'ഇതുപോലുള്ള സിനിമകൾ വിജയിക്കണം': പഠാനെ പുകഴ്ത്തി കങ്കണയും അനുപം ഖേറും
പഠാൻ വലിയ ബജറ്റിൽ നിർമിച്ച വലിയ ചിത്രമാണെന്നായിരുന്നു അനുപം ഖേറിന്റെ പ്രതികരണം
മുംബൈ: ഷാരൂഖ് ഖാനും ദീപിക പദുകോണും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച പഠാനെ പുകഴ്ത്തി നടി കങ്കണ റണാവത്ത്. നടന്‍ അനുപം ഖേറാകട്ടെ വലിയ സിനിമ എന്നാണ് പഠാനെ വിശേഷിപ്പിച്ചത്.
"പഠാൻ വളരെ നന്നായി പോകുന്നു. ഇതുപോലുള്ള സിനിമകൾ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നു. ഹിന്ദി സിനിമാ വ്യവസായത്തെ തിരികെ കൊണ്ടുവരാനാണ് ഞങ്ങളാല്‍ കഴിയുന്ന വിധത്തില്‍ ശ്രമിക്കുന്നത്"- കങ്കണ പറഞ്ഞു. പഠാന്‍ വലിയ ബജറ്റിൽ നിർമിച്ച വലിയ ചിത്രമാണെന്നായിരുന്നു അനുപം ഖേറിന്റെ പ്രതികരണം.
ഷാരൂഖ് ഖാനും ദീപിക പദുക്കോണിനുമൊപ്പം ജോൺ എബ്രഹാമും മുഖ്യവേഷത്തിലെത്തിയ സിനിമയാണ് പഠാന്‍. സിദ്ധാർഥ് ആനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. യഷ് രാജ് ഫിലിംസാണ് നിർമാണം. നാല് വര്‍ഷത്തിന് ശേഷം ഷാരൂഖ് ഖാന്‍ ബിഗ് സ്ക്രീനില്‍ തിരിച്ചെത്തിയ സിനിമയാണിത്.
രണ്ട് വര്‍ഷത്തിനു ശേഷം ട്വിറ്ററില്‍ തിരികെയെത്തിയ കങ്കണ, സിനിമാ മേഖലയെ വിമര്‍ശിച്ചിരുന്നു. സിനിമാ മേഖലയിലെ പണത്തിന്‍റെ സ്വാധീനത്തെ കുറിച്ചായിരുന്നു കങ്കണയുടെ ട്വീറ്റ്- "സിനിമാ വ്യവസായം വളരെ മോശവും അസംബന്ധവുമാണ്. കലയിലൂടെയും പ്രയത്നത്തിലൂടെയും സൃഷ്ടികളിലൂടെയും വിജയം വരിക്കാൻ ആഗ്രഹിക്കുമ്പോഴെല്ലാം, കലയ്ക്ക് മറ്റൊരു ലക്ഷ്യവുമില്ലെന്ന മട്ടിൽ അവർ നിങ്ങളുടെ മുഖത്ത് മിന്നുന്ന കറൻസി എറിയുന്നു. അത് അവരുടെ താഴ്ന്ന നിലവാരത്തെയും തരംതാഴ്ന്ന ജീവിതത്തെയും തുറന്നു കാട്ടുന്നു".
എമർജൻസിയാണ് കങ്കണയുടെ ഏറ്റവും പുതിയ ചിത്രം. മണികർണികയ്ക്ക് ശേഷം കങ്കണ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കങ്കണ ഇന്ദിരാഗാന്ധിയാകുന്ന ചിത്രത്തിന് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്.