'റീ മാസ്റ്റേര്‍ഡ് വേര്‍ഷന്‍ ആദ്യ ഭാഗത്തേക്കാള്‍ മികച്ചത്'; അവതാര്‍ റീ റിലീസില്‍ ജെയിംസ് കാമറൂണ്‍

സെപ്റ്റംബര്‍ 23ന് ഇന്ത്യയിലുള്ള എല്ലാ തിയറ്ററുകളിലും അവതാര്‍ റീ റിലീസ് ചെയ്യും

Update: 2022-09-20 10:40 GMT
Editor : ijas
Advertising

2009ല്‍ റിലീസ് ചെയ്ത് ലോകമെങ്ങും തരംഗം സൃഷ്ടിച്ച അവതാര്‍ സിനിമ റീ റിലീസിനൊരുങ്ങവെ ചിത്രത്തിന്‍റെ റീ മാസ്റ്റേര്‍ഡ് വേര്‍ഷനെ പ്രശംസിച്ച് സംവിധായകന്‍ ജെയിംസ് കാമറൂണ്‍. അവതാറിന്‍റെ രണ്ടാം ഭാഗമായ 'അവതാര്‍: ദ വേ ഓഫ് വാട്ടേഴ്സ് അറൈവല്‍' ഡിസംബറില്‍ റിലീസിന് ഒരുങ്ങുന്നതിന് മുന്നോടിയാണ് സെപ്റ്റംബര്‍ 23ന് അവതാര്‍ ആദ്യ ഭാഗം റീ റിലീസ് ചെയ്യുന്നത്.

റീ റിലീസ് ചെയ്യുന്ന അവതാറിന്‍റെ റീ മാസ്റ്റേര്‍ഡ് വേര്‍ഷന്‍ സിനിമ പുറത്തിറങ്ങിയപ്പോഴുള്ള ഭാഗത്തേക്കാള്‍ മികച്ചതാണെന്ന് കാമറൂണ്‍ പറഞ്ഞു. സിനിമയുടെ റീ മാസ്റ്ററിങ് പ്രക്രിയക്ക് സാക്ഷിയായ ഒരാളെന്ന നിലയില്‍ സിനിമ കണ്ടപ്പോള്‍ ഞെട്ടിപ്പോയതായും ജെയിംസ് കാമറൂണ്‍ പറഞ്ഞു.

തിയറ്ററില്‍ അവതാര്‍ കാണാന്‍ സാധിക്കാത്ത ആളുകളിലേക്ക് സിനിമാ അനുഭവം വീണ്ടുമെത്തുന്നതില്‍ ആവേശഭരിതനാണെന്നും റീ മാസ്റ്റേര്‍ഡ് വേര്‍ഷനില്‍ പൂര്‍ണ തൃപ്തനാണെന്നും കാമറൂണ്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ 23ന് ഇന്ത്യയിലുള്ള എല്ലാ തിയറ്ററുകളിലും അവതാര്‍ റീ റിലീസ് ചെയ്യും. 4കെ എച്ച് ഡി ആറിലേക്ക് (ഹൈ ഡൈനൈമിക് റേഞ്ച്) റീ മാസ്റ്റര്‍ ചെയ്ത ആദ്യ പതിപ്പ് ആണ് വീണ്ടും റിലീസ് ചെയ്യുന്നത്.

നാല് തുടര്‍ ഭാഗങ്ങളാണ് അവതാറിന് പുറത്തുവരാനിരിക്കുന്നത്. 2024 ഡിസംബര്‍ 20 ആണ് മൂന്നാം ഭാഗത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് നാലും അഞ്ചും ഭാഗങ്ങള്‍ യഥാക്രമം 2016 ഡിസംബര്‍ 18 നും 2028 ഡിസംബര്‍ 22 നും റിലീസ് ചെയ്യും. ജെയിംസ് കാമറൂണിന്‍റെ കഥയ്ക്ക് അദ്ദേഹത്തിനൊപ്പം ജോഷ് ഫ്രൈഡ്മാനും ചേര്‍ന്നാണ് രണ്ടാം ഭാഗത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാമറൂണിന്‍റെ ലൈറ്റ്‌സ്റ്റോം എന്‍റര്‍ടെയ്ന്‍മെന്‍റും ടി.എസ്.ജി എന്‍റര്‍ടെയ്ന്‍മെന്‍റും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. 20ത്ത് സെഞ്ചുറി സ്റ്റുഡിയോസ് ആണ് ചിത്രം ലോകമെമ്പാടും പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News