'കെ ജി ജോര്‍ജ് വൃദ്ധസദനത്തില്‍ അല്ല, ഇത് വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ല': ശാന്തിവിള ദിനേശിനെതിരെ സെല്‍മ ജോര്‍ജ് പരാതി നല്‍കി

തെറ്റായ പ്രചാരണം നടത്തിയ ശാന്തിവിള ദിനേശിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന് കെ ജി ജോര്‍ജിന്റെ കുടുംബം

Update: 2021-06-23 06:41 GMT
Advertising

സംവിധായകന്‍ കെ ജി ജോര്‍ജിനെതിരെ തെറ്റായ പ്രചാരണം നടത്തിയ സിനിമാപ്രവര്‍ത്തകന്‍ ശാന്തിവിള ദിനേശിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി കെ ജി ജോര്‍ജിന്‍റെ  കുടുംബം. കെ ജി ജോര്‍ജിനെ വൃദ്ധസദനത്തില്‍ അല്ല താമസിപ്പിച്ചിരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ കാരണം ചികിത്സയുടെ ഭാഗമായാണ് വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നതെന്നും കെജി ജോര്‍ജിന്‍റെ ഭാര്യ സെല്‍മ ജോര്‍ജ് പറഞ്ഞു.

സംവിധായകന്‍ കെ ജി ജോര്‍ജിന്‍റെ ഓര്‍മ നഷ്ടപ്പെട്ടുവെന്നും വീട്ടുകാര്‍ വൃദ്ധസദനത്തില്‍ കൊണ്ടുവിട്ടുവെന്നും ശാന്തിവിള ദിനേശ് തന്‍റെ യു ട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെ ആണ് കെ ജി ജോര്‍ജിന്‍റെ ഭാര്യ രംഗത്തുവന്നത്. ശാന്തിവിള ദിനേശ് സിനിമാരംഗത്തുള്ള നിരവധി പേരെ ഇത്തരത്തില്‍ പറയാറുണ്ടെന്നും പറയുന്നത് മുഴുവനും പച്ചക്കള്ളമാണെന്നും സെല്‍മ പറയുന്നു. ഇത്തരം പ്രചാരണങ്ങള്‍ തനിക്കെതിരെയുള്ള മാനസികപീഡനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അങ്ങനെയൊരാളെ വെറുതെ വിടാന്‍ കഴിയില്ല. നിയമത്തിന്‍റെ വഴി തന്നെ സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു. ശാന്തിവിള ദിനേശിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ് കുടുംബം.

ചികിത്സക്കായാണ് കെ ജി ജോര്‍ജ് വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നത്. വീട്ടിലായിരിക്കുമ്പോള്‍ കുഴഞ്ഞു കുഴഞ്ഞാണ് അദ്ദേഹം സംസാരിച്ചിരുന്നത്. പണ്ട് സ്ട്രോക്ക് വന്നതു കൊണ്ട് നടക്കാനിപ്പോഴും ബുദ്ധിമുട്ട് ഉണ്ട്. പക്ഷേ, ട്രീറ്റ്മെന്‍റ് തുടങ്ങിയതുകൊണ്ട് അവിടെ വെച്ച് അവര്‍ നടത്തിക്കും. കുറച്ച് നടക്കുമ്പോഴേക്കും തനിക്ക് ഇനി വയ്യ, ഇരിക്കണം എന്നൊക്കെ പറയുമെങ്കിലും നല്ല മാറ്റമുണ്ട്. സംസാരവും നല്ലതുപോലെ ക്ലിയറായി. ആള് ആക്ടീവായി ശരിക്കും -കെ ജി ജോര്‍ജിന്‍റെ ഭാര്യ സെല്‍മ ജോര്‍ജ് പറയുന്നു.

പ്രസ്താവനയില്‍ ശാന്തിവിള ദിനേശിനോട് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ വിശദീകരണം തേടിയിട്ടുണ്ട്. മുമ്പ് വ്യാജപ്രചാരണം നടത്തിയതിന് സംവിധായകന്‍ ബൈജു കൊട്ടാരക്കരക്കെതിരെയും കെ ജി ജോര്‍ജിന്റെ കുടുംബം പരാതി നല്‍കിയിരുന്നു.

Full View

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News