ആര്യൻ ഖാന് ജാമ്യം നിന്നത് ജൂഹി ചൗള
ആര്യന്റെ പിതാവ് ഷാറൂഖ് ഖാന്റെ അടുത്ത സുഹൃത്താണ് ജൂഹി ചൗള.
മുംബൈ: മയക്കുമരുന്നു കേസിൽ ആര്യൻ ഖാന് ആൾജാമ്യം നിന്നത് ബോളിവുഡ് നടി ജൂഹി ചൗള. ജാമ്യത്തിനായുള്ള ഒരു ലക്ഷം രൂപയുടെ ബോണ്ടിൽ ഒപ്പുവയ്ക്കാൻ നടി നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) കോടതിയിലെത്തിയിരുന്നു. ആര്യന്റെ പിതാവ് ഷാറൂഖ് ഖാന്റെ അടുത്ത സുഹൃത്താണ് ജൂഹി ചൗള.
ജനിച്ചതു മുതൽ ആര്യനെ ജൂഹിക്ക് അറിയാമെന്ന് അഭിഭാഷകൻ സതീഷ് മനേഷ് ഷിൻഡെ പ്രതികരിച്ചു. ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ചയാണ് ആര്യൻ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
14 ഇന ജാമ്യ വ്യവസ്ഥകളാണ് ഉത്തരവിലുള്ളത്. ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കണം, എല്ലാ വെള്ളിയാഴ്ചയും 11 മണിക്കും രണ്ടു മണിക്കും ഇടയിൽ എൻസിബി ഓഫീസിൽ ഹാജകാരണം, കോടതി വിചാരണയിലും അന്വേഷണ സമയത്തും ആവശ്യപ്പെട്ടാൽ എത്തിചേരണം, തെളിവു നശിപ്പിക്കരുത്, രാജ്യം വിടരുത്, പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം എന്നിങ്ങനെയാണ് വ്യവസ്ഥകൾ. പ്രതികൾ വ്യവസ്ഥ തെറ്റിച്ചാൽ ജാമ്യം റദ്ദാക്കാൻ എൻ.സി.ബിയ്ക്ക് കോടതിയെ സമീപിക്കാം.
ഒക്‌ടോബർ എട്ടു മുതൽ മുംബൈ ആർതർ ജയിലിലായിരുന്നു ആര്യൻ. ജാമ്യം അനുവദിക്കരുതെന്ന എൻസിബിയുടെ വാദം തള്ളി ജസ്റ്റിസ് നിതിൻ ഡബ്യൂ സാംബ്രെയാണ് ആര്യന് ഉൾപ്പടെ മറ്റു രണ്ടു പേർക്ക് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. നേരത്തെ രണ്ടു തവണ വിചാരണക്കോടതി ജാമ്യം നിഷേധിച്ചിരുന്നു.
ഒക്‌ടോബർ മൂന്നിനാണ് ക്രൂയിസ് ഷിപ്പിൽ നടന്ന പാർട്ടിക്കിടെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ നടത്തിയ റെയ്ഡിൽ ആര്യൻ പിടിയിലായത്. മുംബൈയിൽ നിന്നു ഗോവയിലേക്കു പുറപ്പെട്ട കോർഡിലിയ എന്ന കപ്പലിലായിരുന്നു ലഹരിവേട്ട. മുംബൈയിൽനിന്നു കൊച്ചി വഴി ലക്ഷദ്വീപിലേക്കും സർവീസ് നടത്തുന്ന കപ്പലാണിത്. രഹസ്യവിവരത്തെത്തുടർന്ന് എൻ.സി.ബി ഉദ്യോഗസ്ഥർ യാത്രക്കാരെപോലെ കയറുകയായിരുന്നു.