരുന്നു. കോൺഗ്രസ് സർക്കാരല്ല ഇപ്പോൾ എന്ന ആത്മവിശ്വാസത്തിൽ ഇത്തരമൊരു സിനിമ ചെയ്തത് തിരിച്ചടിയായി. ഇക്കാലഘട്ടം ഇന്ദിരാഗാന്ധിയെക്കുറിച്ചുള്ള സത്യങ്ങൾ മനസിലാക്കിയാൽ ഞെട്ടുമെന്നും കങ്കണ കൂട്ടിച്ചേർത്തു.

അടിയന്തരാവസ്ഥ കാലത്തിന് ശേഷമുള്ള ഇന്ദിരാഗാന്ധിയുടെ ജീവിതവും ഓപറേഷൻ ബ്ലൂസ്റ്റാറുമടക്കമുള്ള വിഷയങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ജനുവരി 17ന് റിലീസ് ചെയ്യുന്ന സിനിമയിൽ കങ്കണയെ കൂടാതെ അനുപം ഖേർ, ശ്രേയസ് താൽപദെ, അശോക് ചാബ്ര, മഹിമ ചൗധരി, മിലിന്ദ് സോമൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ഇതിനിടെ എമർജൻസി' പഞ്ചാബിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്ജിപിസി) പറഞ്ഞു. സിഖ് സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതാണ് സിനിമയെന്ന് ചൂണ്ടിക്കാട്ടിയാണ് കർശന നിലപാടുമായി സിഖ് സമുദായത്തിന്റെ മിനി പാർലമെന്റ് എന്നറിയപ്പെടുന്ന എസ്ജിപിസി രംഗത്തെത്തിയത്.അമൃത്സറിൽ ചേർന്ന എസ്ജിപിസി എക്സിക്യൂട്ടീവ് യോഗത്തിൽ 'എമർജൻസി' പ്രമേയം പാസാക്കുകയും ചിത്രത്തിന് സമ്പൂർണ നിരോധനം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ചിത്രം സിഖ് സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് മാത്രമല്ല, ആചാര്യൻ ജർണയിൽ സിങ് ഖൽസ ഭിന്ദ്രൻവാല വ്യക്തിഹത്യ ചെയ്യുന്നതാണെന്നും ഇത് തങ്ങളുടെ സമൂഹത്തിന് സഹിക്കാനാവില്ലെന്നും എസ്ജിപിസി പ്രസിഡന്റ് ഹർജീന്ദർ സിങ് ധാമി പറഞ്ഞു.

ചില ഭാഗങ്ങൾ ഒഴിവാക്കിയാൽ മാത്രമേ എമർജൻസി റിലീസ് ചെയ്യാൻ അനുവദിക്കൂ എന്ന് സെൻസർ ബോർഡ് മുമ്പ് വ്യക്തമാക്കിയിരുന്നു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ റിവിഷൻ കമ്മിറ്റി ശിപാർശ ചെയ്യുന്ന ചില കട്ടുകൾക്ക് ശേഷമേ റിലീസ് അനുവദിക്കാനാവൂ എന്ന് ബോംബെ ഹൈക്കോടതിയിലാണ് അധികൃതർ വ്യക്തമാക്കിയത്.റിലീസിന് അനുമതി തേടി സിനിമയുടെ വിതരണക്കാരായ സീ സ്റ്റുഡിയോസ് സമർപ്പിച്ച ഹരജിയിലാണ് സെൻസർ ബോർഡ് നിലപാട് അറിയിച്ചത്. സെൻസർ ബോർഡ് റിവിഷൻ കമ്മിറ്റി നിർദേശിച്ച ചില വെട്ടിത്തിരുത്തലുകൾ വരുത്തിയാൽ സിനിമ റിലീസ് ചെയ്യാമെന്ന് ബോർഡിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് അഭിനവ് ചന്ദ്രചൂഡ് ജസ്റ്റിസ് ബി.പി കൊളബാവല്ലയും ഫിർദോഷ് പൂനിവാലയുമടങ്ങുന്ന ബെഞ്ചിന് മുമ്പാകെ പറഞ്ഞു.

റിലീസ് ചെയ്യുന്നതിന് മുമ്പ് സിനിമയിൽ ചെയ്യേണ്ട 11 പരിഷ്‌കാരങ്ങൾ ചൂണ്ടിക്കാട്ടി സീ സ്റ്റുഡിയോസിന് വേണ്ടി ഹാജരായ അഭിഭാഷകൻ ശരൺ ജഗ്തിയാനിക്ക് നോട്ടീസ് കൈമാറുകയും ചെയ്തു. നിർദേശിച്ചിട്ടുള്ള 11 പരിഷ്‌കരണങ്ങളിൽ സിനിമയിൽ ചെയ്യേണ്ട ചില കട്ടുകളും കൂട്ടിച്ചേർക്കലുകളും ഉൾപ്പെടുന്നു.

കഴിഞ്ഞ വർഷം സെപ്തംബർ ആറിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം, സിഖ് സമുദായത്തെ മോശമാക്കി ചിത്രീകരിക്കുന്നു എന്ന പരാതിയെത്തുടർന്നാണ് പ്രതിസന്ധിയിലായത്.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News