അമിതാഭ് ബച്ചന്‍ തെരുവ് കുട്ടികളുടെ ഫുട്ബോള്‍ കോച്ച്; നാഗരാജ് മഞ്ജുളെയുടെ ആദ്യ ഹിന്ദി ചിത്രം ജുണ്ടിന്‍റെ ട്രെയിലര്‍ പുറത്ത്

ചേരി ഫുട്ബോളിലൂടെ പ്രശസ്തനായ വിജയ് ബര്‍സെയുടെ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ജുണ്ട് ഒരുക്കിയിരിക്കുന്നത്

Update: 2022-02-23 14:45 GMT
Editor : ijas
Advertising

ഫാണ്ട്രി, സൈറാത്ത് എന്നീ മറാത്തി ചിത്രങ്ങള്‍ക്ക് ശേഷം ദേശീയ പുരസ്കാര ജേതാവ് നാഗരാജ് മഞ്ജുളെ സംവിധാനം ചെയ്യുന്ന ആദ്യ ഹിന്ദി ചിത്രം ജുണ്ടിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. അമിതാഭ് ബച്ചന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സ്പോര്‍ട്സ് ഡ്രാമ സ്വഭാവത്തിലുള്ളതാണ്. തെരുവു കുട്ടികളെ ഫുട്ബോളിലൂടെ ഒരുമിച്ചു ചേര്‍ക്കുന്ന പ്രൊഫസറുടെ വേഷത്തിലാണ് അമിതാഭ് ബച്ചന്‍ ചിത്രത്തിലെത്തുന്നത്. ചേരി ഫുട്ബോളിലൂടെ പ്രശസ്തനായ വിജയ് ബര്‍സെയുടെ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് ജുണ്ട് ഒരുക്കിയിരിക്കുന്നത്.

Full View

2001ലാണ് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ അധ്യാപകനായ വിജയ് ബര്‍സെ ചേരിയിലെ വിദ്യാര്‍ഥികളുടെ ഫുട്ബോള്‍ കളിയിലെ മികവ് കണ്ട് അവരെ പ്രോല്‍സാഹിപ്പിക്കാനായി സ്ലം സോക്കര്‍ എന്ന പേരില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റ് ആരംഭിക്കുന്നത്. ആദ്യ ടൂര്‍ണമെന്‍റില്‍ 128 ടീമുകള്‍ ഭാഗമായി. ആദ്യത്തെ മല്‍സരം തന്നെ വിജയത്തില്‍ കലാശിച്ചതോടെ അധ്യാപകനായ വിജയ് തനിക്ക് റിട്ടയര്‍മെന്‍റിന് ശേഷം ലഭിച്ച 18 കോടി കൊണ്ട് ചേരിയിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി ഫുട്ബോള്‍ അക്കാദമി സ്ഥാപിക്കുകയുണ്ടായി. 2007ല്‍ വിജയ് ബര്‍സെയുടെ കീഴിലുള്ള കുട്ടികള്‍ അന്താരാഷ്ട്ര ഭവനരഹിതരുടെ വേള്‍ഡ് കപ്പില്‍ ( ഹോംലെസ് വേള്‍ഡ്കപ്പ്) ഇന്ത്യന്‍ ഹോംലെസ് ടീം എന്ന പേരില്‍ മല്‍സരത്തില്‍ പങ്കെടുത്തത് വലിയ മുന്നേറ്റമായി തന്നെ മാധ്യമങ്ങള്‍ അടയാളപ്പെടുത്തി. 2012ല്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറില്‍ നിന്നും റിയല്‍ ഹീറോ പുരസ്കാരം നേടുന്നതില്‍ വരെയെത്തി വിജയ് ബര്‍സെ എന്ന അധ്യാപകന്‍റെ ജീവിതം.

നാഗരാജ് മഞ്ജുളെയുടെ സൈറാത്തില്‍ നിര്‍ണായക വേഷത്തിലെത്തിയിരുന്ന ആകാശ് തോസറും റിങ്കു രാജ്ഗുരുവും ജുണ്ടിന്‍റെ ഭാഗമാണ്. ടി-സീരീസും മഞ്ജുളെയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം മാര്‍ച്ച് നാലിന് തിയറ്ററുകളിലെത്തും. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News