110 കോടിക്ക് പുറമെ മറ്റൊരു ചെക്ക്; ജയിലറിന്റെ വിജയത്തിൽ രജനിക്ക് സൺപിക്‌ചേഴ്‌സിന്റെ സമ്മാനം
സൺ പിക്‌ചേഴ്‌സ് ഓഗസ്റ്റ് 25 ന് പുറത്തുവിട്ട കണക്ക് പ്രകാരം ചിത്രം നേടിയ ആഗോള ഗ്രോസ് 525 കോടിയാണ്
ഓഗസ്റ്റ് 10 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തിയ രജനീകാന്ത് ചിത്രം ജയിലർ ഇപ്പോഴും തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുകയാണ്. കളക്ഷൻ റെക്കോർഡുകൾ പലതും ഭേദിച്ചാണ് തലൈവർ ചിത്രം അതിന്റെ തേരോട്ടം തുടരുന്നത്. കേരളത്തിലും ചിത്രത്തിന്റെ ആദ്യ ഷോ മുതൽ വലിയ അഭിപ്രായമാണ് ലഭിച്ചത്.
നിർമ്മാതാക്കളായ സൺ പിക്‌ചേഴ്‌സ് ഓഗസ്റ്റ് 25 ന് പുറത്തുവിട്ട കണക്ക് പ്രകാരം ചിത്രം നേടിയ ആഗോള ഗ്രോസ് 525 കോടിയാണ്. ഇപ്പോഴിതാ പ്രതിഫലത്തിന് പുറമെ രജനിക്ക് ഒരു തുക കൈമാറിയിരിക്കുകയാണ് സൺപിക്‌ചേഴ്‌സ്.
സൺ പിക്‌ചേഴ്‌സ് ഉടമയായ കലാനിധി മാരനാണ് തമിഴ് സൂപ്പർതാരത്തിന് ചെക്ക് കൈമാറിയത്. ചെക്ക് കൈമാറ്റത്തിന്റെ ചിത്രങ്ങൾ സൺപിക്‌ചേഴ്‌സ് തന്നെയാണ് എക്‌സിലൂടെ പുറത്തുവിട്ടത്. എന്നാൽ തുക എത്രയെന്ന് പറഞ്ഞിട്ടില്ല.
അതേസമയം, ജയിലറിൽ രജനികാന്തിന് ലഭിച്ച പ്രതിഫലം 110 കോടിയാണെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ ജയിലറിൽ ടൈഗർ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിച്ചത്. മലയാളി താരം വിനായകന്റെ വില്ലൻ വേഷവും ഏറെ പ്രശംസിക്കപ്പെട്ടു. ചിത്രത്തിൽ അതിഥിവേഷങ്ങളിൽ മോഹൻലാൽ, ശിവ രാജ്കുമാർ, ജാക്കി ഷ്രോഫ് എന്നിവരും എത്തിയത് ആരാധകർക്ക് ആഘോഷിക്കാനുള്ള വക നൽകി. ഗോകുലം പിക്‌ചേഴ്‌സാണ് ജയിലർ കേരളത്തിൽ വിതരണത്തിനെത്തിച്ചത്.