സാമ്പത്തിക തട്ടിപ്പ് കേസ്; നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും
സെപ്തംബര്‍ 25ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസയച്ചു.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടി ജാക്വലിൻ ഫെര്‍ണാണ്ടസിന് വീണ്ടും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ്. സെപ്തംബര്‍ 25ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് ഇ.ഡി നോട്ടീസെന്നാണ് റിപ്പോര്‍ട്ട്. സുകേഷ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ കോടികൾ തട്ടിയ സംഘത്തിനെതിരായ കേസിലാണ് നടപടി. കേസില്‍ സാക്ഷിയാണ് ജാക്വലിൻ ഫെർണാണ്ടസെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്.
ആഗസ്റ്റ് 30ന് ജാക്വലിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇ.ഡിയുടെ ഡല്‍ഹി യൂണിറ്റ് അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്താണ് നടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. മലയാളി നടിയും മോഡലുമായ ലീനാ മരിയാ പോളിന്റെ പങ്കാളിയായിരുന്നു നിലവില്‍ ജയിലില്‍ കഴിയുന്ന സുകേഷ്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ലീനാ മരിയ പോളിനെ ഡൽഹി പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ഇവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്തിരുന്നു.
മഹാരാഷ്ട്ര സംഘടിതകുറ്റകൃത്യ നിയന്ത്രണ നിയമം (മക്കോക്ക) പ്രകാരമാണ് ലീനയെ അറസ്റ്റുചെയ്തത്. ഇതേവകുപ്പുപ്രകാരമാണ് സുകേഷിനെയും അറസ്റ്റു ചെയ്തത്. ഏകദേശം 200 കോടിയുടെ അനധികൃത പണമിടപാടുകൾ സുകേഷ് ചന്ദ്രശേഖർ നടത്തിയിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഇരുപതോളം തട്ടിപ്പുകേസുകൾ സുകേഷിനെതിരെയുണ്ട്. 2017 ൽ അറസ്റ്റിലായ സുകേഷ് നിലവിൽ ഡൽഹി രോഹിണി ജയിലിലാണ്.