ഗാന്ധിയേയും നെഹ്‌റുവിനേയും മാത്രമല്ല, അംബേദ്ക്കറും ആഘോഷിക്കപ്പെടേണ്ടേ? തുറന്നുപറഞ്ഞ് ജയ് ഭീം
'ജാതീയമായ വേര്‍തിരിവുകള്‍ മാറുക തന്നെ വേണം. എങ്കില്‍ മാത്രമേ ജനാധിപത്യം സാധ്യമാവുകയുള്ളൂ.'
ജയ് ഭീം വെളിച്ചമാണ്. ജയ് ഭീം സ്നേഹമാണ്. ഇരുട്ടില്‍ നിന്നുമുള്ള പ്രകാശമാണ് ജയ് ഭീം.
ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത സൂര്യയുടെ ജയ് ഭീം അവസാനിക്കുന്നത് ഈ അര്‍ത്ഥം വരുന്ന മറാത്തി കവിത സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതോടെയാണ്. ഒരാള്‍ സാമൂഹിക സ്വാതന്ത്ര്യം നേടാത്തിടത്തോളം നിയമം നല്‍കുന്ന സ്വാതന്ത്ര്യം പ്രയോജനപ്പെടില്ലെന്ന് ഡോ. ബി.ആര്‍ അംബേദ്കര്‍ ഉറച്ചു വിശ്വസിച്ചിരുന്നു. ഇത്തരം അംബേദ്കറീയന്‍ ദര്‍ശനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ജയ് ഭീമിന്‍റെ കഥ തയ്യാറാക്കിയിരിക്കുന്നത്. ഒരു സോഷ്യല്‍ ഡ്രാമ ജോണറില്‍പ്പെടുത്താവുന്ന ചിത്രമാണ് ജയ് ഭീം. കൊമേഴ്സ്യല്‍ പാറ്റേണില്‍ തന്നെയാണ് സംവിധായകന്‍ ചിത്രത്തെ സമീപിച്ചിരിക്കുന്നത്. എന്നാല്‍, ചിത്രത്തെ വ്യത്യസ്തമാക്കുന്നത് അത് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് തുറന്നുകൊടുക്കുന്ന രാഷ്ട്രീയത്തിന്‍റെ വഴികളാണ്.
ഇരുളര്‍ എന്ന ആദിവാസി വിഭാഗത്തില്‍പ്പെടുന്ന ദമ്പതികളാണ് രാജാക്കണ്ണും സെങ്കിണിയും. അപ്രതീക്ഷിതമായി ഒരു ദിവസം, കെട്ടിച്ചമച്ച ഒരു കേസില്‍ പൊലീസ് രാജാക്കണ്ണിനെ അറസ്റ്റ് ചെയ്യുന്നു. ചെയ്യാത്ത കുറ്റത്തിന്‍റെ പേരില്‍ രാജാക്കണ്ണും മറ്റ് രണ്ടുപേരും പൊലീസിന്‍റെ ക്രൂര മര്‍ദ്ദനത്തിന് ഇരയാവുന്നു. കുറച്ചുദിവസങ്ങള്‍ക്ക് ശേഷം രാജാക്കണ്ണും കൂട്ടരും ജയില്‍ ചാടുന്നു. അങ്ങനെ ഭാര്യയായ സെങ്കിണി വക്കീലായ ചന്ദ്രുവിനടുത്തെത്തുന്നു. പിന്നീട് നടക്കുന്ന നിയമ പോരാട്ടങ്ങളും സംഭവവികാസങ്ങളുമാണ് ജയ് ഭീമിന്‍റെ കഥ പറയുന്നത്. മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ചന്ദ്രു 1993ല്‍ കൈകാര്യം ചെയ്തിരുന്ന ഒരു കേസിനെ ആസ്പദമാക്കിയാണ് ഇതിന്‍റെ കഥ തയാറാക്കിയിരിക്കുന്നത്. ജഡ്ജിയായി സേവനം അനുഷ്ടിച്ച ഏഴ് വര്‍ഷത്തിനിടയില്‍ 96,000 കേസുകളാണ് ജസ്റ്റിസ് ചന്ദ്രു തീര്‍പ്പാക്കിയത്. ജസ്റ്റിസ് ചന്ദ്രുവിന്‍റെ അസാധാരണ കരിയറിലെ ഒരു കേസ് മാത്രമാണ് ജയ് ഭീമില്‍ പറയുന്നത്. അംബേദ്കറീയന്‍ ദര്‍ശനങ്ങളാണ് യഥാര്‍ഥ ജീവിതത്തില്‍ ജസ്റ്റിസ് ചന്ദ്രുവിനെ നയിച്ചത്. അതുകൊണ്ടുതന്നെ, ജയ് ഭീം എന്ന പേര് സിനിമക്ക് കൃത്യമായും ചേരുന്നതാണ്.
സൂര്യയുടെ അഡ്വ. ചന്ദ്രു എന്ന കഥാപാത്രമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നതെങ്കിലും സിനിമയുടെ ഫോക്കസ് പോയിന്‍റ് ലിജോ മോള്‍ അവതരിപ്പിച്ച സങ്കിണിയും മണികണ്ഠന്‍ അവതരിപ്പിച്ച രാജാക്കണ്ണുമാണ്. സിനിമയിലെ ഇരുളര്‍ വിഭാഗത്തിലുള്ളവരെപ്പോലെ സമൂഹത്തില്‍ നിന്നും അകറ്റിനിര്‍ത്തപ്പെടുന്നവര്‍ ഇന്നും ഈ നാട്ടിലുണ്ട് എന്നത് മണികണ്ഠനും ലിജോ മോളും അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പ്രാധാന്യം ഇരട്ടിയാക്കുന്നു. ഈ തൊട്ടുകൂടായ്മയും അകറ്റിനിര്‍ത്തലിന്‍റെയും പ്രധാന കാരണം ജാതിയാണ്. സ്വാതന്ത്ര്യം ലഭിച്ച് 50 വര്‍ഷങ്ങള്‍ പിന്നിടുന്ന 1997ലാണ് കഥ നടക്കുന്നത്. ജാതീയമായി വിവേചനം നേരിടേണ്ടി വരുന്ന, സ്വത്വം തെളിയിക്കാന്‍ റേഷന്‍ കാര്‍ഡോ വോട്ടര്‍ ഐഡിയോ പോലുമില്ലാത്ത ഒരു കൂട്ടര്‍. ജനാധിപത്യത്തില്‍ നിന്നും അവരെ അകറ്റി നിര്‍ത്തപ്പെടുന്നതിന്‍റെ ആദ്യ പടിയാണ് അത്.
ദലിതരെക്കുറിച്ചുള്ള വാര്‍പ്പുമാതൃകകള്‍, വ്യാജ ഏറ്റുമുട്ടലുകള്‍, കസ്റ്റഡി മരണങ്ങള്‍ എന്നിവയെയെല്ലാം സിനിമ വിമര്‍ശിക്കുന്നുണ്ട്. അടിയന്തരാവസ്ഥ കാലത്ത് കേരളത്തില്‍ സംഭവിച്ച രാജന്‍ കൊലപാതകത്തിന്‍റെ റഫറന്‍സും മെന്‍ഷനിങ്ങും സിനിമയിലുണ്ട്. ഒരുപാട് റിസര്‍ച്ചുകളിലൂടെ കടന്നുപോയ തിരക്കഥയാണ് ജയ് ഭീമിന്‍റേത് എന്നത് ഇത്തരം മെന്‍ഷനിങ്ങിലൂടെ വ്യക്തമാണ്.
തമിഴ് സിനിമയില്‍ വളരെ സട്ടിലായി ജാതി പൊളിറ്റിക്സ് പറയുന്ന ഒരുപാട് ചിത്രങ്ങള്‍ നേരത്തെയും വന്നിട്ടുണ്ട്. മാരി സെല്‍വരാജ്, പാ രഞ്ജിത് , വെട്രിമാരന്‍ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങള്‍ വളരെ റിയലിസ്റ്റിക്കായി ദലിത് രാഷ്ട്രീയത്തെ സമീപിക്കുന്ന രീതിയാണ് പിന്തുടര്‍ന്നത്. എന്നാല്‍, ജയ് ഭീം അങ്ങനെയല്ല, കുറച്ചുകൂടി കൊമേഴ്ഷ്യലാണ്. നായകന്‍ രക്ഷകനായി മാറുന്ന ഒരു ചെറിയ കഥ പറയുമ്പോഴും കൈകാര്യം ചെയ്യുന്ന വിഷയത്തിന്‍റെ പ്രാധാന്യം വിട്ടുപോകാതെത്തന്നെ ജ്ഞാനവേല്‍ അത് പ്രേക്ഷകരിലേക്കെത്തിക്കുന്നു.
പിടിച്ചിരുത്തുന്ന ബിജിഎം, മികച്ച ഷോട്ട് ഡിവിഷന്‍, നല്ല കളറിങ്, പെര്‍ഫക്ട് കട്ട്സ്. ജയ് ഭീം തീര്‍ച്ചയായും നല്ല ടെക്നിക്കല്‍ പെര്‍ഫക്ഷനുള്ള സിനിമ കൂടിയാണ്. അതുകൂടാതെ, പ്രേക്ഷകന്‍റെ ഉള്ളുലച്ചുകൊണ്ട് മികച്ച രീതിയില്‍ രാഷ്ട്രീയം പറയുന്ന ഒരുപിടി സീനുകള്‍ ജയ് ഭീമിന്‍റെ പ്രത്യേകതയാണ്. ഉദാഹരണത്തിന് പൊലീസ് സ്റ്റേഷനില്‍നിന്നും വീട്ടില്‍ കൊണ്ടുപോയി ആക്കാമെന്ന് പൊലീസ് പറയുമ്പോള്‍, അത് നിരസിച്ച് അവരെ തന്നെ വീട് വരെ പുറകെ വരുത്തിച്ച സെങ്കിണിയുടെ സീനെല്ലാം വളരെ മികച്ചതായിരുന്നു. അത് ജനാധിപത്യത്തിന്‍റെ ശക്തിയെ കാണിച്ചുതരുന്നു.
ഈ സീനുകളിലെല്ലാം അതിഗംഭീര പ്രകടനം കാഴ്ചവെച്ച അഭിനേതാക്കള്‍ക്ക് പ്രത്യേകം കയ്യടി കൊടുക്കണം. ഒരു അഭിമുഖത്തില്‍ പറയുന്നത് കേട്ടതാണ്. ക്യാരക്ടര്‍ അനാലിസിസിനായി ലിജോ മോളും മണികണ്ംനും ഇരുളര്‍ വിഭാഗത്തിലെ ട്രൈബല്‍സിനിടയില്‍ പോയി ദിവസങ്ങളോളം താമസിച്ചിരുന്നു എന്ന്. അങ്ങനെയാണെങ്കില്‍ ആ എഫര്‍ട്ട് തീര്‍ച്ചയായും ഫലം കണ്ടിട്ടുണ്ട്. ഇരുവരും മനോഹരമായി തങ്ങളുടെ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട്. സൂര്യയുടെ പ്രകടനവും മികച്ചതായിരുന്നു. കമ്യൂണിസ്റ്റായ, മാര്‍ക്സിയന്‍ ആദര്‍ശങ്ങളെ പിന്തുടരുന്ന ഒരു കഥാപാത്രമാണ് സൂര്യയുടേത്. സ്വാതന്ത്ര്യ ദിനത്തില്‍ ഗാന്ധിയുടെയും നെഹ്റുവിന്‍റെയുമെല്ലാം പ്രച്ഛന്ന വേഷങ്ങളുമുണ്ട്, എന്തുകൊണ്ട് അബേദ്കര്‍ ഇല്ല എന്ന് സൂര്യ ചോദിക്കുന്നതെല്ലാം പൊളിറ്റിക്കലി കോട്ട് ചെയ്യപ്പെടേണ്ട ഫ്രെയിസുകളാണ്. സിനിമ നിര്‍മ്മിച്ചിരിക്കുന്നതും സൂര്യയും ജ്യോതികയും ചേര്‍ന്ന് തന്നെയാണ്. ചുരുക്കത്തില്‍ നവരസയിലെ ക്ഷീണം സൂര്യ ജയ് ഭീമില്‍ മാറ്റി എന്നും പറയാം.
ജാതീയമായ വേര്‍തിരിവുകള്‍ മാറുക തന്നെ വേണം. എങ്കില്‍ മാത്രമേ ജനാധിപത്യം സാധ്യമാവുകയുള്ളൂ. ഇന്നത്തെ സമൂഹത്തിലും ഇത്തരം വേര്‍തിരിവുകള്‍ വളരെ പ്രകടമാണ്. മധുവിനെപ്പോലുള്ളവര്‍ കൊല്ലപ്പെടുമ്പോള്‍, ശ്രീജിത്തിനെപ്പോലുള്ളവര്‍ പൊലീസ് കസ്റ്റഡിയില്‍ ദാരുണമായി കൊലചെയ്യപ്പെടുമ്പോള്‍, ജാതീയമായ അനീതികള്‍ കണ്‍മുന്നില്‍ അരങ്ങേറുമ്പോള്‍ ജയ് ഭീം പോലുള്ള സിനിമകള്‍ പറയുന്ന കഥകള്‍ പ്രതീക്ഷകളാണ്.