'കലയ്ക്കു മുകളിലല്ല കലാകാരൻ'; ഉലകനായകനെന്ന് ഇനി വിളിക്കരുതെന്ന് കമൽഹാസൻ
'ഏതു വ്യക്തിക്കും മീതെയാണ് സിനിമ എന്ന കല. ആ കലാരൂപത്തിന്‍റെ ഒരു വിദ്യാർഥി മാത്രമാണ് ഞാന്‍.'
ചെന്നൈ: 'ഉലകനായകൻ' ഉൾപ്പെടെയുള്ള വിളിപ്പേരുകൾ ഒഴിവാക്കണമെന്ന അഭ്യർഥനയുമായി തെന്നിന്ത്യൻ സൂപ്പർ താരം കമൽഹാസൻ. ഇനി മുതൽ കമൽഹാസൻ എന്നോ കമൽ എന്നോ വിളിച്ചാൽ മതിയെന്നും അദ്ദേഹം ആരാധകരോടും മാധ്യമങ്ങളോടും അഭ്യർഥിച്ചു. ഏതു വ്യക്തിക്കും മുകളിലാണ് സിനിമ എന്ന കലയെന്നും അതിനു മുകളിൽ ഒരാളെയും പ്രതിഷ്ഠിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ആരാധകരുടെ സ്‌നേഹപ്രകടനങ്ങൾക്കെല്ലാം നന്ദി രേഖപ്പെടുത്തിയ ശേഷം കമൽഹാസൻ ഇക്കാര്യം അറിയിച്ചത്. സ്വന്തം അപൂർണതകളെക്കുറിച്ചുള്ള ബോധവാനായും സ്വന്തം വേരുകളോടും ലക്ഷ്യങ്ങളോടും സത്യസന്ധത പുലർത്തിക്കൊണ്ടുമാണ് താൻ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം പറയുന്നു. സിനിമയെ സ്‌നേഹിക്കുന്ന ജനങ്ങളിൽ ഒരാളായിരിക്കാനാണ് ആഗ്രഹമെന്നും കമൽ പറഞ്ഞു.
'ഉലകനായകൻ ഉൾപ്പെടെയുള്ള പേരുകൾ നൽകിയുള്ള സ്‌നേഹപ്രകടനങ്ങൾക്കെല്ലാം എപ്പോഴും ആഴത്തിലുള്ള കൃതജ്ഞതയുണ്ട്. ജനങ്ങൾ നൽകുകയും സഹപ്രവർത്തകരും ആരാധകരുമെല്ലാം ഏറ്റെടുക്കുകയും ചെയ്യുന്ന ഇത്തരം അംഗീകാരങ്ങൾ എപ്പോഴും എന്നെ വിനീതനാക്കുന്നു. നിങ്ങൾ എനിക്കു തരുന്ന സ്‌നേഹത്തിൽ ആത്മാർഥമായ സന്തോഷവുമുണ്ട്.'-കമൽഹാസൻ പറഞ്ഞു.
എന്നാൽ, ഏതു വ്യക്തിയെയും അതിജയിക്കുന്നതാണ് സിനിമ എന്ന കലയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആ കലയുടെ ഒരു വിദ്യാർഥി മാത്രമാണ് താൻ. എപ്പോഴും പുതുക്കിക്കൊണ്ടിരിക്കണമെന്നും പഠനം തുടരണമെന്നും സ്വയം നവീകരിക്കണമെന്നും പ്രതീക്ഷവയ്ക്കുന്നൊരാൾ. ഏതൊരു സർഗാത്മക ആവിഷ്‌ക്കാരം പോലെത്തന്നെ സിനിമയും എല്ലാവരുടേതുമാണ്. എണ്ണമറ്റ കലാകാരന്മാരും സാങ്കേതികപ്രവർത്തകരും പ്രേക്ഷകരുമെല്ലാം ചേർന്നാണതുണ്ടാകുന്നത്. സമ്പന്നവും വൈവിധ്യപൂർണവും എപ്പോഴും പരിണാമപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന മനുഷ്യകഥകളുടെ യഥാർഥ പ്രതിബിംബമാണതെന്നും അദ്ദേഹം സൂചിപ്പിച്ചു.
'കലാകാരനെ കലയ്ക്കു മുകളിൽ പ്രതിഷ്ഠിക്കരുതെന്നാണ് എന്റെ വിനീതമായ വിശ്വാസം. സ്വന്തം അപൂർണതകളെക്കുറിച്ചും സ്വയം നവീകരിക്കാനുള്ള ബാധ്യതയെക്കുറിച്ചും നിരന്തരം ബോധവാനായി, എപ്പോഴും സമചിത്തതയോടെ തുടരാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് വലിയ ആലോചനങ്ങൾക്കു ശേഷം, ഇത്തരം സ്ഥാനപ്പേരുകളും വിശേഷണങ്ങളുമെല്ലാം ആദരപുരസ്സരം നിരസിക്കാൻ നിർബന്ധിതനായിരിക്കുകയാണ് ഞാൻ.'
ഇനിമുതൽ എന്നെ കമൽ ഹാസൻ എന്നോ കമൽ എന്നോ കെഎച്ച് എന്നോ മാത്രം വിളിച്ചാൽ മതിയെന്ന് വിനയത്തോടെ എന്റെ ആരാധകരോടും മാധ്യമങ്ങളോടും സിനിമാ മേഖലയിലെ അംഗങ്ങളോടും അഭ്യർഥിക്കുന്നു. വർഷങ്ങളായി നിങ്ങൾ തരുന്ന സ്‌നേഹവായ്പിനു നന്ദിയുണ്ട്. എന്റെ വേരുകളോടും ലക്ഷ്യങ്ങളോടും സത്യസന്ധനായിരിക്കാനും ഈ മനോഹരമായ കലാരൂപത്തെ സ്‌നേഹിക്കുന്ന നിങ്ങളിൽ ഒരാളായിരിക്കാനുമുള്ള ആഗ്രഹത്തിൽനിന്നാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നും കമാൽഹാസൻ കൂട്ടിച്ചേർത്തു.
എസ്. ശങ്കർ സംവിധാനം ചെയ്ത തമിഴ് ആക്ഷൻ ത്രില്ലർ 'ഇന്ത്യൻ 2' ആണ് കമൽഹാസൻ അവസാനമായി മുഖ്യവേഷത്തിലെത്തിയ ചിത്രം. സിദ്ധാർഥ്, രാകുൽ പ്രീത് സിങ്, എസ്.ജെ സൂര്യ എന്നിവരും പ്രധാന റോളുകളിലെത്തുന്ന ചിത്രം കഴിഞ്ഞ ജൂലൈയിലാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്. പ്രതീക്ഷിച്ച ഓളമുണ്ടാക്കാനായില്ലെങ്കിലും 151 കോടിയാണ് തിയറ്ററിൽനിന്ന് ചിത്രം സ്വന്തമാക്കിയത്. ഇതിനുമുൻപ് 'ൽകി 2898 എഡി'യിൽ സുപ്രീം യാസ്‌കിൻ ആയും കമൽഹാസൻ ആരാധകരെ ഞെട്ടിച്ചു. മണിരത്‌നത്തിന്റെ 'തഗ് ലൈഫ്', 'ഇന്ത്യൻ 3' എന്നിവയാണ് ഇനി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങൾ.
Summary: 'I respectfully decline such titles or prefixes': Kamal Haasan asks fans not to call him 'Ulaganayagan'