മലപ്പുറം പൊന്നാനിക്കാരനായ മൂസ ആയി സുരേഷ് ഗോപി; 'മേ ഹൂം മൂസ' പൂർത്തിയാകുന്നു
ഇന്ത്യൻ ആർമിയിലെ അംഗമായ മലപ്പുറം പൊന്നാനിക്കാരനായ മൂസ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്
നിരവധി മികച്ച വിജയചിത്രങ്ങൾ ഒരുക്കിപ്പോരുന്ന ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'മേ ഹൂം മൂസ'യുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. കോൺഫിഡൻ്റ് ഗ്രൂപ്പ് ആൻ്റ് തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ ഡോ.സി.ജെ.റോയ്, തോമസ് തിരുവല്ല എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സുരേഷ് ഗോപിയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മൂസയെ അവതരിപ്പിക്കുന്നത്.
ഇന്ത്യൻ ആർമിയിലെ അംഗമായ മലപ്പുറം പൊന്നാനിക്കാരനായ മൂസ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയിൽ നിന്നും പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു കഥാപാത്രമായിരിക്കും ഇതിലെ മൂസയെന്ന് സംവിധായകനായ ജിബു ജേക്കബ് വാഗാ ബോർഡിലെ ലൊക്കേഷനിൽ വച്ചു പറഞ്ഞു. രാജ്യത്തെ അകമഴിഞ്ഞു സ്നേഹിക്കുന്ന, സേവിക്കുന്ന ഒരു കഥാപാത്രം. അദ്ദേഹത്തിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിൻ്റെ ഇതിവൃത്തം.
അതിശക്തമായ ഈ കഥാപാത്രത്തിലൂടെ ഇന്ത്യയെ നോക്കിക്കാണുകയാണ് സംവിധായകൻ ജിബു ജേക്കബ്. അതുകൊണ്ടു തന്നെ ഇതൊരു പാൻ ഇന്ത്യൻ ചിത്രമായി വിശേഷിപ്പിക്കാം. മൂസയുടെ അനൗദ്യോഗിക ജീവിതത്തിനും വ്യക്തി ജീവിതത്തിനും ഈ ചിത്രം ഏറെ പ്രാധാന്യം നൽകുന്നു. വലിയ മുതൽ മുടക്ക്, വ്യത്യസ്ത ലൊക്കേഷനുകൾ, മലയാളത്തിലേയും അന്യഭാഷകളിലേയും അഭിനേതാക്കൾ, നൂറു ദിവസങ്ങളോളം നീണ്ടു നിന്ന ചിത്രീകരണം ഇതൊക്കെ ഈ ചിത്രത്തിൻ്റെ വ്യാപ്തിയെ ഏറെ സഹായിക്കുന്ന ഘടകങ്ങളാണ്. നിരവധി നാടകീയ മുഹൂർത്തങ്ങളും സംഘർഷങ്ങളും മൂസയെ പ്രേക്ഷകരിലേക്ക് ഏറെ അടുപ്പിക്കാൻ പോന്നതാണ്.
പുനം ബജ്വാ, അശ്വിനി റെഡ്ഢി, സൈജു കുറുപ്പ്, ഹരിഷ് കണാരൻ, ജോണി ആൻ്റണി, മേജർ രവി, മിഥുൻ രമേശ്, ശരൺ, ശ്രിന്ദ, ശശാങ്കൻ മയ്യനാട് എന്നിവരും ചിത്രത്തില്‍ പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം തെരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. രചന-രൂപേഷ് റെയ്ൻ. റഫീഖ് അഹമ്മദ്, ഹരി നാരായണൻ, സജാദ് എന്നിവരുടെ വരികൾക്ക് ശ്രീനാഥ് ശിവശങ്കരൻ ഈണം പകർന്നിരിക്കുന്നു. വിഷ്ണു ശർമ്മ ഛായാഗ്രഹണവും സൂരജ് ഇ.എസ്.എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം-സജിത് ശിവഗംഗ, മേക്കപ്പ്-പ്രദീപ് രംഗൻ, കോസ്റ്റ്യൂം ഡിസൈൻ-നിസ്സാർ റഹ്‌മത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-രാജേഷ് ഭാസ്ക്കർ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ്-ഷബിൽ, സിൻ്റോ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സഫി അയിരൂർ, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ. സെൻട്രൽ പിക്ച്ചേഴ്സ് ചിത്രം പ്രദർശനത്തിനെത്തിക്കും.