കലക്ഷനിലും കലക്കി: കൽക്കി 800 കോടിയിലേക്ക്

റിലീസ് ചെയ്‌ത എട്ട് ദിവസത്തിനു ശേഷമാണ് ചിത്രത്തി‌ന്റെ ​ഗംഭീര നേട്ടം

Update: 2024-07-05 13:49 GMT
Advertising

‌തിയറ്ററുകൾ കീഴടക്കി മുന്നേറുന്ന നാഗ് അശ്വിൻ ചിത്രം കൽക്കി കലക്കൻ കലക്ഷനുമായി മുന്നേറുന്നു. കൽക്കി 2898 എഡിയുടെ ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസ് കളക്ഷൻ 774 കോടിയാണ്. റിലീസ് ചെയ്‌ത എട്ട് ദിവസത്തിനു ശേഷമാണ് ചിത്രത്തി‌ന്റെ ​ഗംഭീര നേട്ടം.

ബോക്‌സോഫീസിൽ വൻ തരംഗമായി മുന്നേറുമ്പോളും സിനിമക്കെതിരെ ചില വിവാദങ്ങളും ഉയർന്ന് വരുന്നുണ്ട്. കൽകിക്കെതിരെ വിമർശനവുമായി ഇപ്പോൾ നടൻ മുകേഷ് ഖന്നയാണ് രം​ഗത്തെത്തിയത്. ചിത്രം ഹിന്ദു പുരാണമായ മഹാഭാരതത്തെ വളച്ചൊടിച്ചിരിക്കുകയാണെന്നും ഇത്തരം സിനിമകൾ പരിശോധിക്കാൻ സർക്കാർ സമിതിയുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് മുകേഷ് ഖന്നയുടെ വിമർശനം. കൽകിയിൽ മഹാഭാരതത്തെ വളച്ചൊടിച്ചത് പ്രകോപനപരമാണെന്ന് അദ്ദേഹം വാദിച്ചു. ഓരോ സനാതന ഹിന്ദുവും ഇതിനെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. മഹാനടിക്ക് ശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്സിന് വലിയ പ്രതികരണം ലഭിച്ചിരുന്നു.

ലോകപ്രശസ്തമായ സാൻ ഡിയാഗോ കോമിക് കോൺ ഇവന്റിൽ ലോഞ്ച് ചെയ്ത ആദ്യ ഇന്ത്യൻ സിനിമ കൂടിയാണ് കൽക്കി.കമൽ ഹാസൻ വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും കൽക്കിക്ക് ഉണ്ട്. അമിതാഭ് ബച്ചൻ‌, ദീപിക പദുക്കോൺ,ശോഭന, ദുൽഖർ സൽമാൻ, പശുപതി തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News